Thursday, May 26, 2016

ഒരു കുഞ്ഞു പെൺകുട്ടി കരയുന്നത് …!



രു കുഞ്ഞു പെൺകുട്ടി കരയുന്നു!
പകൽ തീരും മുൻപേ
പ്രായമറിയും മുൻപേ     
ആരോ ഉരുട്ടിക്കയറിയ
രഥചക്രത്തിനടിയിൽ വീണുപോയ
ഇളംപൂവ്..!

 
അച്ചൻ, അദ്ധ്യാപകൻ, അമ്മാവൻ,
അയൽവാസി, ആത്മമിത്രം, .
അവരും കരയുന്നുണ്ട്
ആരോ ഉരുട്ടിക്കയറ്റിയ
രഥചക്രത്തിനടിയിൽ വീണുപോയ
മറ്റു പെൺകുട്ടികളെയോർത്ത്..!!

*************

Pravasi Varthamanam 26-May-2016



 

Sunday, May 15, 2016

മാനവികതയെ അടയാളപ്പെടുത്തുമ്പോൾ..!

മാനവികതയെ അടയാളപ്പെടുത്തുമ്പോൾ..!

ജാതി, മത, വർഗ, വർണ, വിവേചനമില്ലാതെ മനുഷ്യൻ ഒന്ന് എന്ന സാർവലൗകികതയാണ് മാനവികതയുടെ കാതൽ. മനുഷ്യനിൽ പ്രകൃത്യാലുള്ള ഗുണങ്ങളും മൂല്യങ്ങളും മാനവികതയുടെ ഇന്ധനമാണ്. സമൂഹത്തിൽ ഏറ്റവും പ്രധാനം മനുഷ്യനാണ് എന്ന ഒരു യുക്തിഭദ്രമായ സമീപനം മാനവികതയെ അർത്ഥവത്താക്കുന്നു.

സ്നേഹവും സൗഹൃദവും സേവന സന്നദ്ധതയും മാത്രമല്ല; നന്മയും നീതിയും കാരുണ്യവും ചൂഷണരഹിതമായ, ധൂർത്തില്ലാത്ത ഉപയോഗശീലവും മാനവികത ആവശ്യപ്പെടുന്നുണ്ട്.
സംഘടനാ സംബന്ധമായ ആവശ്യങ്ങളും അധികാരവും സാമൂഹ്യപരമായ നന്മയുമായി നേർക്കുനേർ സംവദിക്കുമ്പോൾ മനുഷ്യപക്ഷത്ത് വേർതിരിവില്ലാതെ നിലയുറപ്പിക്കുവാനുകുമ്പോളാണ് അത് മാനവികമാകുന്നത്.

മനുഷ്യന്‍ സവിശേഷവും സമ്പൂര്‍ണവും വ്യത്യസ്തവും ഉത്കൃഷ്ടവുമായി ദൈവനിശ്ചയപ്രകാരം സൃഷ്ടിക്കപ്പെട്ട ജീവിയാണെന്നും സൃഷ്ടിയോടൊപ്പം അവനില്‍ സന്നിഹിതമായ മൂല്യങ്ങളാണ് മാനവികതയെന്ന് ഖുര്‍ആനിലും അടയാളപ്പെടുത്തിയിട്ടുണ്ട്. ‘മനുഷ്യരെ ആകമാനം നാം ആദരിച്ചിരിക്കുന്നു’ എന്ന പ്രസ്താവത്തിലൂടെ; മതം, ജാതി, വര്‍ഗം, വര്‍ണം തുടങ്ങിയ അടിസ്ഥാനങ്ങളിലുള്ള തരം തിരിവുകള്‍ക്കതീതമായി മനുഷ്യന്റെ മഹത്വത്തെ ഖുര്‍ആന്‍ ഊന്നിപ്പറയുന്നു.

സാമ്പത്തിക വ്യവസ്ഥയുടെ സൃഷ്ടിയായ അധികാരമുള്ളവര്‍ അത് ഊട്ടിയുറപ്പിക്കാന്‍ ഉണ്ടാക്കുന്ന ബൂര്‍ഷ്വ ആശയമായി മാനവികത മാറിയേക്കാമെന്നും വര്‍ഗരഹിത വ്യവസ്ഥ നിലവില്‍ വരാത്ത കാലം വരെ ചൂഷണാധിഷ്ഠിതമായിരിക്കും മാനവികതയുടെ മൂല്യങ്ങള്‍ എന്നും മാര്‍ക്‌സ് അടയാളപ്പെടുത്തിയിട്ടുള്ളത് ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട്.

അഴിമതിയും പ്രകൃതിവിഭവങ്ങളുടെ ചൂഷണവും മാനുഷികമല്ലാത്ത നിലപാടുകളുമായി ഭരണവ്യവസ്ഥ നിലനിൽക്കുമ്പോൾ എതിർപ്പിന്റെ നേർത്ത സ്വരം പോലും അകത്തും പുറത്തും പ്രകടിപ്പിക്കാതെ വ്യവസ്ഥിതിയുടെ ഭാഗമായി നിന്ന് അധികാരത്തിന്റെ തുടരന്വേഷണങ്ങളിൽ ജാഗരൂകനാകുന്ന മനുഷ്യൻ വെറും ചൂഷകൻ മാത്രമായിരിക്കും. അത്തരമാളുകൾ മുന്നോട്ട് വെക്കുന്ന സൗഹൃദവും സമസൃഷ്ടിഭാവവും മാനവികമെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന നവസാഹചര്യത്തിൽ മനുഷ്യർ എന്ന് അഭിമാനിക്കേണ്ടവർ അതീവശ്രദ്ധാലുക്കളാകേണ്ടതുണ്ട്.

********