Saturday, July 30, 2011

മാനൂ, നീ...അരങ്ങിലോ അതോ അണിയറയിലോ ?













നാടകം കളിക്കുമ്പോൾ നീ വരാറുണ്ടായിരുന്നു. 
അരങ്ങിൽ തളരാതിരിയ്ക്കാൻ 
അണിയറയിൽ നീ സജീവമായിരുന്നു. 
എന്തിനും ഏതിനും ഒരു വയർ 
നീയും ഒപ്പം കൂടാറുണ്ടായിരുന്നു.

ജീവിതത്തിൽ ഒരു പക്ഷെ,
നീ ആടാത്ത വേഷങ്ങൾ കുറവായിരിയ്ക്കും !
വഴിയോരക്കച്ചവടക്കാരൻ, ഓട്ടോ ഡ്രൈവർ, 
തട്ടുകടക്കാരൻ, പാചകക്കാരൻ, 
ഐസുകച്ചവടക്കാരൻ, പെയിന്റർ, 
കൂലിപ്പണിക്കാരൻ, ഗൾഫുകാരൻ,……
പട്ടിക നീളുക തന്നെയാണ്.

 ഓ.., പ്രിയപ്പെട്ട മാനൂ, 
എവിടെയാണു നിന്നെ 

ഞങ്ങൾക്ക് നഷ്ടമായത്? 
അരങ്ങിലോ അതോ അണിയറയിലോ ?

Friday, July 15, 2011

നാൻ താനെടാ കുഞ്ഞാപ്പു ....ഇതുതാനടാ കോവാലൻ

ഒരു ദിവസം കുഞ്ഞാപ്പു സിനിമ കാണാൻ പോകുകയായിരുന്നു. അപ്പോൾ പൂവാലൻ കോവാലൻ അതുവഴി വന്നു.
“കുഞ്ഞാപ്പൂ , നീയെങ്ങട്ടാ പോണേ?”
“ഞാൻ യെന്തിരൻ കാണാനാ”
“ആണോ? ഇന്നല്ലേ റിലീസ്. ഞാനുംണ്ടടാ. ടിക്കെറ്റ് കിട്ടോ? 
“കുഞ്ഞാപ്പു വിചാരിച്ചാ കിട്ടാത്ത ടിക്കറ്റോ? നാൻ താനെടാ കുഞ്ഞാപ്പു !“ രജനീ സ്റ്റയിലിൽ കുഞ്ഞാപ്പു കാച്ചി.
അങ്ങനെ രണ്ടുപേരും കൂടിയായി പിന്നത്തെ യാത്ര.
രണ്ട് ബസ്സുകൾ മാറി കയറിയിട്ടു വേണമായിരുന്നു അവർക്ക് പൊന്നാനിയിലെത്താൻ. കൂറ്റനാട് നിന്നും എടപ്പാളിലെക്കും പിന്നെ അവിടെനിന്നും പൊന്നാനിയിലേക്കും. 
കൂറ്റനാട് കുറച്ചുനേരം കാത്തുനിന്നതിനുശേഷമാണ് ബസ് വന്നത്. ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നു. തിരക്ക് കണ്ടപ്പോൾ കോവാലൻ പറഞ്ഞു, “കുഞ്ഞാപ്പോ, ബസ്സിൽ നല്ല തിരക്കാട്ടോ. ശ്രദ്ധിക്കണേ.“
“കുഞ്ഞാപ്പൂനോടാ ഉപദേശം? ഇന്നോടാ കളി? നാൻ താനെടാ കുഞ്ഞാപ്പു ! ”
തിക്കിത്തിരക്കി ബസ്സിൽ കയറിപ്പറ്റി രണ്ടുപേരും. പിന്നെ അങ്ങെത്തുവോളം രണ്ടുപേരും രജനിയുടെ മുൻ കാലത്തിറങ്ങിയ പടങ്ങളെക്കുറിച്ചുള്ള ചർച്ചയിലായിരുന്നു. ഇടയ്ക്ക് കണ്ടക്ടർ വന്നപ്പോൾ കുഞ്ഞാപ്പു പറഞ്ഞു. “പൂവാലാ, ബസ്സിന്റെ ടിക്കറ്റ് അന്റെ വക, സിനിമടെ ടിക്കറ്റ് ഇന്റെ വക. എപ്പടി? “
“ഓ കെ“ പൂവാലൻ സമ്മതിച്ചു.
പിന്നീടങ്ങോട്ട് രണ്ടുപേരും രജനിയെക്കുറിച്ച് പറഞ്ഞ് കസറി. തങ്ങൾ ജനിക്കും മുമ്പിറങ്ങിയ അപൂർവരാഗങ്ങൾ മുതൽ 2007ലിറങ്ങിയ ശിവജി വരെയുള്ള സിനിമകളിലെ ഓരോ നമ്പറുകളും പാട്ടുകളും അവർ ഓർത്തോർത്തെടുത്ത് പങ്കുവെച്ചു. ബസ്സ് മാറിക്കേറിയതുപോലും യാന്ത്രികമായിട്ടായിരുന്നു. ഈ ശ്രദ്ധയുടെ പകുതിയെങ്കിലും പത്താം തരത്തിലെ പുസ്തകങ്ങളിൽ കാണിച്ചിരുന്നെങ്കിൽ രണ്ടുപേരും ഫസ്റ്റ് ക്ലാസ്സിൽ കുറയാതെ വാങ്ങുമായിരുന്നുവെന്നു തോന്നി അതു കണ്ടുനിന്നവർക്ക്. 
തിയേറ്ററിനുമുന്നിലെത്തിയപ്പോൾ ഇറങ്ങാനുള്ള തിരക്ക്. തിക്കിത്തിരക്കി ഒരുവിധം രണ്ടുപേരും പുറത്തിറങ്ങി. നേരെ ടിക്കറ്റ് കൌണ്ടറിലേക്ക് വച്ചുപിടിച്ചു. അവിടെ ത്രിശൂർ പൂരത്തേക്കാൾ വലിയ തിരക്കായിരുന്നു. കുഞ്ഞാപ്പുവുണ്ടോ വിടുന്നു. തിരക്കിത്തിരക്കി ക്യൂ വിനുള്ളിൽ കയറിക്കൂടുകതന്നെ ചെയ്തു. എന്നിട്ട് പൂവാലനെ ഗമയിൽ ഒന്നു നോക്കി മനസ്സിൽ പറഞ്ഞു “കുഞ്ഞാപ്പു വിചാരിച്ചാ കിട്ടാത്ത ടിക്കറ്റോ? നാൻ താനെടാ കുഞ്ഞാപ്പു !“
പൂവാലൻ അപ്പോൾ ഇരകളെത്തേടി നെട്ടോട്ടം തുടങ്ങിയിരുന്നു. 
ക്യൂ മുന്നോട്ടാഞ്ഞും പിന്നോട്ടാഞ്ഞും നേരം പോയിക്കൊണ്ടിരുന്നു. നിയന്ത്രിക്കാൻ വന്ന പോലീസുകാർ നിയന്ത്രണമില്ലാതെ നോക്കി നിന്നു. 
ടിക്കറ്റ് കൌണ്ടറിലെത്താൻ ഏതാണ്ട് ഒരു വാര ദൂരമുള്ളപ്പോൾ കുഞ്ഞാപ്പു കീശയിൽ കാശെടുക്കാൻ കയ്യിട്ടു. കൈ കീശയുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി. തന്റെ കീശയ്ക്ക് നീളം കൂടിയോ എന്ന് ഒരു നിമിഷം കുഞ്ഞാപ്പു സംശയിച്ചു. പിന്നെ സൂക്ഷിച്ചു നോക്കി. അതെ കീശയുടെ ഭാഗത്തതാ ഒരു ഓട്ട !!. കീശയുടെ സഞ്ചിയടക്കം ആരോ അടിച്ചുമാറ്റിയിരിക്കുന്നു!. 
എന്തുചെയ്യേണ്ടു എന്നറിയാതെ സ്തബ്ധനായ കുഞ്ഞാപ്പു പൂവാലനെ തിരക്കി കണ്ണയച്ചു. അയാൾ അപ്പോൾ തിയേറ്ററിന്റെ ഓരം പറ്റി വലയിൽ വീണ എതോ പൂവാലിയുമായി കണ്ണെറിഞ്ഞു കളിക്കുകയായിരുന്നു. പരിസരം മറന്ന് ആലോചനാനിമഗ്നനായ ആ നേരത്ത് എവിടെനിന്നെന്നില്ലതെ വന്ന പേമാരിപോലെയുള്ള ഒരു തിക്കില്പെട്ട് കുഞ്ഞാപ്പു അതാ വരിയിൽനിന്നും ഔട്ട്. അല്ലെങ്കിലും ഇനി വരിയിൽ നിന്നിട്ടെന്തുകാര്യം? കുഞ്ഞാപ്പു സമാധാനിച്ചു. പിന്നെ പൂവാലനെ തിരഞ്ഞുകണ്ടുപിടിച്ച് കാര്യം പറഞ്ഞ് തിരിച്ചുപോകാൻ തയ്യാറെടുത്തു. പൂവാലന്റെ കയ്യിൽ കാശുണ്ടായാൽതന്നെ ടിക്കറ്റ് കിട്ടണമെങ്കിൽ ഇത്തിരി പുളിക്കുമെന്ന് കുഞ്ഞാപ്പു മനക്കോട്ടയിൽ തൈരു കടഞ്ഞു. 
പൂവാലനോട് കാര്യം പറഞ്ഞതും പൂവാലൻ ആകെമൊത്തം ഒരു കോവാലനായി മാറി. പിന്നെ പൊട്ടിപ്പൊട്ടി ചിരിക്കാൻ തുടങ്ങി. പെട്ടെന്ന് ചിരി നിർത്തി സീരിയസ് ആയി കുഞ്ഞാപ്പുവിനോട് പറഞ്ഞു “ പൂവാലൻ കോവാലനോടാ കളി? ഇയ്യ് ഇവിടെനിന്ന് അനങ്ങരുത്. ഞാൻ ഇപ്പൊ വരാം”
അല്പസമയത്തിനു ശേഷം പൂവാലൻ രണ്ട് ടിക്കറ്റുകളുമായി വന്നപ്പോൾ കുഞ്ഞാപ്പു അത്ഭുതസ്തബ്ധനായി വാ പൊളിച്ചുപോയി!. 
“ഇതെങ്ങനെ ഒപ്പിച്ചു കോയാ?“
“ഹ് ഉം …. പൂവാലനോടാ കളി ? ഇതുതാനടാ പൂവാലൻ….. ജാഗ്രതൈ!“
അന്തം വിട്ട കുഞ്ഞാപ്പു കുന്തം പോലെ നോക്കി നിന്നു. 
അപ്പോൾ പൂവാലൻ രജനി സ്റ്റൈലിൽ പൂവാലിയെ നോക്കി കണ്ണിറുക്കി. പൂവാലി ആ അസുലഭ നിമിഷത്തിന്റെ സുഖമുള്ള ലഹരിയിൽ ചെറുപുഞ്ചിരിയോടെ വലതുകാലിന്റെ തള്ളവിരൽ കൊണ്ട് ഭൂമിയിൽ നക്ഷത്രം വരച്ചു. 
ആ പുഞ്ചിരിയുടെ ഒഴുക്കുള്ള പ്രലോഭനത്തിൽ കോവാലൻ കുഞ്ഞാപ്പുവിനു നേരെ തിരിഞ്ഞു.
“ കുഞ്ഞാപ്പൂ, ബസ്സിന്റെ ടിക്കറ്റ് ഇന്റെ വക. സിനിമേടെ ടിക്കറ്റും ഇന്റെ വക.“
അപ്പോൾ ബിയ്യം കായലിന്റെ ഓളങ്ങൾ തഴുകിവന്ന ഒരു തണുത്ത കാറ്റ് കുഞ്ഞാപ്പുവിനെ ഉമ്മവെച്ച് കടന്നുപോയി. ആ തണുപ്പിന്റെ സുഖശീതളിമയിൽ ടാക്കീസിനുള്ളിലെ ആരവങ്ങൾക്കിടയിൽ രജനിയുടെ ചൂടൻ ഡയലോഗുകൾക്കായി അവർ കാത്തിരുന്നു.  ©shameertk