Monday, April 3, 2017

ഷോപ്പിംഗ് മാളിലെ പാവക്കുട്ടി

ഷോപ്പിംഗ് മാളിലെ പാവക്കുട്ടി
- ഷമീർ ഹസ്സൻ

ഷോപ്പിംഗ് മാളിൽ  പർച്ചേസിംഗിനിടയിലാണ് ഒരു ചെറുപ്പക്കാരനെ ഞാൻ ശ്രദ്ധിച്ചത്. അയാൾ മൊബൈലിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.  മനോഹരവും വശ്യവുമാർന്ന ശബ്ദമായിരുന്നു അയാളുടേത്. മീശയും താടിയും ക്ലീൻ ഷേവ് ചെയ്ത് വട്ടമുഖമുള്ള അയാളുടെ വസ്ത്രധാരണവും ആകർഷണീയമായിരുന്നു.

പ്രവാസികളുടെ നേരം പോക്കുകളിലെ ഒരു പ്രധാന കേന്ദ്രമാണ് ഷോപ്പിംഗ് മാളുകൾ. ഒന്നും വാങ്ങാനില്ലെങ്കിലും അവധി ദിനങ്ങളിൽ ഏതെങ്കിലും മാളിൽ കറങ്ങി നടക്കുന്നവരുണ്ടാകും. ഇഷ്ടപ്പെട്ടതെന്തെങ്കിലും കണ്ടാൽ വാങ്ങും. ഇടക്ക് പരിചയമുള്ള മുഖങ്ങൾ കണ്ണുടക്കിയാൽ പരിചയം പുതുക്കലോ പുഞ്ചിരി കൈമാറലോ ഉണ്ടാകും. ഒരുകണക്കിന് ഓരോ പ്രവാസിയും ഷോപ്പിംഗ് മാളിൽ വില്പനക്ക് വെച്ച വസ്തുക്കൾ പോലെയാണ്. കാണുന്നവർക്ക് മൂല്യമുള്ളതും അണിഞ്ഞവർക്ക് മുഷിഞ്ഞു നാറിയതുമായ വസ്ത്രം പോലെ.

ധാരാളമാളുകൾ അവിടെ ഷോപ്പിംഗ് നടത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. പലതും എടുത്ത് നോക്കുന്നു, തിരിച്ചു വെക്കുന്നു, ഇഷ്ടപ്പെട്ടത് ട്രോളിയിലേക്ക് വെക്കുന്നു. അതിനിടയിൽ പരിചയമില്ലാത്ത ഒരുമുഖവും ആരും പ്രത്യേകമായി ശ്രദ്ധിക്കാൻ മെനക്കെടാറില്ല. പക്ഷേ, ആ ചെറുപ്പക്കാരൻ,  അയാൾ ഒരു പക്ഷേ, മൊബൈലിൽ സംസാരിക്കുന്നത് കേട്ടില്ലായിരുന്നെങ്കിൽ അയാളെ അങ്ങനെ പ്രത്യേകമായി ഞാൻ ശ്രദ്ധിക്കുമായിരുന്നില്ല. അയാളുടെ ശബ്ദം അത്രക്ക് ആകർഷകമായിരുന്നു, ശ്രവണമനോഹരമായിരുന്നു. ഇയാൾ ഒരു ഗായകനോ റേഡിയോ അവതാരകനോ മറ്റോ ആയിരുന്നെങ്കിൽ കേൾവിക്കാർ ആനന്ദത്തോടെ പരിപാടികൾ ശ്രവിക്കുമെന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
കുട്ടികളുടെ കളിപ്പാട്ടങ്ങൾ വില്പനക്ക് വെച്ചിരിക്കുന്ന ഭാഗമായിരുന്നു അത്. 

അയാൾ അപ്പോൾ സംസാരിച്ചു കൊണ്ടിരുന്നത് കയ്യിലുള്ള ഒരു പാവക്കുട്ടിയെക്കുറിച്ചായിരുന്നു. അയാൾ സംസാരിക്കുന്നത് ഭാര്യയോടായിരിക്കുമെന്നും തന്റെ കുഞ്ഞിന് കളിപ്പാട്ടം വാങ്ങാൻ വന്നതായിരിക്കുമെന്നും ഞാൻ ഊഹിച്ചു. പാട്ടിനനുസരിച്ച് നൃത്തം വെക്കുന്ന ഒരു പാവക്കുട്ടിയായിരുന്നു അത്. അത് ലഭിക്കുമ്പോൾ അയാളുടെ മകൾക്കുണ്ടാകുന്ന സന്തോഷത്തിന്റെയും അത് കാണുമ്പോൾ അയാളിലും ഭാര്യയിലുമുണ്ടാകുന്ന ആനന്ദത്തിന്റെ വ്യാപ്തിയും അയാളുടെ കണ്ണുകളിൽ പ്രതിഫലിച്ചിരുന്നു.

അവിടത്തെ കളിപ്പാട്ടങ്ങൾ ആകെ ശബ്ദമുഖരിതമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നതായി എനിക്ക് തോന്നി. ചില പാവകൾ പാട്ടുകൾ പാടി ഡാൻസ് ചെയ്യുന്നു. ദിനോസറുകൾ വലിയ വായിൽ ഒച്ച വെക്കുന്നു. വിമാനങ്ങൾ ചീറിപ്പായുകയും ലാൻഡ് ചെയ്യുകയും ചെയ്യുന്നു. ചെറിയ കാറുകൾ അതിവേഗത്തിലോടുന്നു. വന്യമൃഗങ്ങൾ മുരളുന്നു. കാർട്ടൂൺ കഥാപാത്രങ്ങൾ പാട്ടിനനുസരിച്ച് താളം ചവിട്ടുന്നു.

റിമോട്ടിൽ പ്രവർത്തിപ്പിക്കാനാകുന്ന ഒരു കാർ എടുത്ത്  അയാൾ അതിന്റെ പ്രവർത്തന രീതികളെക്കുറിച്ച് സെയിൽസ് മാനോട് ചോദിച്ചു മനസ്സിലാക്കി. സെയിൽസ് മാൻ ആ കാറിൽ ബാറ്ററി ഇട്ട് അത് പ്രവർത്തിപ്പിക്കേണ്ടതെങ്ങിനെയെന്ന് അയാൾക്ക് വിശദീകരിച്ചു കൊടുത്തു. റിമോട്ട് വാങ്ങി അയാളത് പ്രവർത്തിപ്പിച്ചു നോക്കി. മുന്നോട്ടും പിന്നോട്ടും ഇടത്തോട്ടും വലത്തോട്ടുമൊക്കെ അയാൾ ആ കാർ ഓടിച്ചു നോക്കി സംതൃപ്തനായി പാക്ക് ചെയ്ത് തിരിച്ചു വാങ്ങി. ഇരുപത് റിയാലായിരുന്നു അതിന്റെ വില.
ക്യാഷ് കൗണ്ടറിലേക്ക് നടക്കുന്നതിനിടയിൽ അയാൾ കയ്യിലുള്ള പാവക്കുട്ടിയെ ഒന്നുകൂടി നോക്കി. പിന്നീട് കാറിലേക്കും പാവക്കുട്ടിയിലേക്കും മാറി മാറി നോക്കി. അപ്പോളും അയാൾ മൊബൈലിൽ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അയാളുടെ മുഖഭാവം മാറുന്നത് ഞാൻ ശ്രദ്ധിച്ചു.

അപ്പോൾ മാത്രം അയാൾ പറയുന്നത് എന്താണെന്ന് കേൾക്കണമെന്ന് ഞാൻ ആകാംക്ഷാഭരിതനായി. ഞാൻ ഒട്ടും ശ്രദ്ധിക്കാത്തതുപോലെ അയാളിലേക്ക് നീങ്ങി നിന്നു.

അയാൾ ഭാര്യയെ ആശ്വസിപ്പിക്കുകയാണ്.

“ഇതുപോലത്തെ പാവക്കുട്ടികൾ ഇനിയും ഒരുപാടുണ്ടിവിടെ. നമുക്ക് പിന്നെയും വാങ്ങാലോ..!
രണ്ടും കൂടി വാങ്ങാൻ ന്റെ കയ്യിൽ പണം തികയുന്നില്ലടോ. അടുത്ത മാസത്തെ ശമ്പളം കിട്ടിയിട്ട് പാവക്കുട്ടിയെ വാങ്ങാം. ആരെങ്കിലും ഇനിയും നാട്ടിൽക്ക് വരുന്നുണ്ടാകും. ഇത്തവണ അവർ ചോദിച്ച റിമോട്ട് കാർ നമുക്ക് അവർക്ക് കൊടുക്കാം..”

അയാൾ ആ പാവക്കുട്ടിയെ അവിടെയുള്ള ഒരു ട്രേയിൽ ഉപേക്ഷിച്ച് തിരിഞ്ഞു നോക്കാതെ വേഗത്തിൽ ക്യാഷ് കൗണ്ടറിലേക്ക് നടന്നു.

അപ്പോൾ ആ പാവക്കുട്ടി പാട്ടിന്റെ ഈരടിയിൽ കാലിട്ടടിച്ച് കരയുന്നുണ്ടായിരുന്നു.

******************

No comments:

Post a Comment