Friday, October 29, 2010

കടക്കെണി എന്ന വീണ്ടുവിചാരം


ആധാരം പണയം വെച്ച്
നോട്ടീസ് വന്നപ്പോൾ
അച്ചൻ ചോദിച്ചു
എന്താ നിന്റെ വിചാരം ?

അറിയാതെ എന്റെ ഒച്ച
ഉച്ചത്തിലായപ്പോൾ
അമ്മയും ചോദിച്ചു
എന്താ നിന്റെ വിചാരം ?

കെട്ടുതാലിയിൽ കണ്ണുവെച്ച്
ഓമനിക്കാൻ ചെന്നപ്പോൾ
ഭാര്യ ഏങ്ങലടിച്ചു
എന്താ നിങ്ങടെ വിചാരം ?

അടവുതെറ്റിയ ബ്ലേഡുമായി
അടുക്കളയിൽ പാളിനോക്കി
അണ്ണാച്ചി കോപിച്ചു
നീങ്ക എന്ന നെനക്ക് റേ ?

കൊടുക്കാത്ത കാശിന്റെ
കണക്കുമായി വന്ന്
കൂട്ടുകാരും ഓർമ്മിപ്പിക്കുന്നു
എന്താടാ നിന്റെ വിചാ‍രം ?

*കൂട്ടിവെച്ച അക്കങ്ങൾ
കൂട്ടിനോക്കിയപ്പോൾ
ഞാനും ചോദിക്കുകയാണ്
എന്താണ് എന്റെ വിചാരം??


*കൂട്ടിവെച്ച = സംഭരിച്ചുവെച്ച  

Monday, October 25, 2010

ശവംതീനികൾ.

തെരുവിനെ 
സ്നേഹിച്ച്
ഒരു കവി
പാതയോരത്ത്
ചോരവാർന്ന്
തീർന്നു.

ആഘോഷത്തിനു
സോറി, 
ശവമടക്കിന്
മാറ്റുകൂട്ടാൻ
ആരൊക്കെയോ
വരുന്നുണ്ടത്രെ!
ഓ..
ആചാരവെടികൾ
മുഴക്കണം
ചാനലുകൾക്കുമുന്നിൽ
പൊട്ടിക്കരയണം
തീരാനഷ്ടമെന്ന്
വെറുതെ പുലമ്പണം.
പക്ഷെ,
തിരഞ്ഞെടുപ്പാണ് ഹേ
നാലഞ്ചു ദിനം കൂടി
കഴിഞ്ഞോട്ടെ.

സഹികെട്ട് 
കവിതകൾ
പറവകളായിറങ്ങിവന്ന്
ആത്മാവുമെടുത്ത്
പറന്നുപോയതാവണം

ബാക്കിയായത്
ആർക്കുവേണം ?
വെറും ശവം!
നക്കിത്തിന്നോട്ടെ
ശവംതീനികൾ.

Sunday, October 24, 2010

എ അയ്യപ്പന് ഗുരു വന്ദനം.

കവിതയെ ഞാൻ സ്നേഹിക്കാൻ തുടങ്ങിയത് 
അയ്യപ്പൻ കവിതകൾ വായിച്ചുതുടങ്ങിയപ്പോളാണ്. 
അതുവരെ എനിക്കുപിടുത്തം തരാത്ത 
ഒരു വട്ടത്തിനുള്ളിലായിരുന്നു കവിത !. 
എനിക്ക് നഷ്ടമായത് എന്റെ ഗുരുവിനെയാണ്.കവിതയിന്ന്‌ വര്‍ത്തമാനത്തിന്റെ വായ്‌ത്താരി
മരണത്തിന്‌ ജീവന്റെ പൊയ്‌മുഖം
വെച്ചിരിക്കുന്നവര്‍ക്കുള്ള വായ്‌ക്കരി
രക്തമുണങ്ങുന്നതിന്‌മുമ്പ്‌ കുരുതിത്തറയില്‍ വിരിയുന്ന പൂവ്‌.
അമ്മയുടെ ആശിസ്സുകള്‍ നേടിയ ശിരസ്സ്‌
മിത്രത്തിന്റെ നെഞ്ചില്‍ നിന്നൂരിയെടുത്ത അമ്പ്‌
മണ്ണൂ മൂടിയ എന്റെ ശരീരത്തിലൂടെ നടന്ന്‌
തിരിഞ്ഞു നിന്ന്‌ ഒരിക്കലെനിക്ക്‌ നീ പറയുന്ന കൃതജ്ഞത
(കരിനാക്കുള്ളവന്റെ പാട്ട്‌)

അതെ, അയ്യപ്പന്റെ കവിതകൾ പ്രതിബന്ധങ്ങൾക്ക് അടുത്തൊന്നുമെത്താൻ കഴിയാത്തവിധം സൂര്യപ്രകാശവേഗത്തിനുമപ്പുറം സഞ്ചരിച്ചുകൊണ്ടേയിരിക്കും.

താഴ്‌വരയുടെ പച്ചയിലൂടെ
സൂര്യപ്രകാശ വേഗത്തിലൂടെ
സമുദ്ര താളത്തിന്റെ മുകളിലൂടെ
അക്ഷര ജ്യോതിസ്‌ തെളിയുന്ന
ബുദ്ധന്റെ നിര്‍വ്വേദ സന്ധ്യയ്‌ക്കരികിലൂടെ
പിന്തുടരുന്ന കൂരമ്പിനേക്കാള്‍
എന്റെ പക്ഷിപറക്കുന്നു.
(ഒരു പ്രതിപക്ഷ ജീവിതത്തിന്‌)

Friday, October 8, 2010

ഏകാന്തതയിലെ പൂച്ച..!!
അന്നാണ് ആ പൂച്ച
എന്റെ മുറിയിലേക്ക്
കടന്നുവന്നത്.
മുറിയിൽ ഞാൻ
ഏകാന്തതയിൽ
ഇരുട്ടിനൊപ്പം.
അഭയം തേടി പൂച്ചക്കണ്ണുകൾ

പുറത്ത്
ഡിസംബറിന്റെ മഞ്ഞ്
അകത്ത്
വിചാരങ്ങളുടെ വെയിൽ

“ങ്യാവൂ…..”?
അതെന്നോടെന്തോ ചോദിച്ചു.
ഞാൻ മൌനം.

പൂച്ചക്കണ്ണുകളുടെ തിളക്കം
പൂച്ചരോമങ്ങളുടെ മ്ര്ദുത്വം !

പിന്നീടൊരു ദിവസം
മാസം തികയാതെ
ഞാൻ പ്രസവിച്ചത്
ഒരു പൂച്ചക്കുഞ്ഞിനെയായിരുന്നു !