Sunday, March 5, 2017

കിഫ്ബിയുടെ വരുമാന സ്രോതസുകൾ

കിഫ്ബിയുടെ വരുമാന സ്രോതസുകൾ

കിഫ്ബിക്ക് വരുമാനമെവിടെ എന്നതാണ് വിമർശകരുടെ പ്രധാന ചോദ്യം. പ്രവാസി ചിട്ടി തുടങ്ങി സമാഹരിക്കുന്ന പണം കാലാവധിയാകുമ്പോൾ തിരിച്ചു നൽകേണ്ടേ? ഈ പണം സർക്കാർ പദ്ധതികൾക്ക് ഉപയോഗിച്ചാൽ തിരിച്ചു നൽകുന്നതിന് പണം എങ്ങിനെ കണ്ടെത്തും? ഇവയാണ് വിമർശകരുടെ പ്രധാന സംശയങ്ങൾ അഥവാ ചോദ്യങ്ങൾ.

കിഫ്ബി പണം സമാഹരിക്കുന്നത് വായ്പകളിൽ നിന്നല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പകരം സർക്കാർ ബോണ്ടുകളിലൂടെയാണ് പണം സമാഹരിക്കുന്നത്. പ്രവാസി ചിട്ടി വഴി മാത്രമല്ല എന്നർത്ഥം. സാധാരണയായി എല്ലാ ബാങ്കുകളും അവരുടെ ഡെപ്പോസിറ്റുകളുടെ നിശ്ചിത ഭാഗം സർക്കാർ ബോണ്ടുകളിൽ നിക്ഷേപിക്കണമെന്നാണ് നിയമം. ബാങ്കുകൾ സർക്കാർ ബോണ്ടുകൾ വാങ്ങി പണം നൽകുന്നു. ഇത്തരത്തിൽ സർക്കാർ ഇറക്കുന്ന ബോണ്ടുകളിൽ ബാങ്കുകൾക്ക് മാത്രമല്ല  ആർക്കും പണം നിക്ഷേപിക്കാം. ബോണ്ടുകൾ എപ്പോൾ വേണമെങ്കിലും ആർക്കും വിൽക്കാം എന്നതാണ് അതിന്റെ പ്രത്യേകതയും ആകർഷണീയതയും. കൃത്യമായി പലിശയും ലഭിക്കും. കാശിന്റെ ചാക്രിക ചലനം സ്വാഭാവികമായി നടന്നുകൊണ്ടിരിക്കുകയും ചെയ്യും.

തിരിച്ചടവ് സാധ്യമാകുമോ?

ആദ്യമായി മനസ്സിലാക്കേണ്ടത് പ്രത്യക്ഷത്തിൽ ലാഭമില്ലാത്തതും തിരിച്ചടവില്ലാത്തതുമായ പദ്ധതികളിൽ മാത്രമല്ല കിഫ്ബി വഴി പണമിറക്കുന്നത് എന്നാണ്. ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, പട്ടികജാതി പട്ടികവർഗ വികസനം, കൃഷി, ഫിഷറീസ്, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളിലൊക്കെ പദ്ധതികളിൽ പണമിറക്കുന്നതോടൊപ്പം തന്നെ തിരിച്ചടവും ലാഭവും ലഭ്യമാകുന്ന വിവിധ പദ്ധതികളിലും കിഫ്ബി പണമിറക്കുന്നുണ്ട്.  വിഴിഞ്ഞം സീപോർട്ട്, കൊച്ചിൻ മെട്രോ, ലൈറ്റ് മെട്രോകൾ, മൊബിലിറ്റി ഹബ്ബ്, സബർബൻ റയിൽ പ്രൊജെക്റ്റ്, കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട്, വൈദ്യുത പദ്ധതികൾ, ട്രാൻസ്പോർട്ടേഷൻ, ഐ ടി പദ്ധതികൾ തുടങ്ങിയ ഒട്ടേറെ മേഖലകളിൽ ഫണ്ട് വിനിയോഗിക്കുന്നുണ്ട്.

അടിസ്ഥാന മേഖലയിൽ പണമിറക്കുമ്പോൾ തന്നെ തിരിച്ചടവിന് വളരെ ആസൂത്രിതമായ രൂപരേഖ കിഫ് ബി തയ്യാറാക്കിയിട്ടുണ്ട്. ഭവന പദ്ധതിയിൽ കിഫ്ബി പണമിറക്കുമ്പോൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ നിന്നും മുതൽ തിരിച്ചു പിടിക്കാവുന്ന രീതിയിലാണ് ആസൂത്രണം.

വ്യാവസായിക സംരഭങ്ങളുടെ അടിസ്ഥാനാവശ്യത്തിന് പണം നൽകുമ്പോൾ സംരഭകർ മുതലും പലിശയും പിന്നീട് കിഫ്ബിക്ക് തിരിച്ചടക്കണമെന്ന് വുവസ്ഥയുണ്ട്.

റോഡുകളും പാലങ്ങളും നിർമ്മിക്കുന്നതിന് കിഫ് ബി മുടക്കുന്ന തുകയുടെ തിരിച്ചടവ് ചുങ്കം പിരിക്കാത്ത സാഹചര്യത്തിൽ എങ്ങിനെ ലഭിക്കുമെന്നാണ് മറ്റൊരു ചോദ്യം കണ്ടത്. മോട്ടോർ വാഹന നികുതിയുടെ അമ്പതു ശതമാനം, പെട്രോളിയം സെസ് എന്നിവ സർക്കാർ കിഫ്ബിക്ക് നൽകുന്നതിലൂടെയാണ് ഈ തുകയുടെ തിരിച്ചടവിന് പരിഹാരമാകുന്നത്. ഇങ്ങിനെ വരുമ്പോൾ വാഹനമോടിക്കുന്നവരിൽ നിന്നുള്ള നികുതി വാഹന ഗതാഗത സൗകര്യം വർദ്ധിപ്പിക്കാൻ മാത്രം ഉപയോഗിക്കുന്നു എന്നുകൂടി മനസ്സിലാക്കണം. ഇപ്പോളത്തെ വക മാറ്റി ചെലവഴിക്കൽ നിൽക്കുമെന്നർത്ഥം.

ഇതിനു പുറമേ വിവിധ സർക്കാർ നികുതി വരുമാനത്തിന്റെ നിശ്ചിത ഭാഗം കൂടി കിഫ്ബിക്ക് ലഭിക്കുന്ന രീതിയിലാണ് പ്രവർത്തനം രൂപപ്പെടുത്തിയിട്ടുള്ളത്.

പ്രവാസി ചിട്ടി തിരിച്ചടവ്

KSFE യുടെ നിലവിലെ ചിട്ടി സമ്പ്രദായത്തിൽ ചിട്ടിയുടെ ആദ്യ ഗഡു കരുതൽ ധനമായി സൂക്ഷിക്കുകയാണ് അവർ ചെയ്യുന്നത്. എന്നാൽ ഇതിനു പകരമായി KSFE ഈ പണം കിഫ് ബിയുടെ സർക്കാർ ബോണ്ടുകളിൽ നിക്ഷേപിക്കും. ഇങ്ങിനെയാണ് പണം സമാഹരിക്കുന്നത്. നിലവിലെ സമ്പ്രദായത്തിൽ KSFE സൂക്ഷിച്ചു വെക്കുന്ന ആദ്യ ഗഡു കിഫ് ബിയിൽ സൂക്ഷിക്കുന്നു എന്ന് മാത്രം. KSFE യും ചിട്ടിയും സാധാരണ പോലെത്തന്നെ നടക്കും. ചിട്ടി ലഭിക്കുന്നവർക്ക് സാധാരണ പോലെത്തന്നെ കാശ് ലഭിക്കും. പിന്നെന്തിനാണ്  ആളുകളിൽ ബേജാറുണ്ടാക്കി പ്രതിപക്ഷം ഇതിനെ തകർക്കാൻ ശ്രമിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.


കേരളത്തിന്റെ സമസ്ത മേഖലകളിലും വികസനം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകൃതമയ കിഫ് ബി രാജ്യത്തിനുതന്നെ മാതൃകയാകാവുന്ന ബൃഹദ്  നിക്ഷേപ പദ്ധതിയാണ്. അത്യന്തം പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന നവ സാമ്പത്തിക കാലഘട്ടത്തിൽ പ്രതിസന്ധികളെ പ്രതിരോധിക്കാനുള്ള ക്രിയാത്മകമായ നിലപാടാണ് സഖാവ് തോമസ് ഐസക്കിലൂടെ ഇടതുപക്ഷ സർക്കാർ തയ്യാറാക്കിയിട്ടുള്ളത്.


കിഫ് ബിയെ ഇപ്പോൾ വിമർശിക്കുന്നവർ വരും നാളുകളിൽ ഇതിന്റെ പിതൃത്വം അവകാശപ്പെട്ട് രംഗത്ത് വരുന്ന സുന്ദരമായ കാഴ്ചയാണ് കേരള ജനത കാണാനിരിക്കുന്നത്.
Shameer Hassan 

No comments:

Post a Comment