Sunday, June 23, 2013

അമ്മ

അമ്മ




ആശുപത്രിയിൽ മോൻ കിടക്കുന്ന മുറിയിലേക്ക് ഒരു മാലാഖയെപ്പോലെ അവർ കടന്നുവന്നു. നാല്പതിനും അമ്പതിനുമിടയിൽ പ്രായം. ആകർഷകമായിരുന്നു അവരുടെ മുഖവും പുഞ്ചിരിയും. അവരെ കണ്ടതും മോൻ മോണകാട്ടി ചിരിച്ചു. അവന് എന്തെന്നില്ലാത്ത സന്തോഷം. അവർ അവനെ കൊഞ്ചിച്ചും തലോടിയും വിശേഷങ്ങൾ ചോദിച്ചു. അവൻ മൂളിയും മുരണ്ടും അവർക്ക് താളം പിടിച്ചു.

ഇടക്ക് ഞാൻ ചോദിച്ചു. “സിസ്റ്റർ നാട്ടിലെവിടെയാണ്..?

“കോഴിക്കോട്” അവർ പറഞ്ഞു.



കോഴിക്കോടിനെക്കുറിച്ച് പറഞ്ഞറിഞ്ഞ സഹജീവി സ്നേഹവും സഹൃദയത്വവും മുഴുവനായും അവർ മുഖത്ത് അണിഞ്ഞിരുന്നു.



ഏഴ് മാസംകൊണ്ട് പറയാൻ പഠിച്ച അക്ഷരങ്ങൾ മോൻ അവരെ നോക്കി ഉരുവിട്ടു.

“ ഗ്….ഖ് ..… താത്ത, താ….തത്ത, താത്ത…..”

അത് കേട്ടതും അവർ പൊട്ടിച്ചിരിച്ചു. അപ്പോൾ ഏതോ ഒരു നിലാവ് മുറിയിൽ പ്രകാശം പരത്തി. പിന്നെ പതുക്കെ അവന്റെ കാതിൽ പറഞ്ഞു.

“താത്തയോ ?…….അല്ല മോനേ……. അമ്മ…. അമ്മയാണ്…”

ഏതാനും നിമിഷങ്ങൾ അവരുടെ കണ്ണുകൾ ആർദ്രമായത് ഞാനറിഞ്ഞു.

പിന്നെ ഒന്നും പറയാതെ ധൃതിയിൽ അവർ പുറത്തേക്ക് പോയി.



അവരുടെ കണ്ണുകളിൽ കണ്ട നനവ് എന്തായിരിയ്ക്കും?

മനമുരുകി കേണിട്ടും കനിഞ്ഞു കിട്ടാത്ത പ്രതീക്ഷവറ്റാത്ത പ്രാർത്ഥനയോർത്തോ…?

കടലോളം സ്നേഹം ഉള്ളിൽ തുളുമ്പുന്ന കടലിനപ്പുറമുള്ള മകനെയോർത്തോ?

അറിയില്ല, പക്ഷേ…...

അവർ ഒരമ്മയാണ്…..!

അമ്മ.

Thursday, June 20, 2013

സതേൺ എക്സ്പ്രസ്

















തെക്കോട്ട് വണ്ടി കിട്ടാൻ
വളരെ എളുപ്പമാണ്.
ഇപ്പോൾ പഴയതുപോലല്ല,
ഇഷ്ടംപോലെ വണ്ടികൾ തെക്കോട്ടോടുന്നു ;
അതിരുകളില്ലാത്ത ആകാശത്തിലേക്കെന്നപോലെ
തെക്കോട്ട് ക്വട്ടേഷനെടുത്ത
സതേൺ എക്സ്പ്രസ്സുകൾ !!


യാത്രക്കാര്‍ മയക്കത്തിലാണ്.
ഏതെല്ലാമോ സ്റ്റേഷനുകളില്നികന്ന്
യാത്രപുറപ്പെട്ടവര്‍.
ക്ഷീണംപേറിയ മിഴികള്‍ ചിമ്മി
പുതച്ച്
തെക്കേത് വടക്കേത് …………… ?
ദിക്കേതെന്നറിയാത്തിടത്തേക്ക് തലയുംവെച്ച്
നീണ്ടുനിവര്ന്ന കിടപ്പ്.


പച്ച……..
ചുവപ്പ്……
കൊടികളുടെ നിറങ്ങൾകൊണ്ട്
വണ്ടിയെ വരുതിയിലാക്കാമെന്ന്
വ്യാമോഹിച്ച ഗാര്ഡുംക,
ചാർട്ടിലെ ചതുരക്കള്ളികളിൽ
ടിക്കറ്റെടുക്കാത്തവരുടെ
പോക്കറ്റ് തിരയുന്ന പരിശോധകരും
മയക്കത്തിലേക്ക് വഴുതി വീഴും.


ഒരു വാൾമൂർച്ചയിലൂടെ, അല്ലെങ്കിൽ
ഒരു രതിമൂർച്ചയുടെ സീൽക്കാരത്തിനൊടുവിൽ,
പാളത്തിൽ ഒരു വിടവിൽ വഴിമറന്ന്,
ഇനി അതുമല്ലെങ്കില്‍
ഒരു പൊട്ടിത്തെറിയുടെ ഒച്ചയിലലിഞ്ഞ്,
ഒരു ചുട്ടെരിക്കലിന്റെ വെളിച്ചത്തിലൊളിച്ച്,
ഇപ്പോള്‍, ഈ യാത്രയും തെക്കോട്ടായിരിക്കില്ലെന്ന്
ആർക്കാണ് ഉറപ്പിച്ച് പറയാൻ കഴിയുക ?

തെക്കോട്ട് ക്വട്ടേഷനെടുത്ത
സതേൺ എക്സ്പ്രസ്സിൽ !!

***************************

പ്രവാസി വർത്തമാനം 20-06-2013


Sunday, June 16, 2013

ഉപ്പുമാവ്




















റെ നാളുകൾക്ക് ശേഷം ഞാനിന്ന്

ഉപ്പുമാവ് ഉണ്ടാക്കി.



വിളമ്പിവെച്ചപ്പോൾ

ശരിക്കും ഉപ്പുമാവ് തന്നെ.!

കടുക് മണികൾ വിരിഞ്ഞ്

വറുത്ത വേപ്പില വിയർത്ത്

പച്ചമുളക് പകുത്ത്

വേവ് നനച്ച റവയിൽ കുതിർന്ന്

കണാൻ നല്ല് മൊഞ്ച്.



കഴിച്ചു നോക്കിയപ്പോളാണ്

മനസ്സിലായത്

ഉപ്പ് ചേർത്തിട്ടില്ലെന്ന് !



ഉപ്പില്ലാത്തതിനാലാവണം

എന്റെ ‘പ്രഷർ’ കൂടിയില്ല.



ഭാര്യ ഉണ്ടാക്കിത്തരുന്നതൊക്കെ

രുചികരമായിരുന്നു.

പക്ഷേ….., അവൾ ഉപ്പ് ചേർക്കാറുണ്ട്.

അതുകൊണ്ടായിരിക്കും

അവളോട് മാത്രം

ഞാൻ ചൂടാവാറുള്ളത്. !!

*********************************