Thursday, December 18, 2014

ഹൃദയത്തിൽ പതിഞ്ഞ വിരലടയാളം…!

ഹൃദയത്തിൽ പതിഞ്ഞ വിരലടയാളം!
-       



ണ്ടായിരത്തി പന്ത്രണ്ടിൽ ഗസ്സ സന്ദർശിച്ച ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയെ സ്വാഗതം ചെയ്തുകൊണ്ട് ഫലസ്തീൻ പ്രധാനമന്ത്രി ഇസ്മായിൽ ഹനിയ്യ പറഞ്ഞു. “ഗസ്സ ഇന്ന് സ്വീകരിക്കുന്നത് കേവലം ഒരു രാജ്യത്തിന്റെയല്ല; മൊത്തം അറബ് സമൂഹത്തിന്റെ അമീറിനെയാണ്. എതിര്‍പ്പുകളും ഭീഷണികളും വകവെക്കാതെ ഗസ്സ സന്ദര്‍ശിക്കാൻ ശൈഖ് ഹമദ് മുന്നോട്ട് വന്നത് അതിസാഹസികവും ധീരവുമായ നടപടിയാണ്. ഖത്തര്‍ അമീറിന്റെയും സംഘത്തിന്റെയും സന്ദര്‍ശനം ഗസ്സ ഒറ്റക്കല്ലെന്ന സന്ദേശം നല്‍കുന്നുണ്ട്. ലോകത്തിന്റെ നാനാഭാഗത്തുള്ള ലക്ഷക്കണക്കിന് ഹൃദയങ്ങളിൽ ഫലസ്ത്വീന്‍ ജീവിക്കുന്നുവെന്നതിന്റെ തെളിവാണിത്.'' ദീർഘനേരം നീണ്ടുനിന്ന കരഘോഷങ്ങളോടെയാണ് വാക്കുകളെ പലസ്തീൻ ജനത ഏറ്റെടുത്തത്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഒത്താശയോടെ ഫലസ്ത്വീനികള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന മനുഷ്യാവകാശധ്വംസനം അതിന്റെ പാരമ്യത്തിലെത്തിയ ഘട്ടത്തിലായിരുന്നു അറബ് ലോകത്തെ ധിക്കാരിയുടെ ഗസ്സ സന്ദര്‍ശനം.

മാതൃരാജ്യമല്ലാത്ത ഒരു രാജ്യം ഹൃദയത്തോട് ഒട്ടി നിൽക്കണമെങ്കിൽ അതിന് എന്തെല്ലാം കാരണങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയും? ജീവിതയാത്രയുടെ പ്രാരാബ്ദത്തിൽ പിടിച്ചുനിൽക്കാൻ ഒരിടം ലഭിച്ചു, അല്ലെങ്കിൽ അന്നം തരുന്ന നാട് ഇതാണ് എന്ന കാരണത്താൽ മാത്രം ഒരു രാജ്യം അത്രമേൽ നമുക്ക് പ്രിയപ്പെട്ടതാകുമെന്ന് കരുതുക വയ്യ. മാതൃരാജ്യം വിട്ടുപോരുന്ന ഓരോ ലീവിടവേളകളിലും മരുഭൂമിയിലെ എയർപോർട്ടിൽ കാലെടുത്ത് വെക്കുന്ന പ്രവാസിയെ അതേ നിമിഷം പിടികൂടുന്ന ഒരു അരക്ഷിതത്വബോധമുണ്ട്. ഇതെന്റെ ഭൂമിയല്ലെന്നുള്ള, ഇവിടെ ഞാൻ അന്യനാണെന്ന തിരിച്ചറിവ്. മാനസികാവസ്ഥ പിന്തുടരുന്ന കാലത്തോളം ഒരു പ്രവാസിക്കും മറ്റൊരു രാജ്യത്തേയും കേവലം ജോലിയെടുക്കുന്ന നാട് എന്ന ഇഷ്ടത്തിനപ്പുറം ഹൃദയത്തിൽ ഒപ്പുചാർത്തി സ്വീകരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.  എന്നാൽ വിസ്തൃതിയിലും ജനസംഖ്യയിലും ലോകത്തെ ചെറിയ രാഷ്ട്രങ്ങൾക്കിടയിൽ സ്ഥാനം പിടിച്ച  ഖത്തർ  എങ്ങനെ നമുക്ക് പ്രിയപ്പെട്ടതായി മാറി എന്നത് ഒട്ടും അതിശയോക്തിയുണ്ടാക്കുന്നില്ല.  നിരവധി അന്താരാഷ്ട്ര പ്രശ്നങ്ങളിൽ ഖത്തർ ഭരണാധികരികൾ കൈക്കൊണ്ട  ധീരവും ശക്തവുമായ നിലപാടുകൾ മറ്റു രാജ്യങ്ങൾക്കുതന്നെ മാതൃകാപരമാണ്.  അത്തരം ധീരമായ,  ലോകത്തിനുതന്നെ മാതൃകയായ നിലപാടുകളുടെ പേരിലാവണം ഖത്തർ നമ്മുടെ മനസ്സുകളിൽ പ്രിയപ്പെട്ട നാടായി കുടിയേറിയത്

പശ്ചിമേഷ്യൻ വിഷയങ്ങളിൽ ഖത്തർ കൈക്കൊള്ളുന്ന നിലപാടുകൾ പരിശോധിച്ചാൽ മാത്രം മുകളിൽ പറഞ്ഞതിന്റെ യാഥാർഥ്യം ബോധ്യപ്പെടും. ഫലസ്തീനിലെ വിമോചനപോരാട്ടത്തെ ഭീകരതയായി ചിത്രീകരിക്കുന്നതിനെതിരെ, ഇസ്രായേൽ അധിനിവേശത്തിനും യുദ്ധ ക്രൂരതകൾക്കുമെതിരെ, സധൈര്യം ശബ്ദിക്കാൻ മുന്നോട്ട് വന്നിട്ടുള്ള ഏക അറബ് രാജ്യം ഖത്തറാണ് എന്ന് നമുക്കറിയാം.  പശ്ചിമേഷ്യൻ തർക്ക പരിഹാരത്തിനായി ഐക്യരാഷ്ട്ര സഭയിലും മറ്റു അന്താരാഷ്ട്ര വേദികളിലും നിരവധി തവണ ഖത്തർ ശബ്ദമുയർത്തുകയും അത് തുടർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു

ലബനാൻഇസ്രായേൽ സംഘർഷത്തിനറുതി വരുത്തിക്കൊണ്ട് യു എൻ രക്ഷാസമിതിയിൽ പ്രമേയം കൊണ്ടുവന്നതിൽ ഏഷ്യൻ, അറബ് പ്രതിനിധിയെന്ന നിലയിൽ ഖത്തർ വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. ഇസ്രായേൽ അക്രമണത്തിൽ തകർന്നുപോയ ലബനൺ നഗരങ്ങൾ ആദ്യം സന്ദർശിച്ചതും ഖത്തർ ഭരണാധികാരിയായിരുന്നു. ലബനനിൽ തകർന്നു പോയ മൂന്നു നഗരങ്ങളുടെ പുനർനിർമ്മാണം ഖത്തർ ഏറ്റെടുക്കുകയും അനേകബില്യൺ ഡോളറുകൾ ചെലവഴിച്ച് അവയുടെ പണി പൂർത്തിയായിവരികയും ചെയ്യുന്നു എന്നത് ഇതിനോടൊപ്പം കൂട്ടിവായിക്കണം

ബൾഗറിയും ലിബിയയും തമ്മിൽ ഉടലെടുത്ത പ്രതിസന്ധി പരിഹരിച്ചതും ഖത്തറിന്റെ യുക്തിസഹമായ ഇടപെടലിലൂടെയായിരുന്നു. യമനിൽ വിമത കലാപം രൂക്ഷമാവുകയും ആഭ്യന്തരകലാപം മൂർച്ഛിക്കുകയും ചെയ്തപ്പോൾ ഖത്തർ മധ്യസ്ഥം വഹിക്കുകയും വെടി നിർത്തൽ കരാറിൽ ഒപ്പിടുവിക്കുകയും ചെയ്തിരുന്നു. അതുപോലെത്തന്നെ  ഇറാഖ്, സുഡാൻ, സോമാലിയ  തുടങ്ങിയ രാജ്യങ്ങളിലെ പ്രശ്നങ്ങളിലും ഖത്തർ ഇടപെടുകയും പ്രശ്ന പരിഹാരത്തിനായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്

ഇറാനും ഗൾഫ് രാജ്യങ്ങളുമായി ബന്ധം ആടിയുലഞ്ഞിരുന്ന സമയത്ത് ദോഹയിൽ നടന്ന ജി സി സി ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്റ് മഹ്മൂദ് നജാദിനെ ക്ഷണിക്കാൻ ഖത്തർ കാണിച്ച തന്റേടം ഖത്തർ നയതന്ത്രത്തിന്റെ മറക്കാനാവാത്ത ഏടുകളിൽ ഒന്നാണ്. ജി സി സിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു ഇറാൻ അത്തരമൊരു ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. മറ്റ് അറബ് രാഷ്ട്രങ്ങളുടേതന്നെ നീരസത്തിന് കാരണമായി വർത്തിച്ച  നയതന്ത്രവിഷയങ്ങളിലെ ഇത്തരം നിലപാടുകൾ  ഏത് വേദികളിലും തുറന്ന് പറയാനും നടപടികളുമായി മുന്നോട്ട് പോകാനും ഖത്തർ ഭരണാധികാരികൾ കാണിക്കുന്ന ചങ്കൂറ്റവും ധൈര്യവും ഇവിടെ ജീവിച്ച് ജോലിയെടുക്കുന്ന പ്രവാസികൾ എന്ന നിലയിൽ നമ്മെ ഏറെ സ്വാധീനിക്കുന്നുണ്ട്.  . ഖത്തർ ഭരണ ഘടനയുടെ അടിസ്ഥാനം പരിശുദ്ധ ഖുർആനും നബിചര്യയുമാണ് എന്നതും ഖത്തർ നാഗരികത വളർന്നുവന്നത് ഇസ്ലാമിക സംസ്കാരത്തിലധിഷ്ടിതമായാണ് എന്നതും ഈ നിലപാടുകൾക്ക് പിന്നിലെ പ്രചോദനമാണ് എന്നും നാം തിരിച്ചറിയേണ്ടതുണ്ട്.

അക്രമങ്ങൾക്കെതിരെയും അനീതികൾക്കെതിരെയും മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെയും മറ്റുള്ളവർ നിശബ്ദമാകുന്നിടത്ത് നീതിയുടെ ശബ്ദമാകാൻ ഇവിടത്തെ ഭരണാധികൾക്ക് കഴിയുന്നു എന്നതാണ് ഖത്തറിനെ മറ്റു രാജ്യങ്ങളിൽനിന്നും വ്യത്യസ്തമായി നിലനിർത്തുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആൻഡ് പീസ് ഈയിടെ പുറത്തുവിട്ട റിപ്പോർട്ടിൽ അറബ് മേഖലയിൽ ഏറ്റവും സമാധാനമുള്ള രാജ്യം ഖത്തറാണെന്ന് അടയാളപ്പെടുത്തിയിരുന്നു. വികസനത്തിലും പുരോഗതിയിലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലുള്ള ഈ കൊച്ചുരാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രവാസികളുടെ പങ്ക് വിവരണാതീതമാണ്. ജനസംഖ്യയിൽ ഖത്തർ പൗരൻമാരുടെ എണ്ണത്തേക്കാൾ ഇരട്ടിയിലധികം ഇന്ത്യക്കാരാണെന്നതും അതിൽ തന്നെ മുക്കാൽ ഭാഗവും മലയാളികളാണ് എന്നതും നമുക്ക് അഭിമാനിക്കാൻ വക നൽകുന്നു

വിരലടയാളത്തിന്റെ അതുല്യതയെക്കുറിച്ച് വിശുദ്ധഖുർആനിൽ സൂചനകളുണ്ട്. വ്യക്തിത്വത്തിന്റെ തിരിച്ചറിവിനുള്ള ശാസ്ത്രീയമാർഗ്ഗമായി പിന്നീട് വിരലടയാളം സ്വീകരിക്കപ്പെട്ടു.  ഭൂപടത്തിൽ ഖത്തർ അടയാളപ്പെടുന്നതും ഒരു വിരലടയാളത്തിന്റെ രൂപത്തിലാണ്. ദൈവം പതിപ്പിച്ച സ്നേഹത്തിന്റെ വിരലടയാളമായിരിക്കാം അത്. അതെ, ധീരമായ നിലപാടുകൾക്കൊണ്ടും ശക്തമായ സാന്നിധ്യം കൊണ്ടും നമ്മുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ പതിഞ്ഞുകിടക്കുന്ന വിരലടയാളമായി ഖത്തർ നമുക്ക്; ഓരോ പ്രവാസിക്കും അനുഭവപ്പെടുന്നു.  അതുകൊണ്ടുതന്നെ നമ്മുടെ മാതൃരാജ്യത്തോടൊപ്പം സ്നേഹത്തോടെ ചേർത്തുപിടിക്കാൻ കഴിയുന്ന പ്രിയപ്പെട്ട രാജ്യമായി ഖത്തർ മാറുകയും നമ്മുടെ ദേശീയബോധത്തിന്റെ ചെങ്കോട്ടകളിൽ ഉയർന്നുപാറുന്ന മൂവർണ്ണപതാകയെ ഖത്തർ ദേശീയദിനം ഓർമ്മപ്പെടുത്തുകയും ദേശസ്നേഹത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.


******************************************

No comments:

Post a Comment