Thursday, August 29, 2013

മുറിവ്






































വർത്തമാനം മാഗസിൻ ജൂലൈ - 2013

Saturday, July 13, 2013

കാരക്കയുടെ ചംക്രമണം
















മാനത്ത് തെളിയുന്നുണ്ട്
മൃദുവായൊരു കാരക്കക്കീറ്
ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ
ഓരോദിനവുമത് വലുതാകും
മുപ്പതോളം ദിനങ്ങൾ
നമ്മെ ചുറ്റിപ്പൊതിയും
അടയിരിക്കപ്പെടുന്ന
കിളിമുട്ടയെ അതോർമ്മിപ്പിക്കും.

പോഷകങ്ങൾ
ജീവകങ്ങൾ
ഫൈബറുകൾ
കാർബോഹൈഡ്രേറ്റ്സ്
ഒന്നിന് എഴുപതിനായിരമെന്ന്
കോരിത്തരിച്ച്
വിചാരങ്ങൾ
വികാരങ്ങൾ
വിഹ്വലതകൾ
വിദ്വേഷങ്ങൾ
ചങ്ങലയിൽ ബന്ധിക്കപ്പെടും.

അനുഗ്രഹം
പശ്ചാത്താപം
പാപമോചനം
ലൈലത്തുൽ ഖദ്ർ*
ആത്മവിശുദ്ധി
എന്നിങ്ങനെ
ഓരോ കാരക്കയും
ലുലു
ഖലാസ്
ബർഹി
'അജ്
ഖനേജി
ഷുക്കരി
ഷാഹുനി
സഫാവി
.............., എന്ന്
ഓരോ മുഖങ്ങളാകും.
അളവു തൂക്കത്തിന്റെ
മധുരിമയിൽ
അവ റയ്യാൻ* കവാടവും കടന്ന്
വിജയം കാണും.

പിന്നെയൊരുനാൾ
തക്ബീർ ധ്വനികൾ കേട്ട്
അടവിരിഞ്ഞ് വരുന്ന
കിളിക്കുഞ്ഞ് പോൽ
ത്തപ്പഴക്കുരു
ചിറകുവിടർത്തും.

*ശവ്വാലിൻ നനവിലത്
മുളച്ചു പൊന്തും
വളർന്ന് വലുതാകും
വിളയും
ചുടുകാറ്റേൽക്കും
ചൂടേറ്റ് പഴുക്കും.

ദാഹം...
വിശപ്പ്....
പ്രാർഥന....
ആർത്തിയോടെ
ആഹ്ലാദത്തോടെ
ആമോദത്തോടെ
വാരിപ്പുണരും.

ഉരുണ്ടുരുണ്ട്
കാറ്റും കാറും
ചൂടും തണുപ്പും
ഇരുളും വെളിച്ചവും
ഓർമ്മകളിൽ ഓടിയണയും
പിന്നെ
ഓളങ്ങൾ അകന്നു മാറി
സുജൂദിന്റെ ഉറവയിലേക്ക്
എത്തിനോക്കും

ആവർത്തനത്തിന്റെ വിരസതയില്ലാതെ
വീണ്ടും വീണ്ടും
മാനത്ത് തളിർത്തുകൊണ്ടിരിക്കും
നന്മയുടെ
സ്നേഹത്തിന്റെ
സഹനത്തിന്റെ
സമാധാനത്തിന്റെ
കാരക്കക്കീറുകൾ...!

************************
* റയ്യാൻ: നോമ്പുകാർക്കുള്ള സ്വർഗ്ഗവാതിൽ
* ലൈലത്തുൽ ഖദ്ർ : ആയിരം മാസത്തേക്കാൾ പുണ്യമുള്ള രാത്രി
* ശവ്വാൽ : റമദാനിനുശേഷമുള്ള ഹിജ്റ മാസം
* തക്ബീർ : പെരുന്നാളിനു ചൊല്ലുന്ന ദൈവ കീർത്തനം
* കാരക്ക: ഉണങ്ങിയ ഈത്തപ്പഴം.


****** തേജസ് റംസാൻ സപ്ളിമെന്റിൽ (2013) പ്രസിദ്ധീകരിച്ചത്.

Tuesday, July 9, 2013

അതിവേഗം “സരിതാര്യത”















എത്ര എളുപ്പത്തിലാണ് ‘സുതാര്യത’

വെറും “സരിതാര്യത”യായി രൂപമാറ്റം പ്രാപിച്ചത്?

അതിവേഗം ബഹുദൂരമെന്ന്

എത്ര സുതാര്യമായാണത് ഓർമ്മപ്പെടുത്തുന്നത് !



എത്ര എളുപ്പത്തിലാണ് മിച്ചംവെച്ച വൈദ്യുതിയെ

നഷ്ടം വരുത്തുന്ന വൈദ്യുതിയെന്ന്

വരുത്തിത്തീർത്തത്?

അതിവേഗം ബഹുദൂരമെന്ന്

എത്ര സുതാര്യമായാണത് ഓർമ്മപ്പെടുത്തുന്നത് !



എത്ര എളുപ്പത്തിലാണ് സൂര്യനെ സ്നേഹിക്കുന്നവർ

വേഷങ്ങളാടി വിരുന്ന് വന്നത്?

അതിവേഗം ബഹുദൂരമെന്ന്

എത്ര സുതാര്യമായാണത് ഓർമ്മപ്പെടുത്തുന്നത് !




എത്ര എളുപ്പത്തിലാണ് ...........!!!!




*********************
NB: ഫോട്ടോയ്ക്ക് മാധ്യമത്തിനോട് കടപ്പാട്.

Sunday, June 23, 2013

അമ്മ

അമ്മ




ആശുപത്രിയിൽ മോൻ കിടക്കുന്ന മുറിയിലേക്ക് ഒരു മാലാഖയെപ്പോലെ അവർ കടന്നുവന്നു. നാല്പതിനും അമ്പതിനുമിടയിൽ പ്രായം. ആകർഷകമായിരുന്നു അവരുടെ മുഖവും പുഞ്ചിരിയും. അവരെ കണ്ടതും മോൻ മോണകാട്ടി ചിരിച്ചു. അവന് എന്തെന്നില്ലാത്ത സന്തോഷം. അവർ അവനെ കൊഞ്ചിച്ചും തലോടിയും വിശേഷങ്ങൾ ചോദിച്ചു. അവൻ മൂളിയും മുരണ്ടും അവർക്ക് താളം പിടിച്ചു.

ഇടക്ക് ഞാൻ ചോദിച്ചു. “സിസ്റ്റർ നാട്ടിലെവിടെയാണ്..?

“കോഴിക്കോട്” അവർ പറഞ്ഞു.



കോഴിക്കോടിനെക്കുറിച്ച് പറഞ്ഞറിഞ്ഞ സഹജീവി സ്നേഹവും സഹൃദയത്വവും മുഴുവനായും അവർ മുഖത്ത് അണിഞ്ഞിരുന്നു.



ഏഴ് മാസംകൊണ്ട് പറയാൻ പഠിച്ച അക്ഷരങ്ങൾ മോൻ അവരെ നോക്കി ഉരുവിട്ടു.

“ ഗ്….ഖ് ..… താത്ത, താ….തത്ത, താത്ത…..”

അത് കേട്ടതും അവർ പൊട്ടിച്ചിരിച്ചു. അപ്പോൾ ഏതോ ഒരു നിലാവ് മുറിയിൽ പ്രകാശം പരത്തി. പിന്നെ പതുക്കെ അവന്റെ കാതിൽ പറഞ്ഞു.

“താത്തയോ ?…….അല്ല മോനേ……. അമ്മ…. അമ്മയാണ്…”

ഏതാനും നിമിഷങ്ങൾ അവരുടെ കണ്ണുകൾ ആർദ്രമായത് ഞാനറിഞ്ഞു.

പിന്നെ ഒന്നും പറയാതെ ധൃതിയിൽ അവർ പുറത്തേക്ക് പോയി.



അവരുടെ കണ്ണുകളിൽ കണ്ട നനവ് എന്തായിരിയ്ക്കും?

മനമുരുകി കേണിട്ടും കനിഞ്ഞു കിട്ടാത്ത പ്രതീക്ഷവറ്റാത്ത പ്രാർത്ഥനയോർത്തോ…?

കടലോളം സ്നേഹം ഉള്ളിൽ തുളുമ്പുന്ന കടലിനപ്പുറമുള്ള മകനെയോർത്തോ?

അറിയില്ല, പക്ഷേ…...

അവർ ഒരമ്മയാണ്…..!

അമ്മ.

Thursday, June 20, 2013

സതേൺ എക്സ്പ്രസ്

















തെക്കോട്ട് വണ്ടി കിട്ടാൻ
വളരെ എളുപ്പമാണ്.
ഇപ്പോൾ പഴയതുപോലല്ല,
ഇഷ്ടംപോലെ വണ്ടികൾ തെക്കോട്ടോടുന്നു ;
അതിരുകളില്ലാത്ത ആകാശത്തിലേക്കെന്നപോലെ
തെക്കോട്ട് ക്വട്ടേഷനെടുത്ത
സതേൺ എക്സ്പ്രസ്സുകൾ !!


യാത്രക്കാര്‍ മയക്കത്തിലാണ്.
ഏതെല്ലാമോ സ്റ്റേഷനുകളില്നികന്ന്
യാത്രപുറപ്പെട്ടവര്‍.
ക്ഷീണംപേറിയ മിഴികള്‍ ചിമ്മി
പുതച്ച്
തെക്കേത് വടക്കേത് …………… ?
ദിക്കേതെന്നറിയാത്തിടത്തേക്ക് തലയുംവെച്ച്
നീണ്ടുനിവര്ന്ന കിടപ്പ്.


പച്ച……..
ചുവപ്പ്……
കൊടികളുടെ നിറങ്ങൾകൊണ്ട്
വണ്ടിയെ വരുതിയിലാക്കാമെന്ന്
വ്യാമോഹിച്ച ഗാര്ഡുംക,
ചാർട്ടിലെ ചതുരക്കള്ളികളിൽ
ടിക്കറ്റെടുക്കാത്തവരുടെ
പോക്കറ്റ് തിരയുന്ന പരിശോധകരും
മയക്കത്തിലേക്ക് വഴുതി വീഴും.


ഒരു വാൾമൂർച്ചയിലൂടെ, അല്ലെങ്കിൽ
ഒരു രതിമൂർച്ചയുടെ സീൽക്കാരത്തിനൊടുവിൽ,
പാളത്തിൽ ഒരു വിടവിൽ വഴിമറന്ന്,
ഇനി അതുമല്ലെങ്കില്‍
ഒരു പൊട്ടിത്തെറിയുടെ ഒച്ചയിലലിഞ്ഞ്,
ഒരു ചുട്ടെരിക്കലിന്റെ വെളിച്ചത്തിലൊളിച്ച്,
ഇപ്പോള്‍, ഈ യാത്രയും തെക്കോട്ടായിരിക്കില്ലെന്ന്
ആർക്കാണ് ഉറപ്പിച്ച് പറയാൻ കഴിയുക ?

തെക്കോട്ട് ക്വട്ടേഷനെടുത്ത
സതേൺ എക്സ്പ്രസ്സിൽ !!

***************************

പ്രവാസി വർത്തമാനം 20-06-2013


Sunday, June 16, 2013

ഉപ്പുമാവ്




















റെ നാളുകൾക്ക് ശേഷം ഞാനിന്ന്

ഉപ്പുമാവ് ഉണ്ടാക്കി.



വിളമ്പിവെച്ചപ്പോൾ

ശരിക്കും ഉപ്പുമാവ് തന്നെ.!

കടുക് മണികൾ വിരിഞ്ഞ്

വറുത്ത വേപ്പില വിയർത്ത്

പച്ചമുളക് പകുത്ത്

വേവ് നനച്ച റവയിൽ കുതിർന്ന്

കണാൻ നല്ല് മൊഞ്ച്.



കഴിച്ചു നോക്കിയപ്പോളാണ്

മനസ്സിലായത്

ഉപ്പ് ചേർത്തിട്ടില്ലെന്ന് !



ഉപ്പില്ലാത്തതിനാലാവണം

എന്റെ ‘പ്രഷർ’ കൂടിയില്ല.



ഭാര്യ ഉണ്ടാക്കിത്തരുന്നതൊക്കെ

രുചികരമായിരുന്നു.

പക്ഷേ….., അവൾ ഉപ്പ് ചേർക്കാറുണ്ട്.

അതുകൊണ്ടായിരിക്കും

അവളോട് മാത്രം

ഞാൻ ചൂടാവാറുള്ളത്. !!

*********************************

Wednesday, April 3, 2013

കരുതിവെക്കാനെന്തുണ്ട് ?


പൂക്കുന്നതും കായ്ക്കുന്നതും രണ്ടാം വിളയാണ്.

ഒന്നാം വിള ആരോ കരുതിവെച്ചിരുന്നു.

കാഴ്ചവസ്തുവായിപ്പോലും ബാക്കിവെക്കാതെ

ധൃതിയില്‍ മറികടന്ന്

എന്തിലേക്കോ നാം ഓടിപ്പോകുന്നു.



ഗര്ഭിണി ആയിരിക്കുമ്പോളമ്മ

കുടിച്ചിരുന്ന വെള്ളം പോലും

കരുതലോടെയായിരുന്നൂ.

അച്ചൻ അരമുറുക്കിയുടുത്ത്

നട്ടുവളർത്തിയ പൂക്കളൊക്കെ

പുഴുക്കൾ നിറഞ്ഞതെങ്ങിനെ ? !!



നന്മയുടെ കാഴ്ചകൾ

കുരുതികൊടുത്ത്

തലമുറയുടെ ഏത് വ്യതിയാനമാണിന്ന്

പൂക്കുന്നതും കായ്ക്കുന്നതും?

പുതുമഴയിൽ ഏത് പുഴയാണിന്ന്

നിറഞ്ഞൊഴുകുന്നത്?



നാളെ

കുരുന്നുകൾ കരയുന്നുണ്ടാകും.

ഒച്ച അലോസരപ്പെടുത്താതിരിക്കാൻ

കാതുകളിൽ അടപ്പിട്ട്

നാം മണ്ണോടൊട്ടിക്കിടക്കും.!

നദികളും പച്ചപ്പും കൈവിട്ട മണ്ണ്

നമ്മോട് ചോദിക്കും

എന്തിലേക്കാണിത്ര ധൃതിയില്‍

നീയോടിയതെന്ന് !



കരുതിവെക്കുന്നത്

തലമുറകൾക്ക് മാത്രമല്ല

നമുക്കുവേണ്ടിയും കൂടിയാണ്.

ഒന്നാം വിളയുടെ

പുനരുദ്ധാനത്തിന് !!



************************

ഫോക്കസ് ഖത്തർ പ്രസിദ്ധീകരിച്ച "മനുഷ്യരെ തേടുന്നവർ" സോവനീറിൽ.