Sunday, June 23, 2013

അമ്മ

അമ്മ




ആശുപത്രിയിൽ മോൻ കിടക്കുന്ന മുറിയിലേക്ക് ഒരു മാലാഖയെപ്പോലെ അവർ കടന്നുവന്നു. നാല്പതിനും അമ്പതിനുമിടയിൽ പ്രായം. ആകർഷകമായിരുന്നു അവരുടെ മുഖവും പുഞ്ചിരിയും. അവരെ കണ്ടതും മോൻ മോണകാട്ടി ചിരിച്ചു. അവന് എന്തെന്നില്ലാത്ത സന്തോഷം. അവർ അവനെ കൊഞ്ചിച്ചും തലോടിയും വിശേഷങ്ങൾ ചോദിച്ചു. അവൻ മൂളിയും മുരണ്ടും അവർക്ക് താളം പിടിച്ചു.

ഇടക്ക് ഞാൻ ചോദിച്ചു. “സിസ്റ്റർ നാട്ടിലെവിടെയാണ്..?

“കോഴിക്കോട്” അവർ പറഞ്ഞു.



കോഴിക്കോടിനെക്കുറിച്ച് പറഞ്ഞറിഞ്ഞ സഹജീവി സ്നേഹവും സഹൃദയത്വവും മുഴുവനായും അവർ മുഖത്ത് അണിഞ്ഞിരുന്നു.



ഏഴ് മാസംകൊണ്ട് പറയാൻ പഠിച്ച അക്ഷരങ്ങൾ മോൻ അവരെ നോക്കി ഉരുവിട്ടു.

“ ഗ്….ഖ് ..… താത്ത, താ….തത്ത, താത്ത…..”

അത് കേട്ടതും അവർ പൊട്ടിച്ചിരിച്ചു. അപ്പോൾ ഏതോ ഒരു നിലാവ് മുറിയിൽ പ്രകാശം പരത്തി. പിന്നെ പതുക്കെ അവന്റെ കാതിൽ പറഞ്ഞു.

“താത്തയോ ?…….അല്ല മോനേ……. അമ്മ…. അമ്മയാണ്…”

ഏതാനും നിമിഷങ്ങൾ അവരുടെ കണ്ണുകൾ ആർദ്രമായത് ഞാനറിഞ്ഞു.

പിന്നെ ഒന്നും പറയാതെ ധൃതിയിൽ അവർ പുറത്തേക്ക് പോയി.



അവരുടെ കണ്ണുകളിൽ കണ്ട നനവ് എന്തായിരിയ്ക്കും?

മനമുരുകി കേണിട്ടും കനിഞ്ഞു കിട്ടാത്ത പ്രതീക്ഷവറ്റാത്ത പ്രാർത്ഥനയോർത്തോ…?

കടലോളം സ്നേഹം ഉള്ളിൽ തുളുമ്പുന്ന കടലിനപ്പുറമുള്ള മകനെയോർത്തോ?

അറിയില്ല, പക്ഷേ…...

അവർ ഒരമ്മയാണ്…..!

അമ്മ.

No comments:

Post a Comment