Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Monday, April 23, 2018

കാക്കകൾ കരയുന്നത്

കാക്കകൾ കരയുന്നത്


രാത്രിക്ക് കനം കൂടിയതും ദിവാകരൻ പതുക്കെ പുറത്ത്കടന്ന് കതകടച്ചു. മുന്നിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ഇരുട്ടിന്റെ കാഠിന്യം ഓർമ്മിപ്പിച്ച് ക്ളോക്ക് പിന്നിൽ സംഗീതം മുഴക്കി. നിലാവ് പൊഴിക്കുന്ന ചന്ദ്രനെ ഇരുണ്ട മേഘങ്ങൾ മറച്ചു. കണ്ണുകളടച്ച ചെടികൾക്കരികിലൂടെ ദിവാകരൻ നടന്നു. നീണ്ടുകിടക്കുന്ന ടാറിട്ട റോഡിൽ നിന്നും വലതു ഭാഗത്തുകൂടി പോകുന്ന ചെറിയ ഇടവഴിയിലൂടെ നടന്നിട്ടുവേണമായിരുന്നു അയാൾക്ക് ലക്ഷ്യസ്ഥാനത്തെത്താൻ.

ദിവാകരൻ അങ്ങനെ അറിയപ്പെടുന്ന ഒരു കള്ളനൊന്നുമല്ല. മോഷണം അയാൾ ഒരു തൊഴിലാക്കിയിട്ടുമില്ല. ചെറുപ്പത്തിൽ കണ്ണിൽ പെടുന്ന മോഹം തോന്നുന്നതെന്തും എടുത്തു കൊണ്ടുപോകുകയെന്നത് അയാളുടെ ഒരു ശീലമായിരുന്നു. ചെയ്യുന്നത് തെറ്റാണെന്ന പൂർണ്ണ ബോധ്യമുണ്ടായിട്ടു തന്നെയാണ് ദിവാകരൻ ചെറുപ്പത്തിലും ഇടക്കിടെ മോഷ്ടിച്ചിരുന്നത്. എത്ര ശ്രമിച്ചാലും നിയന്ത്രിക്കാൻ കഴിയാത്ത വിധം ഒരു ആസക്തിയായി ആ ശീലം വളർന്നു. മോഷണത്തിന്റെ രീതികൾ മാറി മാറി വന്നു. ചെയ്യുന്നു തെറ്റോർത്ത് പലപ്പോളും അയാൾ സ്വന്തം കൈ കടിച്ചു മുറിക്കുകയും മുട്ടിക്കുളങ്ങര ക്ഷേത്രത്തിൽ പോയി തേങ്ങയുടച്ച് പ്രാർത്ഥിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. എന്തൊക്കെ പരിഹാരങ്ങൾ ചെയ്തിട്ടും ദിവാകരന്റെ ശീലത്തിൽ ലവലേശം കുറവുണ്ടായില്ല.

ഇപ്പോൾ ദിവാകരൻ പഴയതുപോലൊന്നുമല്ല. ജീവിക്കാൻ ഒരു സർക്കാർ ഉദ്യോഗമുണ്ട്. ഭാര്യയേയും കുട്ടികളേയും പോറ്റാൻ അതുതന്നെ ധാരാളമാണുതാനും. പക്ഷേ, സമൂഹത്തിലെ സ്ഥിരം മാനസികാവസ്ഥകളുമായി മുഖാമുഖം സന്ധിക്കേണ്ടി വരുമ്പോൾ അറിയാതെ തെറ്റിലേക്ക് വലിച്ചിഴക്കപ്പെടുന്നു. സ്വയം നിയന്ത്രിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നു!

ദിവാകരന്റെ അന്നത്തെ യാത്രയുടെ ഉദ്ദേശവും മറ്റൊന്നായിരുന്നില്ല. ഒരു വൈകുന്നേരത്ത് നഗരത്തിലെ ഒരു ശീതീകരിച്ച കൂൾബാറിൽ നിന്ന് തണുത്ത ആപ്പിൾ ജ്യൂസ് കുടിച്ചു കൊണ്ടിരിക്കുമ്പോളാണ് ‘അയാളും’ കൂടെ കണ്ണട വെച്ച മറ്റൊരാളും അങ്ങോട്ട് കടന്നു വന്നത്. ഒറ്റ നോട്ടത്തിൽ തന്നെ ആരും ശ്രദ്ധിക്കുന്ന മുഖമായിരുന്നു അയാളുടേത്. വെളുത്ത് ഒത്തവണ്ണമുള്ള സുമുഖൻ. ക്ളീൻ ഷേവ് ചെയ്ത മുഖം. വശത്തേക്ക് കോതിയിട്ട മുടി. തൊട്ടടുത്ത മേശക്കരികിൽ ഇരുന്ന അവരുടെ സംഭാഷണം ദിവാകരൻ ശ്രദ്ധിക്കുന്നതും യാദൃശ്ചികമായിട്ടായിരുന്നു.

“അവൾക്കെന്നും പരാതിയാണ്. എനിക്കും മടുത്തു. വർഷം കുറേയായില്ലേ ഈ കിടപ്പ്…! വിവാഹം കഴിഞ്ഞ് ശരിക്കൊന്ന് ആസ്വദിച്ചതുപോലുമില്ല. ദൈവം തമ്പുരാനാണേൽ മേല്പോട്ടുമില്ല കീഴ്പോട്ടുമില്ല എന്ന തരത്തിലാണെന്നാ തോന്നുന്നേ. ഇതിനു മുൻപ് രണ്ട് തവണയാ പോകാനുള്ള ചാൻസ് കളഞ്ഞു കുളിച്ചത്. എന്തായാലും ഇത്തവണ ഒഴിവാക്കാൻ പറ്റില്ല. അവളെ കൂട്ടാതെ പോകാൻ വിടത്തുമില്ല…! ഭക്ഷണവും മറ്റും രാവിലെ വന്ന് വേലക്കാരിപ്പെണ്ണ് ഉണ്ടാക്കിക്കൊടുത്തോളും. രാത്രിയിലാണ് ഒരു പേടി. അതിപ്പൊ … ഒറ്റ രാത്രിയല്ലേ പ്രശ്നമുള്ളൂ. ഒന്നുമുണ്ടാവില്ലെന്നങ്ങ് കരുതാം”

“സ്ഥിരമായ ഒരു സംവിധാനമെന്ന നിലക്ക് സ്നേഹ ഭവനത്തിൽ കൊണ്ടുചെന്നാക്കാൻ എത്ര കാലമായി നിന്നോട് ഞാൻ പറയുന്നു. അവിടെയാവുമ്പൊ നമ്മുടെ ടെൻഷനും കാര്യവും സ്വസ്ഥം.”

“ആലോചിക്കായ്കയല്ല; പക്ഷേ, ഞാൻ നാട്ടിൽ തന്നെയുള്ളപ്പോൾ…”
“അതൊന്നും അത്ര കാര്യമാക്കാനില്ല. പ്രത്യേകിച്ചും ഇന്നത്തെ കാലത്ത്…! സമയമില്ലാത്തതിനാലല്ലേ അവർ നമ്മെ ബോർഡിംഗിലാക്കി പഠിപ്പിച്ചതും വളർത്തിയതും. അതുപോലെ നമ്മൾ തിരിച്ചും ചെയ്യുന്നുവെന്നേയുള്ളൂ..”

“പക്ഷേ, നാട്ടുകാർക്ക് പറയാൻ പിന്നെ അതുമതി”

അവരുടെ പുകയുന്ന സംഭാഷണങ്ങൾക്കിടയിലൂടെ ദിവാകരൻ തന്റെ കയ്യിലെ തണുത്ത ജ്യൂസ് നീണ്ട് കനം കുറഞ്ഞ കുഴലിലൂടെ വലിച്ചു കുടിച്ചു കൊണ്ടിരുന്നു. അതിനിടയിൽ രസമുകുളങ്ങളിൽ പ്രതിധ്വനിച്ച രൂക്ഷമായ ആ ആലസ്യത്തിൽ നിന്നുമാണ് അയാൾ ഈ യാത്രയിലേക്ക് എടുത്തെറിയപ്പെട്ടത്. വിശാലമായി കരയുന്ന നിശാ ജീവികളുടെ ശബ്ദവീചികൾക്ക് താളം പകർന്ന് ദിവാകരൻ നടന്നു. മേഘച്ചുരുളുകൾക്കിടയിലൂടെ ചന്ദ്രൻ അയാളെ എത്തിനോക്കാൻ ശ്രമിച്ചു. ഓർമ്മകളുടെ നനുത്ത പ്രതലത്തിലൂടെ ദിവാകരൻ സഞ്ചരിച്ചു. കഷായവും തൈലവും മണക്കുന്ന മെലിഞ്ഞ കൈകൾ കൊണ്ട് അമ്മ അയാളുടെ മുടിയിഴകളിലൂടെ കൈ വിരലുകളോടിക്കുന്നത് അയാളറിഞ്ഞു. മുറിഞ്ഞു പോകാൻ ഇഷ്ടമില്ലാത്ത ഗന്ധവും പേറി ജീവിതത്തിലെ കയ്പുനിറഞ്ഞ അനുഭവങ്ങങ്ങളുടെ കഥകൾ കേട്ട് അയാൾ നടന്നു.

തന്റെ പതിവു ശൈലിയിൽ നിന്നും ഒട്ടും വ്യതിചലിക്കാതെത്തന്നെയാണ് ദിവാകരൻ ആ വീടിന്റെ മുകളിലത്തെ നിലയിലൂടെ അകത്തേക്ക് കടന്നത്. ഇടതുഭാഗത്തെ ഗോവണിവഴി ശബ്ദമുണ്ടാക്കാതെ താഴെ എത്തിയപ്പോൾ മേശമേൽ മൂടിവെച്ച എന്തൊക്കെയോ സീറോ ബൾബിന്റെ അരണ്ട വെളിച്ചത്തിലും കാണാമായിരുന്നു. മേശയുടെ എതിർഭാഗത്ത് പൂർണ്ണമായടയാത്ത വാതിലിലൂടെ ഇടവിട്ടുയർന്ന മുരൾച്ച അയാൾ കേട്ടു. സൂക്ഷിച്ച് പതുക്കെ വാതിൽ തുറന്ന് നോക്കിയപ്പോൾ കട്ടിലിൽ ഒരു വൃദ്ധ അവശയായി ഞരങ്ങുന്നുണ്ടായിരുന്നു. അവരുടെ കണ്ണുകൾ ആർദ്രമായി ദിവാകരനെ നോക്കി. അവയിൽ നിന്നും കണ്ണിനീരൂർന്നിറങ്ങിയ പാട് ആ അരണ്ട വെളിച്ചത്തിലും അയാൾ കണ്ടു. തന്റെ തഴമ്പിച്ച കൈകൾ കൊണ്ട് ദിവാകരൻ ആ വൃദ്ധയുടെ നെറ്റിയിൽ പതുക്കെ തടവി. പനിച്ചു വിറക്കുന്ന ശരീരം തന്റെ നെഞ്ചിലേക്ക് ചാരിയിരുത്തി. പാത്രത്തിൽ മൂടിവെച്ചിരുന്ന കഞ്ഞി അവരുടെ വായിലേക്ക് പതുക്കെ പകർന്നു. അത് അല്പാല്പമായി ഇറക്കിക്കൊണ്ടിരിക്കെ അവരുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായൊഴുകി. തൊട്ടടുത്ത് മേശപ്പുറത്ത് കണ്ട മരുന്ന് പാത്രത്തിൽ നിന്നും ആവശ്യമായവ കൊടുത്ത് അവരെ അയാൾ സാന്ത്വനിപ്പിച്ച് കിടത്തി. കണ്ണുനീർ വറ്റി ആർദ്രമായ നോട്ടത്തോടെ അവർ കണ്ണുകളടച്ചു.

തന്റെ അനൗദ്യോഗിക കൃത്യനിർവ്വഹണത്തിലെ പരതലുകൾക്ക് ശേഷം അയാൾ അവിടെ നിന്നും മടങ്ങി. പുറത്ത് കണ്ണുകൾ തുറന്ന് ചെടികളും വൃക്ഷങ്ങളും ദിവാകരനെ നോക്കി പുഞ്ചിരിച്ചു. തെളിഞ്ഞ ആകാശത്തിൽ നിന്നും നിലാവ് ഭൂമിയിലേക്കിറങ്ങി വന്ന് അയാളെ വാരിപ്പുണർന്നു. അപ്പോൾ രാത്രിയുടെ മൂന്നാം യാമവും പിന്നിട്ട് കഴിഞ്ഞിരുന്നു.

പതിവുപോലെ പിറ്റേ ദിവസങ്ങളിലും ദിവാകരൻ തന്റെ ഓഫീസിൽ ജോലിക്ക് പോയി. അസ്വാഭാവികതകളുടെ പരിണാമങ്ങളുമായി ഒട്ടും തന്നെ സമ്പർക്കം പുലർത്താൻ അയാൾ  തയ്യാറല്ലായിരുന്നു. മൂന്നാം ദിവസം പത്രത്തിൽ കണ്ട രണ്ടരക്കോളം വാർത്ത വായിച്ച അന്നു മാത്രം അയാൾ ജോലിക്ക് പോയില്ല. അന്ന് മുഴുക്കെ മുറ്റത്തെ മാവിൻ കൊമ്പിലിരുന്ന് ഒരു കാക്ക അയാളെ നോക്കി കരഞ്ഞു കൊണ്ടിരുന്നു. പിന്നെ അതൊരു കൂട്ടക്കരച്ചിലായി അവിടെ മുഴങ്ങി. അപ്പോൾ സുമുഖനായ ഒരു യുവാവും സുന്ദരിയായ അയാളുടെ ഭാര്യയും ദിവാകരനു പിന്നിൽ നിന്ന് ശന്തമായി ചിരിക്കുന്നുണ്ടായിരുന്നു. ഭൂമിയുടെ ചുറ്റുപാടുനിന്നും ആ കരച്ചിലുകളും ചിരികളും പ്രതിധ്വനിച്ച് പ്രകമ്പനം കൊള്ളുന്നത് അയാളറിഞ്ഞു. ആ വാർത്തയുടെ തല വാചകം ഇങ്ങിനെയായിരുന്നു.

“വൃദ്ധയെ കൊന്ന് ആഭരണം കവർന്നു”

*********
1999 ൽ  "സംയമി" എന്ന പൊന്നാനി കോളേജ് മാഗസിനിൽ എഴുതിയത്.

Monday, April 3, 2017

ഷോപ്പിംഗ് മാളിലെ പാവക്കുട്ടി

ഷോപ്പിംഗ് മാളിലെ പാവക്കുട്ടി
- ഷമീർ ഹസ്സൻ

ഷോപ്പിംഗ് മാളിൽ  പർച്ചേസിംഗിനിടയിലാണ് ഒരു ചെറുപ്പക്കാരനെ ഞാൻ ശ്രദ്ധിച്ചത്. അയാൾ മൊബൈലിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.  മനോഹരവും വശ്യവുമാർന്ന ശബ്ദമായിരുന്നു അയാളുടേത്. മീശയും താടിയും ക്ലീൻ ഷേവ് ചെയ്ത് വട്ടമുഖമുള്ള അയാളുടെ വസ്ത്രധാരണവും ആകർഷണീയമായിരുന്നു.

പ്രവാസികളുടെ നേരം പോക്കുകളിലെ ഒരു പ്രധാന കേന്ദ്രമാണ് ഷോപ്പിംഗ് മാളുകൾ. ഒന്നും വാങ്ങാനില്ലെങ്കിലും അവധി ദിനങ്ങളിൽ ഏതെങ്കിലും മാളിൽ കറങ്ങി നടക്കുന്നവരുണ്ടാകും. ഇഷ്ടപ്പെട്ടതെന്തെങ്കിലും കണ്ടാൽ വാങ്ങും. ഇടക്ക് പരിചയമുള്ള മുഖങ്ങൾ കണ്ണുടക്കിയാൽ പരിചയം പുതുക്കലോ പുഞ്ചിരി കൈമാറലോ ഉണ്ടാകും. ഒരുകണക്കിന് ഓരോ പ്രവാസിയും ഷോപ്പിംഗ് മാളിൽ വില്പനക്ക് വെച്ച വസ്തുക്കൾ പോലെയാണ്. കാണുന്നവർക്ക് മൂല്യമുള്ളതും അണിഞ്ഞവർക്ക് മുഷിഞ്ഞു നാറിയതുമായ വസ്ത്രം പോലെ.

ധാരാളമാളുകൾ അവിടെ ഷോപ്പിംഗ് നടത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. പലതും എടുത്ത് നോക്കുന്നു, തിരിച്ചു വെക്കുന്നു, ഇഷ്ടപ്പെട്ടത് ട്രോളിയിലേക്ക് വെക്കുന്നു. അതിനിടയിൽ പരിചയമില്ലാത്ത ഒരുമുഖവും ആരും പ്രത്യേകമായി ശ്രദ്ധിക്കാൻ മെനക്കെടാറില്ല. പക്ഷേ, ആ ചെറുപ്പക്കാരൻ,  അയാൾ ഒരു പക്ഷേ, മൊബൈലിൽ സംസാരിക്കുന്നത് കേട്ടില്ലായിരുന്നെങ്കിൽ അയാളെ അങ്ങനെ പ്രത്യേകമായി ഞാൻ ശ്രദ്ധിക്കുമായിരുന്നില്ല. അയാളുടെ ശബ്ദം അത്രക്ക് ആകർഷകമായിരുന്നു, ശ്രവണമനോഹരമായിരുന്നു. ഇയാൾ ഒരു ഗായകനോ റേഡിയോ അവതാരകനോ മറ്റോ ആയിരുന്നെങ്കിൽ കേൾവിക്കാർ ആനന്ദത്തോടെ പരിപാടികൾ ശ്രവിക്കുമെന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
കുട്ടികളുടെ കളിപ്പാട്ടങ്ങൾ വില്പനക്ക് വെച്ചിരിക്കുന്ന ഭാഗമായിരുന്നു അത്. 

അയാൾ അപ്പോൾ സംസാരിച്ചു കൊണ്ടിരുന്നത് കയ്യിലുള്ള ഒരു പാവക്കുട്ടിയെക്കുറിച്ചായിരുന്നു. അയാൾ സംസാരിക്കുന്നത് ഭാര്യയോടായിരിക്കുമെന്നും തന്റെ കുഞ്ഞിന് കളിപ്പാട്ടം വാങ്ങാൻ വന്നതായിരിക്കുമെന്നും ഞാൻ ഊഹിച്ചു. പാട്ടിനനുസരിച്ച് നൃത്തം വെക്കുന്ന ഒരു പാവക്കുട്ടിയായിരുന്നു അത്. അത് ലഭിക്കുമ്പോൾ അയാളുടെ മകൾക്കുണ്ടാകുന്ന സന്തോഷത്തിന്റെയും അത് കാണുമ്പോൾ അയാളിലും ഭാര്യയിലുമുണ്ടാകുന്ന ആനന്ദത്തിന്റെ വ്യാപ്തിയും അയാളുടെ കണ്ണുകളിൽ പ്രതിഫലിച്ചിരുന്നു.

അവിടത്തെ കളിപ്പാട്ടങ്ങൾ ആകെ ശബ്ദമുഖരിതമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നതായി എനിക്ക് തോന്നി. ചില പാവകൾ പാട്ടുകൾ പാടി ഡാൻസ് ചെയ്യുന്നു. ദിനോസറുകൾ വലിയ വായിൽ ഒച്ച വെക്കുന്നു. വിമാനങ്ങൾ ചീറിപ്പായുകയും ലാൻഡ് ചെയ്യുകയും ചെയ്യുന്നു. ചെറിയ കാറുകൾ അതിവേഗത്തിലോടുന്നു. വന്യമൃഗങ്ങൾ മുരളുന്നു. കാർട്ടൂൺ കഥാപാത്രങ്ങൾ പാട്ടിനനുസരിച്ച് താളം ചവിട്ടുന്നു.

റിമോട്ടിൽ പ്രവർത്തിപ്പിക്കാനാകുന്ന ഒരു കാർ എടുത്ത്  അയാൾ അതിന്റെ പ്രവർത്തന രീതികളെക്കുറിച്ച് സെയിൽസ് മാനോട് ചോദിച്ചു മനസ്സിലാക്കി. സെയിൽസ് മാൻ ആ കാറിൽ ബാറ്ററി ഇട്ട് അത് പ്രവർത്തിപ്പിക്കേണ്ടതെങ്ങിനെയെന്ന് അയാൾക്ക് വിശദീകരിച്ചു കൊടുത്തു. റിമോട്ട് വാങ്ങി അയാളത് പ്രവർത്തിപ്പിച്ചു നോക്കി. മുന്നോട്ടും പിന്നോട്ടും ഇടത്തോട്ടും വലത്തോട്ടുമൊക്കെ അയാൾ ആ കാർ ഓടിച്ചു നോക്കി സംതൃപ്തനായി പാക്ക് ചെയ്ത് തിരിച്ചു വാങ്ങി. ഇരുപത് റിയാലായിരുന്നു അതിന്റെ വില.
ക്യാഷ് കൗണ്ടറിലേക്ക് നടക്കുന്നതിനിടയിൽ അയാൾ കയ്യിലുള്ള പാവക്കുട്ടിയെ ഒന്നുകൂടി നോക്കി. പിന്നീട് കാറിലേക്കും പാവക്കുട്ടിയിലേക്കും മാറി മാറി നോക്കി. അപ്പോളും അയാൾ മൊബൈലിൽ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അയാളുടെ മുഖഭാവം മാറുന്നത് ഞാൻ ശ്രദ്ധിച്ചു.

അപ്പോൾ മാത്രം അയാൾ പറയുന്നത് എന്താണെന്ന് കേൾക്കണമെന്ന് ഞാൻ ആകാംക്ഷാഭരിതനായി. ഞാൻ ഒട്ടും ശ്രദ്ധിക്കാത്തതുപോലെ അയാളിലേക്ക് നീങ്ങി നിന്നു.

അയാൾ ഭാര്യയെ ആശ്വസിപ്പിക്കുകയാണ്.

“ഇതുപോലത്തെ പാവക്കുട്ടികൾ ഇനിയും ഒരുപാടുണ്ടിവിടെ. നമുക്ക് പിന്നെയും വാങ്ങാലോ..!
രണ്ടും കൂടി വാങ്ങാൻ ന്റെ കയ്യിൽ പണം തികയുന്നില്ലടോ. അടുത്ത മാസത്തെ ശമ്പളം കിട്ടിയിട്ട് പാവക്കുട്ടിയെ വാങ്ങാം. ആരെങ്കിലും ഇനിയും നാട്ടിൽക്ക് വരുന്നുണ്ടാകും. ഇത്തവണ അവർ ചോദിച്ച റിമോട്ട് കാർ നമുക്ക് അവർക്ക് കൊടുക്കാം..”

അയാൾ ആ പാവക്കുട്ടിയെ അവിടെയുള്ള ഒരു ട്രേയിൽ ഉപേക്ഷിച്ച് തിരിഞ്ഞു നോക്കാതെ വേഗത്തിൽ ക്യാഷ് കൗണ്ടറിലേക്ക് നടന്നു.

അപ്പോൾ ആ പാവക്കുട്ടി പാട്ടിന്റെ ഈരടിയിൽ കാലിട്ടടിച്ച് കരയുന്നുണ്ടായിരുന്നു.

******************

Saturday, July 28, 2012

ബാല്യത്തിലെ ബാർട്ടർ...


















ഹായ്… നല്ല ചിനച്ച മാങ്ങ…!!

“ ഡാ… ഒരു കടി തരോ?”

“ തരാ… ഒരു കടിക്ക് പത്ത്വൈസ..”

“പൈസല്ല്യ… അഞ്ച് കുന്നിക്കുരു തരാ….പറ്റ്വോ…”

“ന്നാ ശരി…. ചെറിയേ കടി കടിക്കണട്ടാ….”

Friday, July 15, 2011

നാൻ താനെടാ കുഞ്ഞാപ്പു ....ഇതുതാനടാ കോവാലൻ

ഒരു ദിവസം കുഞ്ഞാപ്പു സിനിമ കാണാൻ പോകുകയായിരുന്നു. അപ്പോൾ പൂവാലൻ കോവാലൻ അതുവഴി വന്നു.
“കുഞ്ഞാപ്പൂ , നീയെങ്ങട്ടാ പോണേ?”
“ഞാൻ യെന്തിരൻ കാണാനാ”
“ആണോ? ഇന്നല്ലേ റിലീസ്. ഞാനുംണ്ടടാ. ടിക്കെറ്റ് കിട്ടോ? 
“കുഞ്ഞാപ്പു വിചാരിച്ചാ കിട്ടാത്ത ടിക്കറ്റോ? നാൻ താനെടാ കുഞ്ഞാപ്പു !“ രജനീ സ്റ്റയിലിൽ കുഞ്ഞാപ്പു കാച്ചി.
അങ്ങനെ രണ്ടുപേരും കൂടിയായി പിന്നത്തെ യാത്ര.
രണ്ട് ബസ്സുകൾ മാറി കയറിയിട്ടു വേണമായിരുന്നു അവർക്ക് പൊന്നാനിയിലെത്താൻ. കൂറ്റനാട് നിന്നും എടപ്പാളിലെക്കും പിന്നെ അവിടെനിന്നും പൊന്നാനിയിലേക്കും. 
കൂറ്റനാട് കുറച്ചുനേരം കാത്തുനിന്നതിനുശേഷമാണ് ബസ് വന്നത്. ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നു. തിരക്ക് കണ്ടപ്പോൾ കോവാലൻ പറഞ്ഞു, “കുഞ്ഞാപ്പോ, ബസ്സിൽ നല്ല തിരക്കാട്ടോ. ശ്രദ്ധിക്കണേ.“
“കുഞ്ഞാപ്പൂനോടാ ഉപദേശം? ഇന്നോടാ കളി? നാൻ താനെടാ കുഞ്ഞാപ്പു ! ”
തിക്കിത്തിരക്കി ബസ്സിൽ കയറിപ്പറ്റി രണ്ടുപേരും. പിന്നെ അങ്ങെത്തുവോളം രണ്ടുപേരും രജനിയുടെ മുൻ കാലത്തിറങ്ങിയ പടങ്ങളെക്കുറിച്ചുള്ള ചർച്ചയിലായിരുന്നു. ഇടയ്ക്ക് കണ്ടക്ടർ വന്നപ്പോൾ കുഞ്ഞാപ്പു പറഞ്ഞു. “പൂവാലാ, ബസ്സിന്റെ ടിക്കറ്റ് അന്റെ വക, സിനിമടെ ടിക്കറ്റ് ഇന്റെ വക. എപ്പടി? “
“ഓ കെ“ പൂവാലൻ സമ്മതിച്ചു.
പിന്നീടങ്ങോട്ട് രണ്ടുപേരും രജനിയെക്കുറിച്ച് പറഞ്ഞ് കസറി. തങ്ങൾ ജനിക്കും മുമ്പിറങ്ങിയ അപൂർവരാഗങ്ങൾ മുതൽ 2007ലിറങ്ങിയ ശിവജി വരെയുള്ള സിനിമകളിലെ ഓരോ നമ്പറുകളും പാട്ടുകളും അവർ ഓർത്തോർത്തെടുത്ത് പങ്കുവെച്ചു. ബസ്സ് മാറിക്കേറിയതുപോലും യാന്ത്രികമായിട്ടായിരുന്നു. ഈ ശ്രദ്ധയുടെ പകുതിയെങ്കിലും പത്താം തരത്തിലെ പുസ്തകങ്ങളിൽ കാണിച്ചിരുന്നെങ്കിൽ രണ്ടുപേരും ഫസ്റ്റ് ക്ലാസ്സിൽ കുറയാതെ വാങ്ങുമായിരുന്നുവെന്നു തോന്നി അതു കണ്ടുനിന്നവർക്ക്. 
തിയേറ്ററിനുമുന്നിലെത്തിയപ്പോൾ ഇറങ്ങാനുള്ള തിരക്ക്. തിക്കിത്തിരക്കി ഒരുവിധം രണ്ടുപേരും പുറത്തിറങ്ങി. നേരെ ടിക്കറ്റ് കൌണ്ടറിലേക്ക് വച്ചുപിടിച്ചു. അവിടെ ത്രിശൂർ പൂരത്തേക്കാൾ വലിയ തിരക്കായിരുന്നു. കുഞ്ഞാപ്പുവുണ്ടോ വിടുന്നു. തിരക്കിത്തിരക്കി ക്യൂ വിനുള്ളിൽ കയറിക്കൂടുകതന്നെ ചെയ്തു. എന്നിട്ട് പൂവാലനെ ഗമയിൽ ഒന്നു നോക്കി മനസ്സിൽ പറഞ്ഞു “കുഞ്ഞാപ്പു വിചാരിച്ചാ കിട്ടാത്ത ടിക്കറ്റോ? നാൻ താനെടാ കുഞ്ഞാപ്പു !“
പൂവാലൻ അപ്പോൾ ഇരകളെത്തേടി നെട്ടോട്ടം തുടങ്ങിയിരുന്നു. 
ക്യൂ മുന്നോട്ടാഞ്ഞും പിന്നോട്ടാഞ്ഞും നേരം പോയിക്കൊണ്ടിരുന്നു. നിയന്ത്രിക്കാൻ വന്ന പോലീസുകാർ നിയന്ത്രണമില്ലാതെ നോക്കി നിന്നു. 
ടിക്കറ്റ് കൌണ്ടറിലെത്താൻ ഏതാണ്ട് ഒരു വാര ദൂരമുള്ളപ്പോൾ കുഞ്ഞാപ്പു കീശയിൽ കാശെടുക്കാൻ കയ്യിട്ടു. കൈ കീശയുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി. തന്റെ കീശയ്ക്ക് നീളം കൂടിയോ എന്ന് ഒരു നിമിഷം കുഞ്ഞാപ്പു സംശയിച്ചു. പിന്നെ സൂക്ഷിച്ചു നോക്കി. അതെ കീശയുടെ ഭാഗത്തതാ ഒരു ഓട്ട !!. കീശയുടെ സഞ്ചിയടക്കം ആരോ അടിച്ചുമാറ്റിയിരിക്കുന്നു!. 
എന്തുചെയ്യേണ്ടു എന്നറിയാതെ സ്തബ്ധനായ കുഞ്ഞാപ്പു പൂവാലനെ തിരക്കി കണ്ണയച്ചു. അയാൾ അപ്പോൾ തിയേറ്ററിന്റെ ഓരം പറ്റി വലയിൽ വീണ എതോ പൂവാലിയുമായി കണ്ണെറിഞ്ഞു കളിക്കുകയായിരുന്നു. പരിസരം മറന്ന് ആലോചനാനിമഗ്നനായ ആ നേരത്ത് എവിടെനിന്നെന്നില്ലതെ വന്ന പേമാരിപോലെയുള്ള ഒരു തിക്കില്പെട്ട് കുഞ്ഞാപ്പു അതാ വരിയിൽനിന്നും ഔട്ട്. അല്ലെങ്കിലും ഇനി വരിയിൽ നിന്നിട്ടെന്തുകാര്യം? കുഞ്ഞാപ്പു സമാധാനിച്ചു. പിന്നെ പൂവാലനെ തിരഞ്ഞുകണ്ടുപിടിച്ച് കാര്യം പറഞ്ഞ് തിരിച്ചുപോകാൻ തയ്യാറെടുത്തു. പൂവാലന്റെ കയ്യിൽ കാശുണ്ടായാൽതന്നെ ടിക്കറ്റ് കിട്ടണമെങ്കിൽ ഇത്തിരി പുളിക്കുമെന്ന് കുഞ്ഞാപ്പു മനക്കോട്ടയിൽ തൈരു കടഞ്ഞു. 
പൂവാലനോട് കാര്യം പറഞ്ഞതും പൂവാലൻ ആകെമൊത്തം ഒരു കോവാലനായി മാറി. പിന്നെ പൊട്ടിപ്പൊട്ടി ചിരിക്കാൻ തുടങ്ങി. പെട്ടെന്ന് ചിരി നിർത്തി സീരിയസ് ആയി കുഞ്ഞാപ്പുവിനോട് പറഞ്ഞു “ പൂവാലൻ കോവാലനോടാ കളി? ഇയ്യ് ഇവിടെനിന്ന് അനങ്ങരുത്. ഞാൻ ഇപ്പൊ വരാം”
അല്പസമയത്തിനു ശേഷം പൂവാലൻ രണ്ട് ടിക്കറ്റുകളുമായി വന്നപ്പോൾ കുഞ്ഞാപ്പു അത്ഭുതസ്തബ്ധനായി വാ പൊളിച്ചുപോയി!. 
“ഇതെങ്ങനെ ഒപ്പിച്ചു കോയാ?“
“ഹ് ഉം …. പൂവാലനോടാ കളി ? ഇതുതാനടാ പൂവാലൻ….. ജാഗ്രതൈ!“
അന്തം വിട്ട കുഞ്ഞാപ്പു കുന്തം പോലെ നോക്കി നിന്നു. 
അപ്പോൾ പൂവാലൻ രജനി സ്റ്റൈലിൽ പൂവാലിയെ നോക്കി കണ്ണിറുക്കി. പൂവാലി ആ അസുലഭ നിമിഷത്തിന്റെ സുഖമുള്ള ലഹരിയിൽ ചെറുപുഞ്ചിരിയോടെ വലതുകാലിന്റെ തള്ളവിരൽ കൊണ്ട് ഭൂമിയിൽ നക്ഷത്രം വരച്ചു. 
ആ പുഞ്ചിരിയുടെ ഒഴുക്കുള്ള പ്രലോഭനത്തിൽ കോവാലൻ കുഞ്ഞാപ്പുവിനു നേരെ തിരിഞ്ഞു.
“ കുഞ്ഞാപ്പൂ, ബസ്സിന്റെ ടിക്കറ്റ് ഇന്റെ വക. സിനിമേടെ ടിക്കറ്റും ഇന്റെ വക.“
അപ്പോൾ ബിയ്യം കായലിന്റെ ഓളങ്ങൾ തഴുകിവന്ന ഒരു തണുത്ത കാറ്റ് കുഞ്ഞാപ്പുവിനെ ഉമ്മവെച്ച് കടന്നുപോയി. ആ തണുപ്പിന്റെ സുഖശീതളിമയിൽ ടാക്കീസിനുള്ളിലെ ആരവങ്ങൾക്കിടയിൽ രജനിയുടെ ചൂടൻ ഡയലോഗുകൾക്കായി അവർ കാത്തിരുന്നു.  ©shameertk

Monday, August 23, 2010

ചര്‍ച്ച

നക്ഷത്രങ്ങള്‍ സ്വാര്‍ഥരാണെന്ന് അയാള്‍.
അല്ലെന്ന് മറ്റെയാള്‍ സമര്‍ഥിച്ചു.
നക്ഷത്രങ്ങളുടെ സ്വാര്‍ഥതയ്ക്ക് പല മുഖങ്ങളുണ്ടെന്ന്
വേറൊരാള്‍.
ചര്‍ച്ച പുരോഗമിച്ചുകൊണ്ടിരുന്നു.

നക്ഷത്രങ്ങള്‍ അവരെ നോക്കി
പുഞ്ചിരിക്കുക മാത്രം ചെയ്തു.
ചര്‍ച്ചയ്ക്കൊടുവില്‍ തീരുമാനമൊന്നുമാകാതെ
അവര്‍ മുകളിലേക്ക് നോക്കിയപ്പോള്‍
അവിടെ
നക്ഷത്രങ്ങള്‍ ഉണ്ടായിരുന്നില്ല !!!