Tuesday, January 24, 2012

കരുണ കാത്ത്...!


















വിതച്ചതൊന്നാന്തരം
വിത്തായിരുന്നു
വളമിട്ട് ഉഴുതിരുന്നു
വെള്ളം നനച്ചിരുന്നു
കളകൾ പിഴുതിരുന്നു
കീടനാശിനി പാറ്റിയിരുന്നു

എന്നിട്ടും..!
എന്നിട്ടുമെന്തേ
കൊയ്തതൊക്കെ
പതിരായിപ്പോയത് ?


Picture Courtesy: qfchk.com

Sunday, January 1, 2012

ഉപ്പയില്ലാത്ത ആദ്യത്തെ പുതുവർഷം

ഉപ്പയില്ലാത്ത ആദ്യത്തെ പുതുവർഷം.

ഏതാനും ദിവസങ്ങൾക്ക് മുൻപ് അതായത് ഡിസംബർ 17, 2011. അന്നാണ് ഞാൻ കൊടുത്ത വെള്ളം ഒരിറക്ക് കുടിച്ച് ഉപ്പ എന്നെന്നേക്കുമായി ഈ ലോകത്തോട് വിട പറഞ്ഞത്.

നീണ്ട എൺപത്തിരണ്ടു വർഷങ്ങൾ…..!

ഞാൻ ഉപ്പയെ അറിഞ്ഞ മുപ്പത്തിയഞ്ച് വർഷങ്ങൾ….!

ഒരിക്കല്പോലും എന്നെ വേദനിപ്പിയ്ക്കാത്ത വാത്സല്യനിധിയായ എന്റെ പ്രിയപ്പെട്ട ഉപ്പ ചെറുപ്പത്തിൽ എന്റെ വിക്രിതികളെ പുഞ്ചിരിയോടെയായിരുന്നു എതിരേറ്റത്. ഒരുപക്ഷെ ഉപ്പമാരുടെ തല്ലുകൊള്ളാത്ത മക്കൾ അപൂർവ്വമായിരിയ്ക്കും. പക്ഷെ എന്റെ ഉപ്പ തമാശയ്ക്കുപോലും എന്നെ തല്ലിയിട്ടില്ല !.

എന്നെ എന്നല്ല എന്റെ ജ്യേഷ്ടന്മാരെയും തല്ലിയിട്ടുണ്ടാവില്ല. ആരെയും ബുദ്ധിമുട്ടിയ്ക്കുന്നതോ വേദനിപ്പിയ്ക്കുന്നതോ ഉപ്പാക്ക് സഹിയ്ക്കാനാവുമായിരുന്നില്ല. ആവശ്യങ്ങൾ ആരോടും, മക്കളോട്പോലും, അറിയിയ്ക്കാതെ സ്വയം ചെയ്യുവാനാണ് ഉപ്പ ഇഷടപ്പെട്ടത്. “മോനേ, അതിങ്ങെടുത്തുകൊണ്ടുവാ…” എന്ന് ഉപ്പ ആജ്ഞാപിയ്ക്കുകയോ പറയുകയോ ചെയ്തില്ല. എന്റെ മുന്നിലൂടെ വന്നാൽ ഞാൻ നീട്ടിവെച്ച കാൽ എടുക്കേണ്ടിവരുമല്ലോ എന്ന് ഭയന്ന് ഒന്നും മിണ്ടാതെ കുറച്ചപ്പുറത്തുകൂടെ അല്പംകൂടി നടന്ന് ഉപ്പ തന്നെ അതെടുത്ത് കൊണ്ടുവരും. ഞാനതു കണ്ടാൽ, ഉപ്പാക്ക് എന്നോട് പറഞ്ഞാൽ ഞാനെടുത്ത് കൊണ്ടുവരുമായിരുന്നില്ലേ എന്ന് ചോദിച്ച് വഴക്കിട്ടാൽ ഒന്നും മിണ്ടാതെ പുഞ്ചിരിയ്ക്കും.

തൊടിയിലെ ഏതാനും മരങ്ങളിൽ ഇടവിളയായി വിളഞ്ഞ കുരുമുളക് പറിച്ച് കൊണ്ടുവന്ന പണിക്കാരൻ വേലായുധനോട് “അത് മുഴുവൻ നീ എടുത്തോ, ഇനി നിനയ്ക്ക് കൂലി എന്താ വേണ്ടത്?” എന്ന് ചോദിയ്ക്കാൻ ഒരു പക്ഷെ എന്റെ ഉപ്പയ്ക്ക് മാത്രമേ കഴിഞ്ഞിട്ടുണ്ടാവൂ.



എന്റെ ചെറുപ്പത്തിൽ ഉപ്പ എളവാതുക്കലും ചമ്മിണിക്കാ‍വിലും മുല്ലയമ്പറമ്പത്തുമൊക്കെ വെടിക്കെട്ട് കാണാൻ പോകുമ്പോൾ എന്നെയും ഒപ്പം കൂട്ടുമായിരുന്നു. ഒരിയ്ക്കൽ എളുവാതുക്കൽ അമ്പലത്തിൽ പുലർച്ചയ്ക്കുള്ള വെടിക്കെട്ടിന് എന്നെയും വിളിച്ചുണർത്തി കൊണ്ടുപോയി. അന്ന് രണ്ട് ടീമുകളുടെ മരുന്ന് പണി (വെടിക്കെട്ട്) ഉണ്ടായിരുന്നു. ദേവസ്വം കമ്മിറ്റിയുടെ കഴിഞ്ഞിട്ടായിരുന്നു മൈനർ കമ്മിറ്റിയുടേത്. അന്ന് ദേവസ്വം കമ്മിറ്റിയുടെ മരുന്ന് കത്തിക്കൊണ്ടിരിയ്ക്കുമ്പോൾ ഒരു ഗുണ്ട് ചെരിഞ്ഞ് മൈനർ കമ്മിറ്റിയുടെ കലാശത്തിൽ പോയി വീണു. അതിനടുത്തായിട്ടായിരുന്നു ഞങ്ങൾ നിന്നിരുന്നത്. ഉഗ്ര ശബ്ദത്തോടെ കലാശം ആദ്യം തന്നെ പൊട്ടിത്തെറിച്ചു. എല്ലാവരും ചിതറിയോടി. ഞങ്ങളും. അതിനിടയിൽ ഉപ്പ വീണ് ഉപ്പയുടെ കണ്ണടയൊക്കെ പൊട്ടി. ആളുകളുടെ ചവിട്ട്കൊണ്ട് ശരീരത്തിൽ മുറിവും ചതവും ഒക്കെയുണ്ടായി. ഞാൻ ഉപ്പയെക്കാണാതെ തിരഞ്ഞു പരവശനായി നടക്കുമ്പോൾ ഉപ്പ എന്റെയടുത്തേയ്ക്ക് ഓടിവന്ന് നിനക്കെന്തെങ്കിലും പറ്റിയോടാ എന്നുപറഞ്ഞ് എന്നെ വാരിപ്പുണർന്നു.



ഉപ്പയോടൊത്തുള്ള ഓർമ്മകൾ ഇനി പെയ്തുകൊണ്ടേയിരിയ്ക്കും. അതിനുമാത്രമേ ഇനി കഴിയുകയുള്ളൂ. അതിനപ്പുറം ഉപ്പാക്ക് വേണ്ടി ഇനി ചെയ്യാനാവുന്നത് പ്രാർഥനയാണ്.

പ്രിയ സുഹ്രുത്തെ, എന്റെ ഉപ്പായ്ക്കുവേണ്ടി പ്രർഥിക്കണം എന്ന അഭ്യർഥനയോടെ,

നാഥാ…. നിന്റെ ജന്നാത്തുൽ ഫിർദൌസിൽ എന്റെ ഉപ്പയെയും ഞങ്ങളെയും പ്രവേശിപ്പിയ്ക്കേണമേ…..ആമീൻ.