Wednesday, April 3, 2013

കരുതിവെക്കാനെന്തുണ്ട് ?


പൂക്കുന്നതും കായ്ക്കുന്നതും രണ്ടാം വിളയാണ്.

ഒന്നാം വിള ആരോ കരുതിവെച്ചിരുന്നു.

കാഴ്ചവസ്തുവായിപ്പോലും ബാക്കിവെക്കാതെ

ധൃതിയില്‍ മറികടന്ന്

എന്തിലേക്കോ നാം ഓടിപ്പോകുന്നു.



ഗര്ഭിണി ആയിരിക്കുമ്പോളമ്മ

കുടിച്ചിരുന്ന വെള്ളം പോലും

കരുതലോടെയായിരുന്നൂ.

അച്ചൻ അരമുറുക്കിയുടുത്ത്

നട്ടുവളർത്തിയ പൂക്കളൊക്കെ

പുഴുക്കൾ നിറഞ്ഞതെങ്ങിനെ ? !!



നന്മയുടെ കാഴ്ചകൾ

കുരുതികൊടുത്ത്

തലമുറയുടെ ഏത് വ്യതിയാനമാണിന്ന്

പൂക്കുന്നതും കായ്ക്കുന്നതും?

പുതുമഴയിൽ ഏത് പുഴയാണിന്ന്

നിറഞ്ഞൊഴുകുന്നത്?



നാളെ

കുരുന്നുകൾ കരയുന്നുണ്ടാകും.

ഒച്ച അലോസരപ്പെടുത്താതിരിക്കാൻ

കാതുകളിൽ അടപ്പിട്ട്

നാം മണ്ണോടൊട്ടിക്കിടക്കും.!

നദികളും പച്ചപ്പും കൈവിട്ട മണ്ണ്

നമ്മോട് ചോദിക്കും

എന്തിലേക്കാണിത്ര ധൃതിയില്‍

നീയോടിയതെന്ന് !



കരുതിവെക്കുന്നത്

തലമുറകൾക്ക് മാത്രമല്ല

നമുക്കുവേണ്ടിയും കൂടിയാണ്.

ഒന്നാം വിളയുടെ

പുനരുദ്ധാനത്തിന് !!



************************

ഫോക്കസ് ഖത്തർ പ്രസിദ്ധീകരിച്ച "മനുഷ്യരെ തേടുന്നവർ" സോവനീറിൽ.