സുലൈമാന്റെ മേശ.
യുവാവായ സുലൈമാൻ
മേശവലിപ്പടക്കുന്നതിനിടയിൽ
ഒരു യുവാവായ ജിന്ന്
വലിപ്പിനിടയില്പെടാതെ
തലനാരിഴയ്ക്ക് രക്ഷപ്പെട്ടൂ.!
പേടിച്ചുപോയ ജിന്ന്
സുലൈമാൻ ജോലിക്ക് പോയ നേരത്ത്
സുലൈമാന്റെ കോലത്തിൽ വന്ന്
സുലൈമാന്റെ ഭാര്യയെ കെട്ടിപ്പിടിച്ച്
പ്രതികാരം ചെയ്തു.
കിഴക്കോട്ടോ പടിഞ്ഞാട്ടോന്ന് തെറിച്ച്നിക്ക്ണ
വെട്ടിയൊതുക്കാത്ത താടിയുടെയുള്ളീന്ന്
ചാടിയിറങ്ങി മറ്റൊരു ജിന്ന്
കട്ടതും കണ്ടതും
സ്റ്റാറ്റസ് അപ്ഡേറ്റാക്കി
സുലൈമാനോട് വിളമ്പി.
സുലൈമാന് ദ്യേഷ്യം വന്ന്
മൂക്ക് ചുവന്ന്
ഓടിച്ചെന്ന്
കമന്റിട്ട് കമന്റിട്ട്
മേശ വലിപ്പ് വീണ്ടും വീണ്ടും വലിച്ചടച്ച്
ആദ്യത്തെ ജിന്നിനെ കൊന്ന്
മേശവലിപ്പിൽ തന്നെ ഖബറടക്കി.
ജിന്നിനെ കൊന്നേയ് ന്
‘ഷറഹി’ലെന്താ വിധീന്ന്
പണ്ഡിത മൊയ് ല്യാക്കൻമാര്
സൗദ്യായ സൗദീലും
ഗൾഫായ ഗൾഫിലും
കിതാബായ കിതാബുകളിലും
ഫെയ്സ്ബുക്കായ ഫെയ്സ്ബുക്കിലും
തലങ്ങും വിലങ്ങും
നോക്കി നോക്കി കണ്ണ് കഴച്ചു.
ഇപ്പൊ
യുവാവായ സുലൈമാൻ
എപ്പളാ ജിന്നിന്റെ ജാറം പൊന്താന്നും നോക്കി
മേശയ്ക്ക് കാവലിരിയ്ക്കാണ്.
മറ്റേ ജിന്ന് ഓന്റെ മേല് കേറീക്ക്ണ്ന്ന്
കൊറേ മന്സന്മാര് പിച്ചും പേയും
പറഞ്ഞ് നടക്ക്ണൂണ്ട്.
പാവം ജിന്ന്..!
പാവം സുലൈമാൻ..!!
അതിലേറെ പാവം മേശ….!!!
**********************************