Thursday, February 18, 2010

ശ്മശാനം (ഖബർ)

ഇന്നു ഞാൻ ഒരു ശ്മശാനം സന്ദർശിച്ചു.
എന്റെ ഒരു സഹപ്രവർത്തകന്റെ പിതാവ് ഇന്നലെ മരിച്ചു.
മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന്
ആരൊക്കെയോ പറഞ്ഞിട്ടുള്ളത് ഓർമ്മ വരുന്നു.
കുത്തിനിർത്തിയ രണ്ട് പലകക്കഷ്ണങ്ങൾക്കിടയിൽ
നേരിയ കുന്നിൻ ചെരിവുകൾ….!!
നോക്കെത്താ ദൂരത്തോളം അനേകം…..!!!
സ്വസ് ഥമായി ഉറങ്ങുന്നവർ. ‘കിതാബു‘കൾ അനുസരിക്കാത്തവർക്കു അസ്വസ് ഥതകളായിരിക്കാം.

ശ്മശാനം…..!!!
അത് ചില ഓർമ്മപ്പെടുത്തലുകളാണ്.
ഇന്നലെയുടെ അഹന്തയുടെ നേർക്ക് നീട്ടിപ്പിടിച്ച കണ്ണാടി.
ഇന്നിന്റെ സുഖലോലുപതയ്ക്ക് ഒരു മുന്നറിയിപ്പ്.
നാളെയുടെ നിസ്സഹായതയിലേക്കുള്ള ചൂണ്ടുവിരൽ…..

ഇവിടെ മയ്യിത്ത് മറമാടുന്നതിൽ ചില പ്രത്യേകതകളുണ്ട്. അല്ല, നാട്ടിലാണു പ്രത്യേകതകൾ!
കാരണം നാട്ടിൽ കുറെ അനാചാരങ്ങൾ കാണാറുണ്ട്. ഉച്ചത്തിൽ കുറെ പ്രാർഥനകൾ, ‘ദിക്റുകൾ’, മരിച്ച ആൾക്ക് കുഴിയുടെ അടുത്തിരുന്ന് ചോദ്യോത്തരങ്ങൾ പറഞ്ഞുകൊടുക്കുക, ഖബർ ഉയരത്തിൽ കെട്ടിപ്പടുക്കുക, എന്നിങ്ങനെ. ഇവിടെ വളരെ ലളിതം! മൌനമായാണു എല്ലാ കർമ്മങ്ങളും. മയ്യിത്ത് കുഴിയിൽ വെച്ചതിനു ശേഷം മണ്ണിട്ടുമൂടി കാൽ ഭാഗത്തും തല ഭാഗത്തും അടയാള സ്തൂപങ്ങൾ നാട്ടി. ഇവിടുത്തെ ഖബറുകൾക്ക് ഒരു ചാൺ പോലും ഉയരം ഉണ്ടായിരുന്നില്ല!!!. അതിനു ശേഷം ഒരാൾ പറഞ്ഞു, “നിങ്ങൾക്ക് ഈ മരിച്ച വ്യക്തിയ്ക്കൂവേണ്ടി ചെയ്യാൻ കഴിയുന്ന മഹത്തായ കാര്യം അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിനു വേണ്ടി പ്രാർഥിക്കുക എന്നതാണ്. അതിനാൽ നിങ്ങൾ മൌനമായി പ്രാർഥിക്കുക”. എല്ലാവരും അൽപ്പനേരം മൌനമായി പ്രാർഥനയിൽ മുഴുകി. പ്രവാചകന്റെ മാതൃകയും അതാണത്രെ.

ശേഷം എല്ലാവരും എന്റെ സഹപ്രവർത്തകനെ തലോടിയും ചുംബിച്ചും സമാധാനിപ്പിച്ചും യാത്ര പറഞ്ഞു പിരിഞ്ഞുപോയി. തെരഞ്ഞ വാക്കുകൾ പുറത്തേക്കു വരാനാവാതെ കണ്ണുകളിലൊളിപ്പിച്ച് ഞാനും.

എല്ലാവരും പോയിക്കഴിഞ്ഞ്
ഏകാന്തതയുടെ കൂട്ടിൽ അയാളിൽ ഒരുതരം ശ്യൂനത നിറഞ്ഞിട്ടുണ്ടാകണം.
ആ ശ്യൂനതയിൽ വെളിച്ചം നിറക്കാൻ ആർക്കാണു കഴിയുക?
ഏകനായ, കാരുണ്യവാനായ അള്ളാഹുവിനല്ലാതെ.