Monday, February 21, 2011

പള്ളിക്കാട്ടിലെ ചന്ദനമരം


പള്ളിക്കാട്ടിലെ ചന്ദനമരം 

  











പള്ളിക്കാട്ടിലൊരു ചന്ദനമരം

മൂത്ത് പാകമായിട്ടുണ്ട്
വെള്ള വീണ ചില കണ്ണുകൾ
മേലോട്ട് നോക്കുന്നുണ്ട്
പൊന്തക്കാട്‌ വകഞ്ഞ് മീസാന്‍ കല്ലുകൾ
എന്തിനെന്നറിയില്ല; എത്തിനോക്കിയിട്ടുണ്ട്
നാലഞ്ചു ജിന്നുകൾ
വേര് മാത്രം ബാക്കി വെച്ച്
രാത്രിയിൽ അറുത്തു കൊണ്ടു പോയിട്ടുണ്ട്
റാതീബ് കഴിഞ്ഞ് രാത്രി വൈകി
പള്ളിയിലെത്തിയ മൊല്ലാക്ക
പിച്ചും പേയും പറഞ്ഞു തുടങ്ങിയിട്ടുണ്ട്
പാതിരാത്രിയില്‍ റൂഹുകളും ജിന്നുകളും
പിറുപിറുക്കുന്നത് കണ്ടിട്ടുണ്ടത്രേ !

ആളുകൾ മതം നോക്കാതെ,
ജാതി നോക്കാതെ
പള്ളിമുറ്റത്ത്
എത്രയും വേഗം എത്തുന്നുണ്ട്
ഏതു രോഗവും മൊല്ലാക്ക കേട്ട്
മന്ത്രിച്ചും പിഞ്ഞാണമെഴുതിയും ശിഫയാക്കുന്നുണ്ട്
എന്നിട്ടും
അയലത്തെ ആസ്യാത്ത മാത്രം പ്രാന്ത് മൂത്ത്
പള്ളിക്കാട്ടിൽ കറങ്ങി നടക്കുന്നുണ്ട് !
ആസ്യാത്താടെ മേല് മൂത്ത ജിന്നാന്ന്
മൊല്ലാക്ക രഹസ്യം പറഞ്ഞിട്ടുണ്ട്.
ആ ജിന്നിന്റെ കുട്ടിയെ
ആസ്യാത്ത പെറ്റതും
കുട്ടീനെ ജിന്ന് എങ്ങോട്ടോ കൊണ്ടോയതും
നിങ്ങളോട് ഞാമ്പറഞ്ഞെങ്കിലും
ഇഞ്ഞ്യാരോടും പറയണ്ടാട്ടോ…!!!

***************************

Saturday, February 5, 2011

ചതുരം


ചതുരം












ചതുരത്തിലേയ്ക്ക്
സൂക്ഷിച്ചുനോക്കൂ
ഓരോ ജീവിതവും
ഓരോ ചതുരങ്ങളാണ്
നാലതിർത്തികൾക്കുള്ളിൽ
നാല് മൂലകൾക്കിടയിൽ

അറുപത്തിനാലു ചതുരങ്ങളുണ്ട്
ഒരു വലിയ ചതുരത്തിനുള്ളിൽ
മുന്നോട്ടും പിന്നോട്ടും
ഇടത്തോട്ടും വലത്തോട്ടും
ചാടിയും ചെരിഞ്ഞും
പടവെട്ടി
കറുത്തവനോ ?
വെളുത്തവനോ ?

തോറ്റവന്റെ
പണയം
പ്രേയസിയുടെ
ഉടുതുണിയിൽ
അവസാനിച്ചതോർമ്മയുണ്ട്.

കാമറക്കണ്ണിൽ
ഒന്നുമുതൽ മുപ്പത്തിയാറുവരെ
ഓരോ ഫ്രെയിമുകളും
പച്ചയായ
ചിത്രീകരണങ്ങളാണ്.

റോഡുവക്കിലെ
‘ഹോർഡിങ്ങുകൾ’
വെളുക്കെ ചിരിക്കുന്നത്
പയ്യെപ്പയ്യെ
കീഴ്പെടുത്തിയതോർത്തിട്ടാണ്.

ചതുരക്കട്ടയിലെ
ചില അമർത്തലുകൾ
എളുപ്പമേറിയ
സംസാരങ്ങളാണ്
ചില കുറിക്കലുകൾ
വിലയേറിയ
വിവർത്തനങ്ങളുമാണ്

ചിരിക്കുന്ന
കണ്ണീർപൂവുകളാണ്
ചതുരപ്പെട്ടികൾ

കലണ്ടറിലെ
ഓരോ കളങ്ങളും
അവസാനിക്കുന്നത്
പുതിയ
തുടക്കങ്ങളിലാണ്

ഒടുക്കം
എല്ലായ്പ്പോഴും
അല്പം നീളത്തിൽ
ആറടിയോളം താഴ്ചയിൽ
മൺതരികൾക്കുള്ളിലാണ്.

***********************************

 2014 ലെ ഖത്തർ കേരളീയം പുരസ്കാരം കരസ്ഥമാക്കിയത്.