Monday, December 23, 2019

ഉപ്പമാരുടെ ജനന സർട്ടിഫിക്കറ്റ്

ഉപ്പമാരുടെ ജനന സർട്ടിഫിക്കറ്റ്
എവിടെയാണുള്ളത്?

പോർച്ചുഗീസ് അധിനിവേശകാലത്ത്
സാമൂതിരിയത് ഈ മണ്ണിൽ
നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു.

ബ്രിട്ടീഷ് അധിനിവേശകാലത്ത്
ഗാന്ധിജിയത് കയ്യൊപ്പ് ചാർത്തി
തോളോട് ചേർത്ത് നടന്നിരുന്നു.

വെള്ളക്കാരുടെ ശമ്പളം പറ്റുന്നത് ഹറാമാണെന്ന ഫത് വയിറക്കി
ഓച്ചാനിച്ച് നിൽക്കാതെ ഉദ്യോഗം വലിച്ചെറിഞ്ഞ്
പൊരുതിപ്പൊരുതി ഈ മണ്ണിലത്
കണ്ണോട് ചേർത്ത് പരിപാലിച്ചിരുന്നു.

ബ്രിട്ടീഷ് വിരുദ്ധ മലബാർ കലാപത്തിൽ
ചോര ചിതറിത്തെറിച്ച്
അത് ചുവന്ന് തുടുത്തിരുന്നു.
വാഗൺ ട്രാജഡിയിൽ
വായു കിട്ടാതെ പിടഞ്ഞവർക്ക്
ഈ മണ്ണിനോളം ശ്വാസം
പകുത്തു നൽകിയിരുന്നു.

സ്വാതന്ത്ര്യാനന്തരം
വിഭജനത്തിന്റെ വിത്തുകൾ വിലങ്ങുതീർത്തപ്പോൾ
വിതുമ്പി വുതുമ്പി
ഈ മണ്ണിൽ തന്നെ മുഖം ചേർത്ത് നനഞ്ഞു പോകാതെയത് കാത്തിരുന്നു.

അങ്ങിനെയങ്ങനെ എത്രമേൽ കരുതലോടെയാണെന്നോ
ഈ മണ്ണിൽ ഓരോ ജനനവും
രേഖപ്പെട്ടത്

ഉപ്പമാരുടെ ജനന സർട്ടിഫിക്കറ്റ്
ഭാരതത്തിന്റെ അടിയാധാരമാണ്.
അതിനു മുകളിൽ കയറിയിരുന്നാണ് ഇപ്പോൾ ചില ശ്വാനന്മാർ
അത് തിരയാനും പൗരത്വം തെളിയിക്കാനും ആവശ്യപ്പെടുന്നത്.
*****
ഷമീർ ടി. കെ. ഹസൻ 

Monday, April 23, 2018

കാക്കകൾ കരയുന്നത്

കാക്കകൾ കരയുന്നത്


രാത്രിക്ക് കനം കൂടിയതും ദിവാകരൻ പതുക്കെ പുറത്ത്കടന്ന് കതകടച്ചു. മുന്നിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ഇരുട്ടിന്റെ കാഠിന്യം ഓർമ്മിപ്പിച്ച് ക്ളോക്ക് പിന്നിൽ സംഗീതം മുഴക്കി. നിലാവ് പൊഴിക്കുന്ന ചന്ദ്രനെ ഇരുണ്ട മേഘങ്ങൾ മറച്ചു. കണ്ണുകളടച്ച ചെടികൾക്കരികിലൂടെ ദിവാകരൻ നടന്നു. നീണ്ടുകിടക്കുന്ന ടാറിട്ട റോഡിൽ നിന്നും വലതു ഭാഗത്തുകൂടി പോകുന്ന ചെറിയ ഇടവഴിയിലൂടെ നടന്നിട്ടുവേണമായിരുന്നു അയാൾക്ക് ലക്ഷ്യസ്ഥാനത്തെത്താൻ.

ദിവാകരൻ അങ്ങനെ അറിയപ്പെടുന്ന ഒരു കള്ളനൊന്നുമല്ല. മോഷണം അയാൾ ഒരു തൊഴിലാക്കിയിട്ടുമില്ല. ചെറുപ്പത്തിൽ കണ്ണിൽ പെടുന്ന മോഹം തോന്നുന്നതെന്തും എടുത്തു കൊണ്ടുപോകുകയെന്നത് അയാളുടെ ഒരു ശീലമായിരുന്നു. ചെയ്യുന്നത് തെറ്റാണെന്ന പൂർണ്ണ ബോധ്യമുണ്ടായിട്ടു തന്നെയാണ് ദിവാകരൻ ചെറുപ്പത്തിലും ഇടക്കിടെ മോഷ്ടിച്ചിരുന്നത്. എത്ര ശ്രമിച്ചാലും നിയന്ത്രിക്കാൻ കഴിയാത്ത വിധം ഒരു ആസക്തിയായി ആ ശീലം വളർന്നു. മോഷണത്തിന്റെ രീതികൾ മാറി മാറി വന്നു. ചെയ്യുന്നു തെറ്റോർത്ത് പലപ്പോളും അയാൾ സ്വന്തം കൈ കടിച്ചു മുറിക്കുകയും മുട്ടിക്കുളങ്ങര ക്ഷേത്രത്തിൽ പോയി തേങ്ങയുടച്ച് പ്രാർത്ഥിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. എന്തൊക്കെ പരിഹാരങ്ങൾ ചെയ്തിട്ടും ദിവാകരന്റെ ശീലത്തിൽ ലവലേശം കുറവുണ്ടായില്ല.

ഇപ്പോൾ ദിവാകരൻ പഴയതുപോലൊന്നുമല്ല. ജീവിക്കാൻ ഒരു സർക്കാർ ഉദ്യോഗമുണ്ട്. ഭാര്യയേയും കുട്ടികളേയും പോറ്റാൻ അതുതന്നെ ധാരാളമാണുതാനും. പക്ഷേ, സമൂഹത്തിലെ സ്ഥിരം മാനസികാവസ്ഥകളുമായി മുഖാമുഖം സന്ധിക്കേണ്ടി വരുമ്പോൾ അറിയാതെ തെറ്റിലേക്ക് വലിച്ചിഴക്കപ്പെടുന്നു. സ്വയം നിയന്ത്രിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നു!

ദിവാകരന്റെ അന്നത്തെ യാത്രയുടെ ഉദ്ദേശവും മറ്റൊന്നായിരുന്നില്ല. ഒരു വൈകുന്നേരത്ത് നഗരത്തിലെ ഒരു ശീതീകരിച്ച കൂൾബാറിൽ നിന്ന് തണുത്ത ആപ്പിൾ ജ്യൂസ് കുടിച്ചു കൊണ്ടിരിക്കുമ്പോളാണ് ‘അയാളും’ കൂടെ കണ്ണട വെച്ച മറ്റൊരാളും അങ്ങോട്ട് കടന്നു വന്നത്. ഒറ്റ നോട്ടത്തിൽ തന്നെ ആരും ശ്രദ്ധിക്കുന്ന മുഖമായിരുന്നു അയാളുടേത്. വെളുത്ത് ഒത്തവണ്ണമുള്ള സുമുഖൻ. ക്ളീൻ ഷേവ് ചെയ്ത മുഖം. വശത്തേക്ക് കോതിയിട്ട മുടി. തൊട്ടടുത്ത മേശക്കരികിൽ ഇരുന്ന അവരുടെ സംഭാഷണം ദിവാകരൻ ശ്രദ്ധിക്കുന്നതും യാദൃശ്ചികമായിട്ടായിരുന്നു.

“അവൾക്കെന്നും പരാതിയാണ്. എനിക്കും മടുത്തു. വർഷം കുറേയായില്ലേ ഈ കിടപ്പ്…! വിവാഹം കഴിഞ്ഞ് ശരിക്കൊന്ന് ആസ്വദിച്ചതുപോലുമില്ല. ദൈവം തമ്പുരാനാണേൽ മേല്പോട്ടുമില്ല കീഴ്പോട്ടുമില്ല എന്ന തരത്തിലാണെന്നാ തോന്നുന്നേ. ഇതിനു മുൻപ് രണ്ട് തവണയാ പോകാനുള്ള ചാൻസ് കളഞ്ഞു കുളിച്ചത്. എന്തായാലും ഇത്തവണ ഒഴിവാക്കാൻ പറ്റില്ല. അവളെ കൂട്ടാതെ പോകാൻ വിടത്തുമില്ല…! ഭക്ഷണവും മറ്റും രാവിലെ വന്ന് വേലക്കാരിപ്പെണ്ണ് ഉണ്ടാക്കിക്കൊടുത്തോളും. രാത്രിയിലാണ് ഒരു പേടി. അതിപ്പൊ … ഒറ്റ രാത്രിയല്ലേ പ്രശ്നമുള്ളൂ. ഒന്നുമുണ്ടാവില്ലെന്നങ്ങ് കരുതാം”

“സ്ഥിരമായ ഒരു സംവിധാനമെന്ന നിലക്ക് സ്നേഹ ഭവനത്തിൽ കൊണ്ടുചെന്നാക്കാൻ എത്ര കാലമായി നിന്നോട് ഞാൻ പറയുന്നു. അവിടെയാവുമ്പൊ നമ്മുടെ ടെൻഷനും കാര്യവും സ്വസ്ഥം.”

“ആലോചിക്കായ്കയല്ല; പക്ഷേ, ഞാൻ നാട്ടിൽ തന്നെയുള്ളപ്പോൾ…”
“അതൊന്നും അത്ര കാര്യമാക്കാനില്ല. പ്രത്യേകിച്ചും ഇന്നത്തെ കാലത്ത്…! സമയമില്ലാത്തതിനാലല്ലേ അവർ നമ്മെ ബോർഡിംഗിലാക്കി പഠിപ്പിച്ചതും വളർത്തിയതും. അതുപോലെ നമ്മൾ തിരിച്ചും ചെയ്യുന്നുവെന്നേയുള്ളൂ..”

“പക്ഷേ, നാട്ടുകാർക്ക് പറയാൻ പിന്നെ അതുമതി”

അവരുടെ പുകയുന്ന സംഭാഷണങ്ങൾക്കിടയിലൂടെ ദിവാകരൻ തന്റെ കയ്യിലെ തണുത്ത ജ്യൂസ് നീണ്ട് കനം കുറഞ്ഞ കുഴലിലൂടെ വലിച്ചു കുടിച്ചു കൊണ്ടിരുന്നു. അതിനിടയിൽ രസമുകുളങ്ങളിൽ പ്രതിധ്വനിച്ച രൂക്ഷമായ ആ ആലസ്യത്തിൽ നിന്നുമാണ് അയാൾ ഈ യാത്രയിലേക്ക് എടുത്തെറിയപ്പെട്ടത്. വിശാലമായി കരയുന്ന നിശാ ജീവികളുടെ ശബ്ദവീചികൾക്ക് താളം പകർന്ന് ദിവാകരൻ നടന്നു. മേഘച്ചുരുളുകൾക്കിടയിലൂടെ ചന്ദ്രൻ അയാളെ എത്തിനോക്കാൻ ശ്രമിച്ചു. ഓർമ്മകളുടെ നനുത്ത പ്രതലത്തിലൂടെ ദിവാകരൻ സഞ്ചരിച്ചു. കഷായവും തൈലവും മണക്കുന്ന മെലിഞ്ഞ കൈകൾ കൊണ്ട് അമ്മ അയാളുടെ മുടിയിഴകളിലൂടെ കൈ വിരലുകളോടിക്കുന്നത് അയാളറിഞ്ഞു. മുറിഞ്ഞു പോകാൻ ഇഷ്ടമില്ലാത്ത ഗന്ധവും പേറി ജീവിതത്തിലെ കയ്പുനിറഞ്ഞ അനുഭവങ്ങങ്ങളുടെ കഥകൾ കേട്ട് അയാൾ നടന്നു.

തന്റെ പതിവു ശൈലിയിൽ നിന്നും ഒട്ടും വ്യതിചലിക്കാതെത്തന്നെയാണ് ദിവാകരൻ ആ വീടിന്റെ മുകളിലത്തെ നിലയിലൂടെ അകത്തേക്ക് കടന്നത്. ഇടതുഭാഗത്തെ ഗോവണിവഴി ശബ്ദമുണ്ടാക്കാതെ താഴെ എത്തിയപ്പോൾ മേശമേൽ മൂടിവെച്ച എന്തൊക്കെയോ സീറോ ബൾബിന്റെ അരണ്ട വെളിച്ചത്തിലും കാണാമായിരുന്നു. മേശയുടെ എതിർഭാഗത്ത് പൂർണ്ണമായടയാത്ത വാതിലിലൂടെ ഇടവിട്ടുയർന്ന മുരൾച്ച അയാൾ കേട്ടു. സൂക്ഷിച്ച് പതുക്കെ വാതിൽ തുറന്ന് നോക്കിയപ്പോൾ കട്ടിലിൽ ഒരു വൃദ്ധ അവശയായി ഞരങ്ങുന്നുണ്ടായിരുന്നു. അവരുടെ കണ്ണുകൾ ആർദ്രമായി ദിവാകരനെ നോക്കി. അവയിൽ നിന്നും കണ്ണിനീരൂർന്നിറങ്ങിയ പാട് ആ അരണ്ട വെളിച്ചത്തിലും അയാൾ കണ്ടു. തന്റെ തഴമ്പിച്ച കൈകൾ കൊണ്ട് ദിവാകരൻ ആ വൃദ്ധയുടെ നെറ്റിയിൽ പതുക്കെ തടവി. പനിച്ചു വിറക്കുന്ന ശരീരം തന്റെ നെഞ്ചിലേക്ക് ചാരിയിരുത്തി. പാത്രത്തിൽ മൂടിവെച്ചിരുന്ന കഞ്ഞി അവരുടെ വായിലേക്ക് പതുക്കെ പകർന്നു. അത് അല്പാല്പമായി ഇറക്കിക്കൊണ്ടിരിക്കെ അവരുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായൊഴുകി. തൊട്ടടുത്ത് മേശപ്പുറത്ത് കണ്ട മരുന്ന് പാത്രത്തിൽ നിന്നും ആവശ്യമായവ കൊടുത്ത് അവരെ അയാൾ സാന്ത്വനിപ്പിച്ച് കിടത്തി. കണ്ണുനീർ വറ്റി ആർദ്രമായ നോട്ടത്തോടെ അവർ കണ്ണുകളടച്ചു.

തന്റെ അനൗദ്യോഗിക കൃത്യനിർവ്വഹണത്തിലെ പരതലുകൾക്ക് ശേഷം അയാൾ അവിടെ നിന്നും മടങ്ങി. പുറത്ത് കണ്ണുകൾ തുറന്ന് ചെടികളും വൃക്ഷങ്ങളും ദിവാകരനെ നോക്കി പുഞ്ചിരിച്ചു. തെളിഞ്ഞ ആകാശത്തിൽ നിന്നും നിലാവ് ഭൂമിയിലേക്കിറങ്ങി വന്ന് അയാളെ വാരിപ്പുണർന്നു. അപ്പോൾ രാത്രിയുടെ മൂന്നാം യാമവും പിന്നിട്ട് കഴിഞ്ഞിരുന്നു.

പതിവുപോലെ പിറ്റേ ദിവസങ്ങളിലും ദിവാകരൻ തന്റെ ഓഫീസിൽ ജോലിക്ക് പോയി. അസ്വാഭാവികതകളുടെ പരിണാമങ്ങളുമായി ഒട്ടും തന്നെ സമ്പർക്കം പുലർത്താൻ അയാൾ  തയ്യാറല്ലായിരുന്നു. മൂന്നാം ദിവസം പത്രത്തിൽ കണ്ട രണ്ടരക്കോളം വാർത്ത വായിച്ച അന്നു മാത്രം അയാൾ ജോലിക്ക് പോയില്ല. അന്ന് മുഴുക്കെ മുറ്റത്തെ മാവിൻ കൊമ്പിലിരുന്ന് ഒരു കാക്ക അയാളെ നോക്കി കരഞ്ഞു കൊണ്ടിരുന്നു. പിന്നെ അതൊരു കൂട്ടക്കരച്ചിലായി അവിടെ മുഴങ്ങി. അപ്പോൾ സുമുഖനായ ഒരു യുവാവും സുന്ദരിയായ അയാളുടെ ഭാര്യയും ദിവാകരനു പിന്നിൽ നിന്ന് ശന്തമായി ചിരിക്കുന്നുണ്ടായിരുന്നു. ഭൂമിയുടെ ചുറ്റുപാടുനിന്നും ആ കരച്ചിലുകളും ചിരികളും പ്രതിധ്വനിച്ച് പ്രകമ്പനം കൊള്ളുന്നത് അയാളറിഞ്ഞു. ആ വാർത്തയുടെ തല വാചകം ഇങ്ങിനെയായിരുന്നു.

“വൃദ്ധയെ കൊന്ന് ആഭരണം കവർന്നു”

*********
1999 ൽ  "സംയമി" എന്ന പൊന്നാനി കോളേജ് മാഗസിനിൽ എഴുതിയത്.

Wednesday, April 4, 2018

ചെറ്റകൾ....!

പണ്ട് പണ്ടൊരാളുണ്ടായി.
കൂട്ടിനൊരിണയുമുണ്ടായി.
മതങ്ങൾ അവരെ
ആദമെന്നും ഹവ്വയെന്നും പരിചയപ്പെടുത്തി.
മതമില്ലാത്തവർ ആദിമ മനുഷ്യരെന്നും.

ഇലകൾ കൊണ്ട് അവർ നാണം മറച്ചു.
ഓലകൊണ്ടും പുല്ലുകൊണ്ടും കുടിലുണ്ടാക്കി.
ചെറ്റക്കുടിൽ...!

കാലം മാറി.
ചുമരുകളും ഓടും കോൺക്രീറ്റുമായി
കുടിലുകൾ രൂപാന്തരം പ്രാപിച്ചു.

അപ്പോളാണ്
ആദമും ഹവ്വയുമടക്കം
ആദിമ മനുഷ്യർ
ചെറ്റകളായി‌മാറിയത്.

ലോകത്തിലെ ആദ്യത്തെ ചെറ്റകൾ.

നിങ്ങളിനിയും ഇതു തന്നെ വിളിക്കണം
ചെറ്റകൾ....!

Sunday, January 14, 2018

സന്തോഷച്ചിരി...!

രാവിലെ എണീറ്റ് സ്കൂൾ യൂനിഫോമിട്ട് വന്ന് മോൾ എന്നെ കണ്ണാടിക്ക് മുന്നിലേക്ക് വിളിച്ചു.

"ഉപ്പാ നോക്ക്....." !

കണ്ണാടിയിൽ നോക്കി അവൾ ചിരിക്കുന്നു. 

എന്തൊരു മനോഹാരിതയാണ് ആ ചിരിക്ക്....!

ഞാനും ചിരിച്ചു.

നഷ എന്നാണ് മോൾടെ പേര്. സുഗന്ധം എന്നാണ് അറബിക് വാക്കിന്റെ  അർത്ഥം. രാവിലെ തന്നെ ചിരികൊണ്ട് സുഗന്ധം പടർത്തി അവൾ.

ഇന്നത്തെ ദിവസം ഏറെ മനോഹരമാകുമെന്ന് എന്റെ മനസ്സ് മന്ത്രിച്ചു.

എന്താണിത്ര ചിരിക്കാനെന്ന് ആകാംക്ഷയോടെ നോക്കി നിൽക്കെ അവൾ പറഞ്ഞു.

"ടീച്ചർ പറഞ്ഞിട്ടുണ്ട് എന്നും രാവിലെ കണ്ണാടിയിൽ നോക്കി ഇങ്ങിനെ  ചിരിക്കാൻ."

എത്ര നല്ല ടീച്ചർ..! കുഞ്ഞുങ്ങളിൽ സന്തോഷം പകർത്തുകയും പടർത്തുകയും ചെയ്യുന്ന ടീച്ചർ.

ജപ്പാനിലാണെന്ന് തോന്നുന്നു അവരുടെ കുട്ടികളെ അവർ പുഞ്ചിരിക്കാൻ പരിശീലിപ്പിക്കാറുണ്ടെന്ന് മനോജേട്ടൻ എഴുതിയത് ഇപ്പോൾ വായിച്ചതേയുള്ളൂ.

ഒരു ദിവസം ഞാൻ ഓഫീസിലേക്ക് വരികയായിരുന്നു. അന്ന് തന്നെ ചെയ്തു തീർക്കേണ്ട ചില ജോലികൾ എന്റെ ചിന്തയെ വരിഞ്ഞ് പിടികൂടിയിരുന്നു.  ജോലികളെക്കുറിച്ചോർത്ത് ഇന്ന് എത്ര വൈകിയാവും വീട്ടിലെത്താനാവുക എന്ന് വ്യാകുലപ്പെട്ട്  അറ്റൻഡൻസ് പഞ്ച് ചെയ്യാൻ നടക്കവേ ഓഫീസ് വാതിലിനു മുന്നിലെ സെക്യൂരിറ്റി പയ്യൻ ചിരിക്കുന്നു. ഒപ്പം ഒരു ഓഫീസ് ബോയിയും ചിരിക്കുന്നു. എന്റെ കാടുകയറിയ ചിന്തകൾ സഡൺ സ്റ്റോപ്പായി.
മനസ് തണുപ്പ് നിറഞ്ഞ് അയഞ്ഞു.

എന്റെ ചുണ്ടിലും ചിരി വിരിഞ്ഞു. എന്റെ ചിരി കണ്ട് റിസപ്ഷനിലുള്ള യുവതിയും ചിരിക്കുന്നു.

ഡിപ്പാർട്ട്മെന്റിൽ റാമി എന്ന തുനീഷ്യൻ യുവാവ് മാത്രമേ എത്തിയിട്ടുണ്ടായിരുന്നുള്ളൂ.
ഞാൻ വളരെ സന്തോഷവാനായി ചിരിച്ച് റാമിക്ക് സലാം പറഞ്ഞു.
അവനും ചിരിച്ചു,  സലാം മടക്കി. ആ ചിരിയും കൊണ്ട് അവൻ മറ്റാരുടേയോ അടുത്തേക്ക് നടന്നു നീങ്ങി.
അന്നത്തെ ദിവസം എത്ര മനോഹരമായിരുന്നെന്നോ..!
തീർക്കേണ്ട ജോലികൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ തീർന്നു. നേരത്തേ വീട്ടിൽ മടങ്ങിയെത്തി.

എഴുത്ത് നീണ്ടു പോകുന്നു. ഇവിടെ അവസാനിപ്പിക്കേണ്ടതുണ്ട്.

അപ്പോൾ..... പറഞ്ഞുവന്നത് ചിരിയെക്കുറിച്ചും സന്തോഷത്തെക്കുറിച്ചുമാണ്.

നമുക്കും നമ്മോട് ചിരിക്കാം.
പിന്നീട് അമ്മയോട്, അച്ചനോട്, സഹോദരങ്ങളോട്, 
അയൽ വാസിയോട്,
ബന്ധുക്കളോട്,
അപരിചിതരോട്,
നമുക്ക് മുന്നിലും എതിരിലും വരുന്ന എല്ലാവരോടും സ്നേഹം കൊണ്ട് ചിരി പടർത്താം....!

സന്തോഷം നിറയട്ടേ...!!

Monday, October 2, 2017

ഞാൻ ആരാണ്...!!




ഞാൻ ഹിന്ദുവാണ് !

ഞാൻ മുസ്ലിമാണ് !

ഞാൻ ……………………..!

ചില മന്ത്രങ്ങൾ

ഉച്ഛസ്ഥായിയിൽ ഒച്ചയാവുന്നു.



ആരുടെ ജനാധിപത്യത്തിനാണ്

ഗിന്നസ് ബുക്കിൽ കയറാനാവുകയെന്ന്

ഒളിച്ചിരിക്കുന്ന ദർശനങ്ങൾ

പാകപ്പെടുത്തുന്നു.



ശ്വാസം അതിവേഗത്തിലാകും

ശരീരം വിറയ്ക്കും

വിയർപ്പിൽ കുളിക്കും.



പന്നിയും പശുവും

പരസ്പരം വിളമ്പി

കലാപം

തെരുവുകളിൽ ഉൽസാഹം നിറക്കും.

ആപത്ത് പഠിപ്പിക്കുന്ന ഐക്യം!



നീണ്ടകഥപോലെ

തെരുവ്

ജനാധിപത്യത്തിന്റെ മൂക്കുകയർ പരതും.

ശ്വാസം മുട്ടുമ്പോൾ

ജിഹാദും കർസേവയും

മുക്രയിടും.



ജനാധിപത്യം വിജയിച്ചുവെന്ന്

ഒച്ച പരക്കുമ്പോൾ

ചുടുചോര

ഹിന്ദുവും മുസ്ലിമുമെന്ന്

ചേർന്നൊഴുകി

ഒരു പുതിയ നദി പിറവിയെടുത്തിരിക്കും.



മുങ്ങിയും പൊങ്ങിയും

നീയാരാണെന്ന് ഞാനും

ഞാനാരാണെന്ന് നീയും

കൊമ്പ് കോർക്കുമ്പോൾ

ശ്വാസം നിലക്കും മുൻപ്

ഒച്ചയില്ലാത്തൊരു മന്ത്രം

മന്ത്രസ്ഥായിയിലലിയും.



ഞാൻ മനുഷ്യനാണ്.

ഞാൻ മനുഷ്യനാണ്.



****************************



























Tuesday, April 11, 2017

അമ്മക്ക് പിറക്കാത്തവർ...!


അമ്മ മനസ്സാണല്ലോ ഏതാനും ദിവസങ്ങളായി മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത്.

കാണാതായ മകനെ അന്വേഷിച്ച്,
കൊല്ലപ്പെട്ട മകന്റെ നീതിക്കുവേണ്ടി.
ജയിലിലകപ്പെട്ട മക്കൾക്കുവേണ്ടി,
മകൻ പൊരുതിയ  അവകാശങ്ങൾക്ക് വേണ്ടി,

മക്കൾക്കുവേണ്ടിയുള്ള അമ്മമാരുടെ സഹനങ്ങളും സമരങ്ങളും വീട്ടകങ്ങളിൽ നിന്നും തെരുവിലേക്ക് കൂടി വ്യാപിപ്പിക്കപ്പെട്ട വേദനാജനകമായ സ്ഥിതിവിശേഷത്തിലാണ് നമ്മുടെ നാട് എത്തി നിൽക്കുന്നത്. അമ്മമാർ മക്കൾക്കുവേണ്ടി സ്വന്തം ആത്മാവിനെ ദാനം ചെയ്യുകയാണ്.

മാക്സിം ഗോർക്കിയുടെ ‘അമ്മ’ എന്ന നോവൽ എപ്പോളാണ് ഈ അമ്മമാരൊക്കെ വായിച്ചത്..? അമ്മയുടെ അനുഭവങ്ങളിലൂടെ ലോകം കണ്ട മകൻ മനുഷ്യ സ്നേഹിയായതും വിപ്ലവകാരിയായതും അറസ്റ്റ് ചെയ്യപ്പെട്ടതും പിന്നീട് മകന്റെ ദൗത്യങ്ങൾ അമ്മ ഏറ്റെടുക്കുന്നതും പോലീസ് മർദ്ദനത്തിൽ മരിച്ചു വീഴുന്നതുമൊക്കെ ഇപ്പോളും യാഥാർത്യത്തോട് നീതിപുലർത്തപ്പെട്ടുകൊണ്ടിരിക്കുന്നു! ഗോർക്കി എഴുതിയത് എല്ലാ അമ്മമാരുടേയും മനസ്സായതുകൊണ്ടാണ് ആ നോവൽ അത്രയേറെ വിഖ്യാതമായതും ചർച്ച ചെയ്യപ്പെട്ടതും.

അമ്മ എന്ന സ്നേഹത്തെക്കുറിച്ചും വാത്സല്യത്തെക്കുറിച്ചും അനുഭവത്തെക്കുറിച്ചും ചിലരൊക്കെ എഴുതിയത് വായിക്കണമെന്ന ആഗ്രഹത്തോടെയാണ് ഗൂഗിളിൽ ‘അമ്മ’ എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ബട്ടൺ അമർത്തിയത്.  എന്നാൽ ‘അമ്മ’ എന്ന പദം ടൈപ്പ് ചെയ്യുമ്പോഴേക്കും വാക്കിന്റെ പൂർണ്ണതക്കായി ഗൂഗിൾ സെർച്ച് ഒപ്ഷൻ നൽകിയ വാചകങ്ങൾ നെഞ്ച് തകർക്കുന്ന കാഴ്ചയാണ് സമ്മാനിച്ചത്. കാണാനും വായിക്കാനും കേൾക്കാനുമറയ്ക്കുന്ന വൃത്തികെട്ട വാക്കുകൾ..!! സെർച്ചിൽ തെളിഞ്ഞുവന്ന ചില പേജുകളുടെ വിവരങ്ങൾ അതിനേക്കാൾ ദയനീയവും…!!
മലയാളിയായിപ്പോയതിൽ ലജ്ജ തോന്നിയ നിമിഷങ്ങൾ..!!!

ഇംഗ്ലീഷുകാരെ നാം വലിയ വായിൽ കുറ്റം പറയാറുണ്ട്, അവരുടെ ഏറ്റവും പ്രമാദമായ തെറി ‘ഫക്ക്’  എന്നാണെന്നും അവിടങ്ങളിൽ ലൈംഗിക  അരാജകത്വം കൊടി കുത്തി വാഴുന്നു എന്നൊക്കെപ്പറഞ്ഞ്. എന്നാൽ എത്രമാത്രം സംസ്കാരവിരുദ്ധവും തെമ്മാടിത്തരവുമായതുകൊണ്ടാണ്  അവർ ആ വാക്ക് തെറിയായി ഉപയോഗിക്കുന്നത്‌ എന്ന് ആലോചിച്ചു നോക്കൂ.

മലയാളത്തിനേക്കാൾ ഭീകരമാകും ഇംഗ്ലീഷിൽ സെർച്ച് ചെയ്താൽ ഉണ്ടാവുക എന്ന മുൻധാരണയിലാണ് Mother എന്ന് തിരഞ്ഞത്. പക്ഷേ, ഇംഗ്ലീഷിലെ അമ്മ ഗൂഗിളിൽ സ്നേഹം മാത്രമാണ്. Mummy യായാലും mom ആയാലും വികലമായതൊന്നും ആദ്യ പേജുകളിൽ കാണാൻ കഴിഞ്ഞിട്ടില്ല. മലയാളത്തിലെ തെറിപ്പാട്ടും അശ്ലീല കഥകളും തന്നെയാണ് 'ഫക്ക് ' എന്ന വാക്കിന്റെ ഉൽഭവത്തിന് നിദാനമെന്ന്  മാറ്റിപ്പറയേണ്ടിയിരിക്കുന്നു. മറ്റു ഇന്ത്യൻ ഭാഷകളിലും അമ്മയെ തിരഞ്ഞാൽ ഇങ്ങിനെയൊക്കെത്തന്നെയാകുമോ എന്തോ..!!

ലൈംഗികത എന്നത് മനുഷ്യന്റെ നിലനില്പിന്റെ അടിസ്ഥാനകാര്യങ്ങളിൽപെട്ടതുതന്നെയാണ്. കുട്ടികൾക്ക് സെക്സിനെപറ്റി ചോദിക്കാനോ വായിക്കാനോ അറിയാനോ ഉള്ള സാഹചര്യങ്ങൾ നമ്മുടെ സമൂഹത്തിൽ തുലോം കുറവാണെന്നത് യാഥാർത്ഥ്യമാണ്. അതുകൊണ്ടുകൂടിയാണ് കൗമാരകാലത്ത് കൊച്ചു പുസ്തകങ്ങൾ വായിക്കുന്നത് പ്രായത്തിന്റെ ജിജ്ഞാസയാകുന്നത്. എന്നാൽ അതിനുമപ്പുറം അത് മാനസിക വൈകല്യമായി പരിണമിക്കുന്നത് അങ്ങേയറ്റം ദയനീയമാണ്.

ഞങ്ങളുടെയൊക്കെ കൗമാരകാലത്തും കൊച്ചു പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ഇത് വായിക്കുന്ന നിങ്ങളും വായിച്ചിട്ടുണ്ടാകാം. എന്നാൽ അമ്മയും പെങ്ങളുമൊക്കെ കൊച്ചുപുസ്തകങ്ങളിലെ നായികമാരായി വരുന്നത് അന്നൊന്നും കണ്ടിട്ടില്ല. പുതിയ കാലത്തെ കൗമാര ജിജ്ഞാസകളിൽ അമ്മയും പെങ്ങളുമൊക്കെ വെറും കാമരൂപങ്ങളായി അവതരിപ്പിക്കപ്പെടുന്നത് എത്രമാത്രം ദൗർഭാഗ്യകരവും നിരാശാജനകവുമാണ്. അങ്ങിനെയൊക്കെ എഴുതുന്നവന്റെ മനോനില എത്രമാത്രം അപകടകരമായ സ്ഥിതിയിലായിരിക്കും നിലനിൽക്കുന്നത്.

ഇതൊക്കെ വായിച്ച് നിർവൃതിയടയുന്ന ചെറുപ്പക്കാരൻ പിന്നീട് തന്റെ അമ്മയെയും പെങ്ങളേയും ഏത് കണ്ണുകൊണ്ടാണ് നോക്കുകയും ഇടപെടുകയും ചെയ്യുന്നുണ്ടാവുക? സ്വന്തം അമ്മയെ ഉറക്ക ഗുളിക കൊടുത്ത് ഉറക്കിയതിനുശേഷം ലൈംഗികമായി ഉപയോഗിച്ച മകനെക്കുറിച്ച് വാർത്ത വന്നത് ഈയിടെയാണ്. മലയാളിയുടെ ചീഞ്ഞളിഞ്ഞ സംസ്കാരത്തിന്റെ പൊതുബോധം തന്നെയാണ് ഇന്റർനെറ്റിൽ അടിഞ്ഞുകൂടിയിട്ടുള്ളത്. അങ്ങിനെ വിതച്ചതെല്ലാം കൊയ്തു തുടങ്ങിയതാണ് സമീപകാല ദുരന്തമായി പരിണമിച്ചുകൊണ്ടിരിക്കുന്നത്.  മനസ്സിലെ മാലിന്യം ക്ലീൻ ചെയ്യാൻ ഇനിയും ഏത് സോഫ്റ്റ് വെയറാണ് നമുക്ക് നിർമ്മിക്കാനാവുക!!

അസുഖം ബാധിച്ച് പുതപ്പിനടിയിൽ തളർന്നുകിടക്കുമ്പോൾ, കയ്യോ കാലോ ഒന്ന് വേദനിക്കുമ്പോൾ, താൻ ഒറ്റപ്പെട്ടു പോയല്ലോ എന്ന് എപ്പോളെങ്കിലും തോന്നിപ്പോകുമ്പോൾ മനസ്സിൽ വരുന്നത് ‘അമ്മേ’ എന്നൊരു തേങ്ങലാണ്. അമ്മ നമ്മെ തനിച്ചാക്കില്ല എന്ന മനസ്സുറപ്പുള്ള സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ, കാരുണ്യത്തിന്റെ മാനസിക ബോധമാണത്.

അമ്മയുടെ നേരറിവ്  മനസ്സിലാവാൻ ഈ ഞരമ്പു രോഗികൾക്ക് എന്ത് മരുന്നാണ് നൽകാൻ കഴിയുക?
*************

Monday, April 3, 2017

ഷോപ്പിംഗ് മാളിലെ പാവക്കുട്ടി

ഷോപ്പിംഗ് മാളിലെ പാവക്കുട്ടി
- ഷമീർ ഹസ്സൻ

ഷോപ്പിംഗ് മാളിൽ  പർച്ചേസിംഗിനിടയിലാണ് ഒരു ചെറുപ്പക്കാരനെ ഞാൻ ശ്രദ്ധിച്ചത്. അയാൾ മൊബൈലിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.  മനോഹരവും വശ്യവുമാർന്ന ശബ്ദമായിരുന്നു അയാളുടേത്. മീശയും താടിയും ക്ലീൻ ഷേവ് ചെയ്ത് വട്ടമുഖമുള്ള അയാളുടെ വസ്ത്രധാരണവും ആകർഷണീയമായിരുന്നു.

പ്രവാസികളുടെ നേരം പോക്കുകളിലെ ഒരു പ്രധാന കേന്ദ്രമാണ് ഷോപ്പിംഗ് മാളുകൾ. ഒന്നും വാങ്ങാനില്ലെങ്കിലും അവധി ദിനങ്ങളിൽ ഏതെങ്കിലും മാളിൽ കറങ്ങി നടക്കുന്നവരുണ്ടാകും. ഇഷ്ടപ്പെട്ടതെന്തെങ്കിലും കണ്ടാൽ വാങ്ങും. ഇടക്ക് പരിചയമുള്ള മുഖങ്ങൾ കണ്ണുടക്കിയാൽ പരിചയം പുതുക്കലോ പുഞ്ചിരി കൈമാറലോ ഉണ്ടാകും. ഒരുകണക്കിന് ഓരോ പ്രവാസിയും ഷോപ്പിംഗ് മാളിൽ വില്പനക്ക് വെച്ച വസ്തുക്കൾ പോലെയാണ്. കാണുന്നവർക്ക് മൂല്യമുള്ളതും അണിഞ്ഞവർക്ക് മുഷിഞ്ഞു നാറിയതുമായ വസ്ത്രം പോലെ.

ധാരാളമാളുകൾ അവിടെ ഷോപ്പിംഗ് നടത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. പലതും എടുത്ത് നോക്കുന്നു, തിരിച്ചു വെക്കുന്നു, ഇഷ്ടപ്പെട്ടത് ട്രോളിയിലേക്ക് വെക്കുന്നു. അതിനിടയിൽ പരിചയമില്ലാത്ത ഒരുമുഖവും ആരും പ്രത്യേകമായി ശ്രദ്ധിക്കാൻ മെനക്കെടാറില്ല. പക്ഷേ, ആ ചെറുപ്പക്കാരൻ,  അയാൾ ഒരു പക്ഷേ, മൊബൈലിൽ സംസാരിക്കുന്നത് കേട്ടില്ലായിരുന്നെങ്കിൽ അയാളെ അങ്ങനെ പ്രത്യേകമായി ഞാൻ ശ്രദ്ധിക്കുമായിരുന്നില്ല. അയാളുടെ ശബ്ദം അത്രക്ക് ആകർഷകമായിരുന്നു, ശ്രവണമനോഹരമായിരുന്നു. ഇയാൾ ഒരു ഗായകനോ റേഡിയോ അവതാരകനോ മറ്റോ ആയിരുന്നെങ്കിൽ കേൾവിക്കാർ ആനന്ദത്തോടെ പരിപാടികൾ ശ്രവിക്കുമെന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
കുട്ടികളുടെ കളിപ്പാട്ടങ്ങൾ വില്പനക്ക് വെച്ചിരിക്കുന്ന ഭാഗമായിരുന്നു അത്. 

അയാൾ അപ്പോൾ സംസാരിച്ചു കൊണ്ടിരുന്നത് കയ്യിലുള്ള ഒരു പാവക്കുട്ടിയെക്കുറിച്ചായിരുന്നു. അയാൾ സംസാരിക്കുന്നത് ഭാര്യയോടായിരിക്കുമെന്നും തന്റെ കുഞ്ഞിന് കളിപ്പാട്ടം വാങ്ങാൻ വന്നതായിരിക്കുമെന്നും ഞാൻ ഊഹിച്ചു. പാട്ടിനനുസരിച്ച് നൃത്തം വെക്കുന്ന ഒരു പാവക്കുട്ടിയായിരുന്നു അത്. അത് ലഭിക്കുമ്പോൾ അയാളുടെ മകൾക്കുണ്ടാകുന്ന സന്തോഷത്തിന്റെയും അത് കാണുമ്പോൾ അയാളിലും ഭാര്യയിലുമുണ്ടാകുന്ന ആനന്ദത്തിന്റെ വ്യാപ്തിയും അയാളുടെ കണ്ണുകളിൽ പ്രതിഫലിച്ചിരുന്നു.

അവിടത്തെ കളിപ്പാട്ടങ്ങൾ ആകെ ശബ്ദമുഖരിതമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നതായി എനിക്ക് തോന്നി. ചില പാവകൾ പാട്ടുകൾ പാടി ഡാൻസ് ചെയ്യുന്നു. ദിനോസറുകൾ വലിയ വായിൽ ഒച്ച വെക്കുന്നു. വിമാനങ്ങൾ ചീറിപ്പായുകയും ലാൻഡ് ചെയ്യുകയും ചെയ്യുന്നു. ചെറിയ കാറുകൾ അതിവേഗത്തിലോടുന്നു. വന്യമൃഗങ്ങൾ മുരളുന്നു. കാർട്ടൂൺ കഥാപാത്രങ്ങൾ പാട്ടിനനുസരിച്ച് താളം ചവിട്ടുന്നു.

റിമോട്ടിൽ പ്രവർത്തിപ്പിക്കാനാകുന്ന ഒരു കാർ എടുത്ത്  അയാൾ അതിന്റെ പ്രവർത്തന രീതികളെക്കുറിച്ച് സെയിൽസ് മാനോട് ചോദിച്ചു മനസ്സിലാക്കി. സെയിൽസ് മാൻ ആ കാറിൽ ബാറ്ററി ഇട്ട് അത് പ്രവർത്തിപ്പിക്കേണ്ടതെങ്ങിനെയെന്ന് അയാൾക്ക് വിശദീകരിച്ചു കൊടുത്തു. റിമോട്ട് വാങ്ങി അയാളത് പ്രവർത്തിപ്പിച്ചു നോക്കി. മുന്നോട്ടും പിന്നോട്ടും ഇടത്തോട്ടും വലത്തോട്ടുമൊക്കെ അയാൾ ആ കാർ ഓടിച്ചു നോക്കി സംതൃപ്തനായി പാക്ക് ചെയ്ത് തിരിച്ചു വാങ്ങി. ഇരുപത് റിയാലായിരുന്നു അതിന്റെ വില.
ക്യാഷ് കൗണ്ടറിലേക്ക് നടക്കുന്നതിനിടയിൽ അയാൾ കയ്യിലുള്ള പാവക്കുട്ടിയെ ഒന്നുകൂടി നോക്കി. പിന്നീട് കാറിലേക്കും പാവക്കുട്ടിയിലേക്കും മാറി മാറി നോക്കി. അപ്പോളും അയാൾ മൊബൈലിൽ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അയാളുടെ മുഖഭാവം മാറുന്നത് ഞാൻ ശ്രദ്ധിച്ചു.

അപ്പോൾ മാത്രം അയാൾ പറയുന്നത് എന്താണെന്ന് കേൾക്കണമെന്ന് ഞാൻ ആകാംക്ഷാഭരിതനായി. ഞാൻ ഒട്ടും ശ്രദ്ധിക്കാത്തതുപോലെ അയാളിലേക്ക് നീങ്ങി നിന്നു.

അയാൾ ഭാര്യയെ ആശ്വസിപ്പിക്കുകയാണ്.

“ഇതുപോലത്തെ പാവക്കുട്ടികൾ ഇനിയും ഒരുപാടുണ്ടിവിടെ. നമുക്ക് പിന്നെയും വാങ്ങാലോ..!
രണ്ടും കൂടി വാങ്ങാൻ ന്റെ കയ്യിൽ പണം തികയുന്നില്ലടോ. അടുത്ത മാസത്തെ ശമ്പളം കിട്ടിയിട്ട് പാവക്കുട്ടിയെ വാങ്ങാം. ആരെങ്കിലും ഇനിയും നാട്ടിൽക്ക് വരുന്നുണ്ടാകും. ഇത്തവണ അവർ ചോദിച്ച റിമോട്ട് കാർ നമുക്ക് അവർക്ക് കൊടുക്കാം..”

അയാൾ ആ പാവക്കുട്ടിയെ അവിടെയുള്ള ഒരു ട്രേയിൽ ഉപേക്ഷിച്ച് തിരിഞ്ഞു നോക്കാതെ വേഗത്തിൽ ക്യാഷ് കൗണ്ടറിലേക്ക് നടന്നു.

അപ്പോൾ ആ പാവക്കുട്ടി പാട്ടിന്റെ ഈരടിയിൽ കാലിട്ടടിച്ച് കരയുന്നുണ്ടായിരുന്നു.

******************