കാക്കകൾ കരയുന്നത്
രാത്രിക്ക് കനം കൂടിയതും ദിവാകരൻ പതുക്കെ പുറത്ത്കടന്ന് കതകടച്ചു. മുന്നിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ഇരുട്ടിന്റെ കാഠിന്യം ഓർമ്മിപ്പിച്ച് ക്ളോക്ക് പിന്നിൽ സംഗീതം മുഴക്കി. നിലാവ് പൊഴിക്കുന്ന ചന്ദ്രനെ ഇരുണ്ട മേഘങ്ങൾ മറച്ചു. കണ്ണുകളടച്ച ചെടികൾക്കരികിലൂടെ ദിവാകരൻ നടന്നു. നീണ്ടുകിടക്കുന്ന ടാറിട്ട റോഡിൽ നിന്നും വലതു ഭാഗത്തുകൂടി പോകുന്ന ചെറിയ ഇടവഴിയിലൂടെ നടന്നിട്ടുവേണമായിരുന്നു അയാൾക്ക് ലക്ഷ്യസ്ഥാനത്തെത്താൻ.
ദിവാകരൻ അങ്ങനെ അറിയപ്പെടുന്ന ഒരു കള്ളനൊന്നുമല്ല. മോഷണം അയാൾ ഒരു തൊഴിലാക്കിയിട്ടുമില്ല. ചെറുപ്പത്തിൽ കണ്ണിൽ പെടുന്ന മോഹം തോന്നുന്നതെന്തും എടുത്തു കൊണ്ടുപോകുകയെന്നത് അയാളുടെ ഒരു ശീലമായിരുന്നു. ചെയ്യുന്നത് തെറ്റാണെന്ന പൂർണ്ണ ബോധ്യമുണ്ടായിട്ടു തന്നെയാണ് ദിവാകരൻ ചെറുപ്പത്തിലും ഇടക്കിടെ മോഷ്ടിച്ചിരുന്നത്. എത്ര ശ്രമിച്ചാലും നിയന്ത്രിക്കാൻ കഴിയാത്ത വിധം ഒരു ആസക്തിയായി ആ ശീലം വളർന്നു. മോഷണത്തിന്റെ രീതികൾ മാറി മാറി വന്നു. ചെയ്യുന്നു തെറ്റോർത്ത് പലപ്പോളും അയാൾ സ്വന്തം കൈ കടിച്ചു മുറിക്കുകയും മുട്ടിക്കുളങ്ങര ക്ഷേത്രത്തിൽ പോയി തേങ്ങയുടച്ച് പ്രാർത്ഥിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. എന്തൊക്കെ പരിഹാരങ്ങൾ ചെയ്തിട്ടും ദിവാകരന്റെ ശീലത്തിൽ ലവലേശം കുറവുണ്ടായില്ല.
ഇപ്പോൾ ദിവാകരൻ പഴയതുപോലൊന്നുമല്ല. ജീവിക്കാൻ ഒരു സർക്കാർ ഉദ്യോഗമുണ്ട്. ഭാര്യയേയും കുട്ടികളേയും പോറ്റാൻ അതുതന്നെ ധാരാളമാണുതാനും. പക്ഷേ, സമൂഹത്തിലെ സ്ഥിരം മാനസികാവസ്ഥകളുമായി മുഖാമുഖം സന്ധിക്കേണ്ടി വരുമ്പോൾ അറിയാതെ തെറ്റിലേക്ക് വലിച്ചിഴക്കപ്പെടുന്നു. സ്വയം നിയന്ത്രിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നു!
ദിവാകരന്റെ അന്നത്തെ യാത്രയുടെ ഉദ്ദേശവും മറ്റൊന്നായിരുന്നില്ല. ഒരു വൈകുന്നേരത്ത് നഗരത്തിലെ ഒരു ശീതീകരിച്ച കൂൾബാറിൽ നിന്ന് തണുത്ത ആപ്പിൾ ജ്യൂസ് കുടിച്ചു കൊണ്ടിരിക്കുമ്പോളാണ് ‘അയാളും’ കൂടെ കണ്ണട വെച്ച മറ്റൊരാളും അങ്ങോട്ട് കടന്നു വന്നത്. ഒറ്റ നോട്ടത്തിൽ തന്നെ ആരും ശ്രദ്ധിക്കുന്ന മുഖമായിരുന്നു അയാളുടേത്. വെളുത്ത് ഒത്തവണ്ണമുള്ള സുമുഖൻ. ക്ളീൻ ഷേവ് ചെയ്ത മുഖം. വശത്തേക്ക് കോതിയിട്ട മുടി. തൊട്ടടുത്ത മേശക്കരികിൽ ഇരുന്ന അവരുടെ സംഭാഷണം ദിവാകരൻ ശ്രദ്ധിക്കുന്നതും യാദൃശ്ചികമായിട്ടായിരുന്നു.
“അവൾക്കെന്നും പരാതിയാണ്. എനിക്കും മടുത്തു. വർഷം കുറേയായില്ലേ ഈ കിടപ്പ്…! വിവാഹം കഴിഞ്ഞ് ശരിക്കൊന്ന് ആസ്വദിച്ചതുപോലുമില്ല. ദൈവം തമ്പുരാനാണേൽ മേല്പോട്ടുമില്ല കീഴ്പോട്ടുമില്ല എന്ന തരത്തിലാണെന്നാ തോന്നുന്നേ. ഇതിനു മുൻപ് രണ്ട് തവണയാ പോകാനുള്ള ചാൻസ് കളഞ്ഞു കുളിച്ചത്. എന്തായാലും ഇത്തവണ ഒഴിവാക്കാൻ പറ്റില്ല. അവളെ കൂട്ടാതെ പോകാൻ വിടത്തുമില്ല…! ഭക്ഷണവും മറ്റും രാവിലെ വന്ന് വേലക്കാരിപ്പെണ്ണ് ഉണ്ടാക്കിക്കൊടുത്തോളും. രാത്രിയിലാണ് ഒരു പേടി. അതിപ്പൊ … ഒറ്റ രാത്രിയല്ലേ പ്രശ്നമുള്ളൂ. ഒന്നുമുണ്ടാവില്ലെന്നങ്ങ് കരുതാം”
“സ്ഥിരമായ ഒരു സംവിധാനമെന്ന നിലക്ക് സ്നേഹ ഭവനത്തിൽ കൊണ്ടുചെന്നാക്കാൻ എത്ര കാലമായി നിന്നോട് ഞാൻ പറയുന്നു. അവിടെയാവുമ്പൊ നമ്മുടെ ടെൻഷനും കാര്യവും സ്വസ്ഥം.”
“ആലോചിക്കായ്കയല്ല; പക്ഷേ, ഞാൻ നാട്ടിൽ തന്നെയുള്ളപ്പോൾ…”
“അതൊന്നും അത്ര കാര്യമാക്കാനില്ല. പ്രത്യേകിച്ചും ഇന്നത്തെ കാലത്ത്…! സമയമില്ലാത്തതിനാലല്ലേ അവർ നമ്മെ ബോർഡിംഗിലാക്കി പഠിപ്പിച്ചതും വളർത്തിയതും. അതുപോലെ നമ്മൾ തിരിച്ചും ചെയ്യുന്നുവെന്നേയുള്ളൂ..”
“പക്ഷേ, നാട്ടുകാർക്ക് പറയാൻ പിന്നെ അതുമതി”
അവരുടെ പുകയുന്ന സംഭാഷണങ്ങൾക്കിടയിലൂടെ ദിവാകരൻ തന്റെ കയ്യിലെ തണുത്ത ജ്യൂസ് നീണ്ട് കനം കുറഞ്ഞ കുഴലിലൂടെ വലിച്ചു കുടിച്ചു കൊണ്ടിരുന്നു. അതിനിടയിൽ രസമുകുളങ്ങളിൽ പ്രതിധ്വനിച്ച രൂക്ഷമായ ആ ആലസ്യത്തിൽ നിന്നുമാണ് അയാൾ ഈ യാത്രയിലേക്ക് എടുത്തെറിയപ്പെട്ടത്. വിശാലമായി കരയുന്ന നിശാ ജീവികളുടെ ശബ്ദവീചികൾക്ക് താളം പകർന്ന് ദിവാകരൻ നടന്നു. മേഘച്ചുരുളുകൾക്കിടയിലൂടെ ചന്ദ്രൻ അയാളെ എത്തിനോക്കാൻ ശ്രമിച്ചു. ഓർമ്മകളുടെ നനുത്ത പ്രതലത്തിലൂടെ ദിവാകരൻ സഞ്ചരിച്ചു. കഷായവും തൈലവും മണക്കുന്ന മെലിഞ്ഞ കൈകൾ കൊണ്ട് അമ്മ അയാളുടെ മുടിയിഴകളിലൂടെ കൈ വിരലുകളോടിക്കുന്നത് അയാളറിഞ്ഞു. മുറിഞ്ഞു പോകാൻ ഇഷ്ടമില്ലാത്ത ഗന്ധവും പേറി ജീവിതത്തിലെ കയ്പുനിറഞ്ഞ അനുഭവങ്ങങ്ങളുടെ കഥകൾ കേട്ട് അയാൾ നടന്നു.
തന്റെ പതിവു ശൈലിയിൽ നിന്നും ഒട്ടും വ്യതിചലിക്കാതെത്തന്നെയാണ് ദിവാകരൻ ആ വീടിന്റെ മുകളിലത്തെ നിലയിലൂടെ അകത്തേക്ക് കടന്നത്. ഇടതുഭാഗത്തെ ഗോവണിവഴി ശബ്ദമുണ്ടാക്കാതെ താഴെ എത്തിയപ്പോൾ മേശമേൽ മൂടിവെച്ച എന്തൊക്കെയോ സീറോ ബൾബിന്റെ അരണ്ട വെളിച്ചത്തിലും കാണാമായിരുന്നു. മേശയുടെ എതിർഭാഗത്ത് പൂർണ്ണമായടയാത്ത വാതിലിലൂടെ ഇടവിട്ടുയർന്ന മുരൾച്ച അയാൾ കേട്ടു. സൂക്ഷിച്ച് പതുക്കെ വാതിൽ തുറന്ന് നോക്കിയപ്പോൾ കട്ടിലിൽ ഒരു വൃദ്ധ അവശയായി ഞരങ്ങുന്നുണ്ടായിരുന്നു. അവരുടെ കണ്ണുകൾ ആർദ്രമായി ദിവാകരനെ നോക്കി. അവയിൽ നിന്നും കണ്ണിനീരൂർന്നിറങ്ങിയ പാട് ആ അരണ്ട വെളിച്ചത്തിലും അയാൾ കണ്ടു. തന്റെ തഴമ്പിച്ച കൈകൾ കൊണ്ട് ദിവാകരൻ ആ വൃദ്ധയുടെ നെറ്റിയിൽ പതുക്കെ തടവി. പനിച്ചു വിറക്കുന്ന ശരീരം തന്റെ നെഞ്ചിലേക്ക് ചാരിയിരുത്തി. പാത്രത്തിൽ മൂടിവെച്ചിരുന്ന കഞ്ഞി അവരുടെ വായിലേക്ക് പതുക്കെ പകർന്നു. അത് അല്പാല്പമായി ഇറക്കിക്കൊണ്ടിരിക്കെ അവരുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായൊഴുകി. തൊട്ടടുത്ത് മേശപ്പുറത്ത് കണ്ട മരുന്ന് പാത്രത്തിൽ നിന്നും ആവശ്യമായവ കൊടുത്ത് അവരെ അയാൾ സാന്ത്വനിപ്പിച്ച് കിടത്തി. കണ്ണുനീർ വറ്റി ആർദ്രമായ നോട്ടത്തോടെ അവർ കണ്ണുകളടച്ചു.
തന്റെ അനൗദ്യോഗിക കൃത്യനിർവ്വഹണത്തിലെ പരതലുകൾക്ക് ശേഷം അയാൾ അവിടെ നിന്നും മടങ്ങി. പുറത്ത് കണ്ണുകൾ തുറന്ന് ചെടികളും വൃക്ഷങ്ങളും ദിവാകരനെ നോക്കി പുഞ്ചിരിച്ചു. തെളിഞ്ഞ ആകാശത്തിൽ നിന്നും നിലാവ് ഭൂമിയിലേക്കിറങ്ങി വന്ന് അയാളെ വാരിപ്പുണർന്നു. അപ്പോൾ രാത്രിയുടെ മൂന്നാം യാമവും പിന്നിട്ട് കഴിഞ്ഞിരുന്നു.
പതിവുപോലെ പിറ്റേ ദിവസങ്ങളിലും ദിവാകരൻ തന്റെ ഓഫീസിൽ ജോലിക്ക് പോയി. അസ്വാഭാവികതകളുടെ പരിണാമങ്ങളുമായി ഒട്ടും തന്നെ സമ്പർക്കം പുലർത്താൻ അയാൾ തയ്യാറല്ലായിരുന്നു. മൂന്നാം ദിവസം പത്രത്തിൽ കണ്ട രണ്ടരക്കോളം വാർത്ത വായിച്ച അന്നു മാത്രം അയാൾ ജോലിക്ക് പോയില്ല. അന്ന് മുഴുക്കെ മുറ്റത്തെ മാവിൻ കൊമ്പിലിരുന്ന് ഒരു കാക്ക അയാളെ നോക്കി കരഞ്ഞു കൊണ്ടിരുന്നു. പിന്നെ അതൊരു കൂട്ടക്കരച്ചിലായി അവിടെ മുഴങ്ങി. അപ്പോൾ സുമുഖനായ ഒരു യുവാവും സുന്ദരിയായ അയാളുടെ ഭാര്യയും ദിവാകരനു പിന്നിൽ നിന്ന് ശന്തമായി ചിരിക്കുന്നുണ്ടായിരുന്നു. ഭൂമിയുടെ ചുറ്റുപാടുനിന്നും ആ കരച്ചിലുകളും ചിരികളും പ്രതിധ്വനിച്ച് പ്രകമ്പനം കൊള്ളുന്നത് അയാളറിഞ്ഞു. ആ വാർത്തയുടെ തല വാചകം ഇങ്ങിനെയായിരുന്നു.
“വൃദ്ധയെ കൊന്ന് ആഭരണം കവർന്നു”
*********
1999 ൽ "സംയമി" എന്ന പൊന്നാനി കോളേജ് മാഗസിനിൽ എഴുതിയത്.
Monday, April 23, 2018
കാക്കകൾ കരയുന്നത്
Wednesday, April 4, 2018
ചെറ്റകൾ....!
പണ്ട് പണ്ടൊരാളുണ്ടായി.
കൂട്ടിനൊരിണയുമുണ്ടായി.
മതങ്ങൾ അവരെ
ആദമെന്നും ഹവ്വയെന്നും പരിചയപ്പെടുത്തി.
മതമില്ലാത്തവർ ആദിമ മനുഷ്യരെന്നും.
ഇലകൾ കൊണ്ട് അവർ നാണം മറച്ചു.
ഓലകൊണ്ടും പുല്ലുകൊണ്ടും കുടിലുണ്ടാക്കി.
ചെറ്റക്കുടിൽ...!
കാലം മാറി.
ചുമരുകളും ഓടും കോൺക്രീറ്റുമായി
കുടിലുകൾ രൂപാന്തരം പ്രാപിച്ചു.
അപ്പോളാണ്
ആദമും ഹവ്വയുമടക്കം
ആദിമ മനുഷ്യർ
ചെറ്റകളായിമാറിയത്.
ലോകത്തിലെ ആദ്യത്തെ ചെറ്റകൾ.
നിങ്ങളിനിയും ഇതു തന്നെ വിളിക്കണം
ചെറ്റകൾ....!
Sunday, January 14, 2018
സന്തോഷച്ചിരി...!
രാവിലെ എണീറ്റ് സ്കൂൾ യൂനിഫോമിട്ട് വന്ന് മോൾ എന്നെ കണ്ണാടിക്ക് മുന്നിലേക്ക് വിളിച്ചു.
"ഉപ്പാ നോക്ക്....." !
കണ്ണാടിയിൽ നോക്കി അവൾ ചിരിക്കുന്നു.
എന്തൊരു മനോഹാരിതയാണ് ആ ചിരിക്ക്....!
ഞാനും ചിരിച്ചു.
നഷ എന്നാണ് മോൾടെ പേര്. സുഗന്ധം എന്നാണ് അറബിക് വാക്കിന്റെ അർത്ഥം. രാവിലെ തന്നെ ചിരികൊണ്ട് സുഗന്ധം പടർത്തി അവൾ.
ഇന്നത്തെ ദിവസം ഏറെ മനോഹരമാകുമെന്ന് എന്റെ മനസ്സ് മന്ത്രിച്ചു.
എന്താണിത്ര ചിരിക്കാനെന്ന് ആകാംക്ഷയോടെ നോക്കി നിൽക്കെ അവൾ പറഞ്ഞു.
"ടീച്ചർ പറഞ്ഞിട്ടുണ്ട് എന്നും രാവിലെ കണ്ണാടിയിൽ നോക്കി ഇങ്ങിനെ ചിരിക്കാൻ."
എത്ര നല്ല ടീച്ചർ..! കുഞ്ഞുങ്ങളിൽ സന്തോഷം പകർത്തുകയും പടർത്തുകയും ചെയ്യുന്ന ടീച്ചർ.
ജപ്പാനിലാണെന്ന് തോന്നുന്നു അവരുടെ കുട്ടികളെ അവർ പുഞ്ചിരിക്കാൻ പരിശീലിപ്പിക്കാറുണ്ടെന്ന് മനോജേട്ടൻ എഴുതിയത് ഇപ്പോൾ വായിച്ചതേയുള്ളൂ.
ഒരു ദിവസം ഞാൻ ഓഫീസിലേക്ക് വരികയായിരുന്നു. അന്ന് തന്നെ ചെയ്തു തീർക്കേണ്ട ചില ജോലികൾ എന്റെ ചിന്തയെ വരിഞ്ഞ് പിടികൂടിയിരുന്നു. ജോലികളെക്കുറിച്ചോർത്ത് ഇന്ന് എത്ര വൈകിയാവും വീട്ടിലെത്താനാവുക എന്ന് വ്യാകുലപ്പെട്ട് അറ്റൻഡൻസ് പഞ്ച് ചെയ്യാൻ നടക്കവേ ഓഫീസ് വാതിലിനു മുന്നിലെ സെക്യൂരിറ്റി പയ്യൻ ചിരിക്കുന്നു. ഒപ്പം ഒരു ഓഫീസ് ബോയിയും ചിരിക്കുന്നു. എന്റെ കാടുകയറിയ ചിന്തകൾ സഡൺ സ്റ്റോപ്പായി.
മനസ് തണുപ്പ് നിറഞ്ഞ് അയഞ്ഞു.
എന്റെ ചുണ്ടിലും ചിരി വിരിഞ്ഞു. എന്റെ ചിരി കണ്ട് റിസപ്ഷനിലുള്ള യുവതിയും ചിരിക്കുന്നു.
ഡിപ്പാർട്ട്മെന്റിൽ റാമി എന്ന തുനീഷ്യൻ യുവാവ് മാത്രമേ എത്തിയിട്ടുണ്ടായിരുന്നുള്ളൂ.
ഞാൻ വളരെ സന്തോഷവാനായി ചിരിച്ച് റാമിക്ക് സലാം പറഞ്ഞു.
അവനും ചിരിച്ചു, സലാം മടക്കി. ആ ചിരിയും കൊണ്ട് അവൻ മറ്റാരുടേയോ അടുത്തേക്ക് നടന്നു നീങ്ങി.
അന്നത്തെ ദിവസം എത്ര മനോഹരമായിരുന്നെന്നോ..!
തീർക്കേണ്ട ജോലികൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ തീർന്നു. നേരത്തേ വീട്ടിൽ മടങ്ങിയെത്തി.
എഴുത്ത് നീണ്ടു പോകുന്നു. ഇവിടെ അവസാനിപ്പിക്കേണ്ടതുണ്ട്.
അപ്പോൾ..... പറഞ്ഞുവന്നത് ചിരിയെക്കുറിച്ചും സന്തോഷത്തെക്കുറിച്ചുമാണ്.
നമുക്കും നമ്മോട് ചിരിക്കാം.
പിന്നീട് അമ്മയോട്, അച്ചനോട്, സഹോദരങ്ങളോട്,
അയൽ വാസിയോട്,
ബന്ധുക്കളോട്,
അപരിചിതരോട്,
നമുക്ക് മുന്നിലും എതിരിലും വരുന്ന എല്ലാവരോടും സ്നേഹം കൊണ്ട് ചിരി പടർത്താം....!
സന്തോഷം നിറയട്ടേ...!!