മാനത്ത് തെളിയുന്നുണ്ട്
മൃദുവായൊരു കാരക്കക്കീറ്
ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ
ഓരോദിനവുമത് വലുതാകും
മുപ്പതോളം ദിനങ്ങൾ
നമ്മെ ചുറ്റിപ്പൊതിയും
അടയിരിക്കപ്പെടുന്ന
കിളിമുട്ടയെ
അതോർമ്മിപ്പിക്കും.
പോഷകങ്ങൾ
ജീവകങ്ങൾ
ഫൈബറുകൾ
കാർബോഹൈഡ്രേറ്റ്സ്
ഒന്നിന് എഴുപതിനായിരമെന്ന്
കോരിത്തരിച്ച്
വിചാരങ്ങൾ
വികാരങ്ങൾ
വിഹ്വലതകൾ
വിദ്വേഷങ്ങൾ
ചങ്ങലയിൽ ബന്ധിക്കപ്പെടും.
അനുഗ്രഹം
പശ്ചാത്താപം
പാപമോചനം
ലൈലത്തുൽ ഖദ്ർ*
ആത്മവിശുദ്ധി
എന്നിങ്ങനെ
ഓരോ കാരക്കയും
‘ലുലു’
‘ഖലാസ് ’
‘ബർഹി’
'അജ്വ’
‘ഖനേജി’
‘ഷുക്കരി’
‘ഷാഹുനി’
‘സഫാവി’
..............,
എന്ന്
ഓരോ മുഖങ്ങളാകും.
അളവു തൂക്കത്തിന്റെ
മധുരിമയിൽ
അവ റയ്യാൻ* കവാടവും കടന്ന്
വിജയം കാണും.
പിന്നെയൊരുനാൾ
തക്ബീർ
ധ്വനികൾ കേട്ട്
അടവിരിഞ്ഞ് വരുന്ന
കിളിക്കുഞ്ഞ് പോൽ
ഈത്തപ്പഴക്കുരു
ചിറകുവിടർത്തും.
*ശവ്വാലിൻ
നനവിലത്
മുളച്ചു പൊന്തും
വളർന്ന് വലുതാകും
വിളയും
ചുടുകാറ്റേൽക്കും
ചൂടേറ്റ് പഴുക്കും.
ദാഹം...
വിശപ്പ്....
പ്രാർഥന....
ആർത്തിയോടെ
ആഹ്ലാദത്തോടെ
ആമോദത്തോടെ
വാരിപ്പുണരും.
ഉരുണ്ടുരുണ്ട്
കാറ്റും കാറും
ചൂടും തണുപ്പും
ഇരുളും വെളിച്ചവും
ഓർമ്മകളിൽ ഓടിയണയും
പിന്നെ
ഓളങ്ങൾ അകന്നു മാറി
സുജൂദിന്റെ ഉറവയിലേക്ക്
എത്തിനോക്കും
ആവർത്തനത്തിന്റെ വിരസതയില്ലാതെ
വീണ്ടും വീണ്ടും
മാനത്ത് തളിർത്തുകൊണ്ടിരിക്കും
നന്മയുടെ
സ്നേഹത്തിന്റെ
സഹനത്തിന്റെ
സമാധാനത്തിന്റെ
കാരക്കക്കീറുകൾ...!
************************
*
റയ്യാൻ: നോമ്പുകാർക്കുള്ള സ്വർഗ്ഗവാതിൽ
*
ലൈലത്തുൽ ഖദ്ർ : ആയിരം മാസത്തേക്കാൾ പുണ്യമുള്ള രാത്രി
* ശവ്വാൽ : റമദാനിനുശേഷമുള്ള
ഹിജ്റ മാസം
*
തക്ബീർ : പെരുന്നാളിനു
ചൊല്ലുന്ന ദൈവ കീർത്തനം
*
കാരക്ക: ഉണങ്ങിയ ഈത്തപ്പഴം.
****** തേജസ് റംസാൻ സപ്ളിമെന്റിൽ (2013) പ്രസിദ്ധീകരിച്ചത്.
****** തേജസ് റംസാൻ സപ്ളിമെന്റിൽ (2013) പ്രസിദ്ധീകരിച്ചത്.