Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Monday, December 23, 2019

ഉപ്പമാരുടെ ജനന സർട്ടിഫിക്കറ്റ്

ഉപ്പമാരുടെ ജനന സർട്ടിഫിക്കറ്റ്
എവിടെയാണുള്ളത്?

പോർച്ചുഗീസ് അധിനിവേശകാലത്ത്
സാമൂതിരിയത് ഈ മണ്ണിൽ
നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു.

ബ്രിട്ടീഷ് അധിനിവേശകാലത്ത്
ഗാന്ധിജിയത് കയ്യൊപ്പ് ചാർത്തി
തോളോട് ചേർത്ത് നടന്നിരുന്നു.

വെള്ളക്കാരുടെ ശമ്പളം പറ്റുന്നത് ഹറാമാണെന്ന ഫത് വയിറക്കി
ഓച്ചാനിച്ച് നിൽക്കാതെ ഉദ്യോഗം വലിച്ചെറിഞ്ഞ്
പൊരുതിപ്പൊരുതി ഈ മണ്ണിലത്
കണ്ണോട് ചേർത്ത് പരിപാലിച്ചിരുന്നു.

ബ്രിട്ടീഷ് വിരുദ്ധ മലബാർ കലാപത്തിൽ
ചോര ചിതറിത്തെറിച്ച്
അത് ചുവന്ന് തുടുത്തിരുന്നു.
വാഗൺ ട്രാജഡിയിൽ
വായു കിട്ടാതെ പിടഞ്ഞവർക്ക്
ഈ മണ്ണിനോളം ശ്വാസം
പകുത്തു നൽകിയിരുന്നു.

സ്വാതന്ത്ര്യാനന്തരം
വിഭജനത്തിന്റെ വിത്തുകൾ വിലങ്ങുതീർത്തപ്പോൾ
വിതുമ്പി വുതുമ്പി
ഈ മണ്ണിൽ തന്നെ മുഖം ചേർത്ത് നനഞ്ഞു പോകാതെയത് കാത്തിരുന്നു.

അങ്ങിനെയങ്ങനെ എത്രമേൽ കരുതലോടെയാണെന്നോ
ഈ മണ്ണിൽ ഓരോ ജനനവും
രേഖപ്പെട്ടത്

ഉപ്പമാരുടെ ജനന സർട്ടിഫിക്കറ്റ്
ഭാരതത്തിന്റെ അടിയാധാരമാണ്.
അതിനു മുകളിൽ കയറിയിരുന്നാണ് ഇപ്പോൾ ചില ശ്വാനന്മാർ
അത് തിരയാനും പൗരത്വം തെളിയിക്കാനും ആവശ്യപ്പെടുന്നത്.
*****
ഷമീർ ടി. കെ. ഹസൻ 

Wednesday, April 4, 2018

ചെറ്റകൾ....!

പണ്ട് പണ്ടൊരാളുണ്ടായി.
കൂട്ടിനൊരിണയുമുണ്ടായി.
മതങ്ങൾ അവരെ
ആദമെന്നും ഹവ്വയെന്നും പരിചയപ്പെടുത്തി.
മതമില്ലാത്തവർ ആദിമ മനുഷ്യരെന്നും.

ഇലകൾ കൊണ്ട് അവർ നാണം മറച്ചു.
ഓലകൊണ്ടും പുല്ലുകൊണ്ടും കുടിലുണ്ടാക്കി.
ചെറ്റക്കുടിൽ...!

കാലം മാറി.
ചുമരുകളും ഓടും കോൺക്രീറ്റുമായി
കുടിലുകൾ രൂപാന്തരം പ്രാപിച്ചു.

അപ്പോളാണ്
ആദമും ഹവ്വയുമടക്കം
ആദിമ മനുഷ്യർ
ചെറ്റകളായി‌മാറിയത്.

ലോകത്തിലെ ആദ്യത്തെ ചെറ്റകൾ.

നിങ്ങളിനിയും ഇതു തന്നെ വിളിക്കണം
ചെറ്റകൾ....!

Monday, October 2, 2017

ഞാൻ ആരാണ്...!!




ഞാൻ ഹിന്ദുവാണ് !

ഞാൻ മുസ്ലിമാണ് !

ഞാൻ ……………………..!

ചില മന്ത്രങ്ങൾ

ഉച്ഛസ്ഥായിയിൽ ഒച്ചയാവുന്നു.



ആരുടെ ജനാധിപത്യത്തിനാണ്

ഗിന്നസ് ബുക്കിൽ കയറാനാവുകയെന്ന്

ഒളിച്ചിരിക്കുന്ന ദർശനങ്ങൾ

പാകപ്പെടുത്തുന്നു.



ശ്വാസം അതിവേഗത്തിലാകും

ശരീരം വിറയ്ക്കും

വിയർപ്പിൽ കുളിക്കും.



പന്നിയും പശുവും

പരസ്പരം വിളമ്പി

കലാപം

തെരുവുകളിൽ ഉൽസാഹം നിറക്കും.

ആപത്ത് പഠിപ്പിക്കുന്ന ഐക്യം!



നീണ്ടകഥപോലെ

തെരുവ്

ജനാധിപത്യത്തിന്റെ മൂക്കുകയർ പരതും.

ശ്വാസം മുട്ടുമ്പോൾ

ജിഹാദും കർസേവയും

മുക്രയിടും.



ജനാധിപത്യം വിജയിച്ചുവെന്ന്

ഒച്ച പരക്കുമ്പോൾ

ചുടുചോര

ഹിന്ദുവും മുസ്ലിമുമെന്ന്

ചേർന്നൊഴുകി

ഒരു പുതിയ നദി പിറവിയെടുത്തിരിക്കും.



മുങ്ങിയും പൊങ്ങിയും

നീയാരാണെന്ന് ഞാനും

ഞാനാരാണെന്ന് നീയും

കൊമ്പ് കോർക്കുമ്പോൾ

ശ്വാസം നിലക്കും മുൻപ്

ഒച്ചയില്ലാത്തൊരു മന്ത്രം

മന്ത്രസ്ഥായിയിലലിയും.



ഞാൻ മനുഷ്യനാണ്.

ഞാൻ മനുഷ്യനാണ്.



****************************



























Sunday, February 26, 2017

സുലൈമാന്റെ മേശ

സുലൈമാന്റെ മേശ.


യുവാവായ സുലൈമാൻ
മേശവലിപ്പടക്കുന്നതിനിടയിൽ
ഒരു യുവാവായ ജിന്ന്
വലിപ്പിനിടയില്പെടാതെ
തലനാരിഴയ്ക്ക് രക്ഷപ്പെട്ടൂ.!


പേടിച്ചുപോയ ജിന്ന്
സുലൈമാൻ ജോലിക്ക് പോയ നേരത്ത്
സുലൈമാന്റെ കോലത്തിൽ വന്ന്
സുലൈമാന്റെ ഭാര്യയെ കെട്ടിപ്പിടിച്ച്
പ്രതികാരം ചെയ്തു.


കിഴക്കോട്ടോ പടിഞ്ഞാട്ടോന്ന് തെറിച്ച്നിക്ക്ണ
വെട്ടിയൊതുക്കാത്ത താടിയുടെയുള്ളീന്ന്
ചാടിയിറങ്ങി മറ്റൊരു ജിന്ന്
കട്ടതും കണ്ടതും
സ്റ്റാറ്റസ് അപ്ഡേറ്റാക്കി
സുലൈമാനോട് വിളമ്പി.


സുലൈമാന് ദ്യേഷ്യം വന്ന്
മൂക്ക് ചുവന്ന്
ഓടിച്ചെന്ന്
കമന്റിട്ട് കമന്റിട്ട്
മേശ വലിപ്പ് വീണ്ടും വീണ്ടും വലിച്ചടച്ച്
ആദ്യത്തെ ജിന്നിനെ കൊന്ന്
മേശവലിപ്പിൽ തന്നെ ഖബറടക്കി.



ജിന്നിനെ കൊന്നേയ് ന്
‘ഷറഹി’ലെന്താ വിധീന്ന്
പണ്ഡിത മൊയ് ല്യാക്കൻമാര്
സൗദ്യായ സൗദീലും
ഗൾഫായ ഗൾഫിലും
കിതാബായ കിതാബുകളിലും
ഫെയ്സ്ബുക്കായ ഫെയ്സ്ബുക്കിലും
തലങ്ങും വിലങ്ങും
നോക്കി നോക്കി കണ്ണ് കഴച്ചു.


ഇപ്പൊ
യുവാവായ സുലൈമാൻ
എപ്പളാ ജിന്നിന്റെ ജാറം പൊന്താന്നും നോക്കി
മേശയ്ക്ക് കാവലിരിയ്ക്കാണ്.
മറ്റേ ജിന്ന് ഓന്റെ മേല് കേറീക്ക്ണ്ന്ന്
കൊറേ മന്സന്മാര് പിച്ചും പേയും
പറഞ്ഞ് നടക്ക്ണൂണ്ട്.


പാവം ജിന്ന്..!
പാവം സുലൈമാൻ..!!
അതിലേറെ പാവം മേശ….!!!

**********************************

Friday, November 18, 2016

ആത്മാവ് നഷ്ടപ്പെട്ടവർ.




ഞാനിപ്പോളുള്ളത് എന്റെ വീട്ടിലല്ല
ഒരു മരണവീട്ടിലാണ്.
നിങ്ങൾ കേൾക്കെ പൊട്ടിച്ചിരിക്കുന്നത്
കുട്ടികളും മാനസിക രോഗികളുമാണ്.
അവർക്കറിയില്ലല്ലോ മരണത്തിന്റെ വ്യാപ്തി...!

നിങ്ങൾക്ക് മനസ്സിലായില്ലെന്നോ..?
ഇല്ലെങ്കിൽ ഒന്നുകൂടി വിശദമാക്കാം.

ഞാനിപ്പോളുള്ളത് എന്റെ രാജ്യത്തല്ല.
ആത്മാവ് നഷ്ടപ്പെട്ട ഒരു രാജ്യത്താണ്.
നിങ്ങൾ കേൾക്കെ പൊട്ടിച്ചിരിക്കുന്നത്
കുട്ടികളും മാനസിക രോഗികളുമാണ്.
അവർക്കറിയില്ലല്ലോ മരണത്തിന്റെ വ്യാപ്തി...!

ഇനിയും നിങ്ങൾക്ക് മനസ്സിലായില്ലെന്നോ..?
എങ്കിൽ നിങ്ങളൊന്ന് തൊട്ടു നോക്കുക.
നിങ്ങളുടെ ശരീരം കിടക്കുന്നത്
കല്ലറയിലോ മണ്ണറയിലോ എന്ന്..!!!

#ShameerHassan

Thursday, May 26, 2016

ഒരു കുഞ്ഞു പെൺകുട്ടി കരയുന്നത് …!



ഒരു കുഞ്ഞു പെൺകുട്ടി കരയുന്നു…!
പകൽ തീരും മുൻപേ
പ്രായമറിയും മുൻപേ…     
ആരോ ഉരുട്ടിക്കയറിയ
രഥചക്രത്തിനടിയിൽ വീണുപോയ
ഇളംപൂവ്..!

 
അച്ചൻ, അദ്ധ്യാപകൻ, അമ്മാവൻ,
അയൽവാസി, ആത്മമിത്രം, .…
അവരും കരയുന്നുണ്ട്
ആരോ ഉരുട്ടിക്കയറ്റിയ
രഥചക്രത്തിനടിയിൽ വീണുപോയ
മറ്റു പെൺകുട്ടികളെയോർത്ത്..!!

*************

Pravasi Varthamanam 26-May-2016



 

Sunday, March 27, 2016

അവസാനിക്കാത്ത ഒന്ന്















വേനൽ കത്തി നിൽക്കുന്നുണ്ട്.
ഒരു ചുടുകാറ്റ് വന്ന്
മേശയെ വട്ടംചുറ്റി വിറപ്പിച്ചു.
മഷിപ്പാത്രം വീണുടഞ്ഞ്
മഷി പരന്ന് നിലം നീലച്ചു.


ഒരു മഹാപ്രളയം വരാനിരിക്കുന്നുവെന്നും
ഓരോ മരവും ഇതുപോലെ
കടപുഴകി വീഴുമെന്നും
ആരോ മന്ത്രിച്ച് കടന്നുപോയി.
പൊടിപടലം പോലെയെന്തോ വന്ന്
അന്തരീക്ഷമാകെ മൂടി.


തെരുവിൽ പശു മുക്രയിട്ടു
അമ്മമാർ കരഞ്ഞു
ചേരിയിൽ കുഞ്ഞുങ്ങളുടെ
ചോറുരുളകളിൽ ചേറുപുരണ്ടു.
ആൾദൈവങ്ങൾ ഏമ്പക്കമിട്ടു


ചില മുറുമുറുപ്പുകൾ അലയടിച്ചുയർന്നു.
വിദ്യാലയത്തിലെ ക്ലാസ് ലീഡറെപ്പോലെ
ശബ്ദമുണ്ടാക്കിയവരുടെ പേരുകൾ
അടിമകൾ എഴുതിയെടുത്തു.


ഭയന്ന ചിലർ വായകൾ
സ്വയം സീൽ ചെയ്തു വെച്ചു.
പേനകൾ മഷി മരവിച്ച്
ബാഗുകളിൽ ഉറങ്ങാൻ തുടങ്ങി.
 

ഞാൻ പിൻബെഞ്ചിലിരുന്ന് ശ്രദ്ധിച്ചു.
സിരകളിൽ ചുവന്ന നീർചാലുകൾ
മഷി ചുരത്തിക്കൊണ്ടിരിക്കുന്നു.
മനുഷ്യനെന്ന് ഹൃദയം
തുടികൊട്ടിക്കൊണ്ടിരിക്കുന്നു.


നോക്കൂ...
ഞാനെന്റെ പേന മൂടി വെച്ചിട്ടില്ല. !

**************
Published in "Varthamanam" Weekend Edition 24/03/2016

Picture courtesy: boingboing.com

 

Sunday, June 21, 2015

വിളക്ക് ബാക്കിയാക്കിയത്
















വിളക്ക് ബാക്കിയാക്കിയത്

അങ്ങനെയിരിക്കെ
നിലവിളക്കിൽ എണ്ണ വറ്റി
തിരിയിൽ തീ നീറി നീറി
അല്പം ചാരം
ബാക്കിയായി.

ഒരു കാറ്റിൽ
അത് പറന്ന് പറന്ന്
ഇരുട്ടിൽ
അമ്മയെ/ ഉമ്മയെ/ അമ്മച്ചിയെ
തിരഞ്ഞു.

ഒടുവിൽ,
എന്നോ മുറിഞ്ഞുപോയ പൊക്കിൾകൊടിയോടൊപ്പം
എവിടെയോ മണ്ണിൽ ലയിച്ചു ചേർന്നു.
മനുഷ്യർ തീരുന്നത് പോലെ.
***********

Thursday, August 29, 2013

മുറിവ്






































വർത്തമാനം മാഗസിൻ ജൂലൈ - 2013