Friday, November 18, 2016

ആത്മാവ് നഷ്ടപ്പെട്ടവർ.




ഞാനിപ്പോളുള്ളത് എന്റെ വീട്ടിലല്ല
ഒരു മരണവീട്ടിലാണ്.
നിങ്ങൾ കേൾക്കെ പൊട്ടിച്ചിരിക്കുന്നത്
കുട്ടികളും മാനസിക രോഗികളുമാണ്.
അവർക്കറിയില്ലല്ലോ മരണത്തിന്റെ വ്യാപ്തി...!

നിങ്ങൾക്ക് മനസ്സിലായില്ലെന്നോ..?
ഇല്ലെങ്കിൽ ഒന്നുകൂടി വിശദമാക്കാം.

ഞാനിപ്പോളുള്ളത് എന്റെ രാജ്യത്തല്ല.
ആത്മാവ് നഷ്ടപ്പെട്ട ഒരു രാജ്യത്താണ്.
നിങ്ങൾ കേൾക്കെ പൊട്ടിച്ചിരിക്കുന്നത്
കുട്ടികളും മാനസിക രോഗികളുമാണ്.
അവർക്കറിയില്ലല്ലോ മരണത്തിന്റെ വ്യാപ്തി...!

ഇനിയും നിങ്ങൾക്ക് മനസ്സിലായില്ലെന്നോ..?
എങ്കിൽ നിങ്ങളൊന്ന് തൊട്ടു നോക്കുക.
നിങ്ങളുടെ ശരീരം കിടക്കുന്നത്
കല്ലറയിലോ മണ്ണറയിലോ എന്ന്..!!!

#ShameerHassan

Wednesday, November 16, 2016

പച്ചപ്പ് പുതക്കുന്ന മരുഭൂമിയിലെ വീട്ടുമുറ്റങ്ങൾ



അവന്‍ തന്നെയാണ് മാനത്തുനിന്ന് വെള്ളം വീഴ്ത്തുന്നത്. അങ്ങനെ അതുവഴി നാം സകല വസ്തുക്കളുടെയും മുളകള്‍ കിളിര്‍പ്പിച്ചു. പിന്നെ നാം അവയില്‍ നിന്ന് പച്ചപ്പുള്ള ചെടികള്‍ വളര്‍ത്തി. അവയില്‍ നിന്ന് ഇടതൂര്‍ന്ന ധാന്യക്കതിരുകളും. നാം ഈന്തപ്പനയുടെ കൂമ്പോളകളില്‍ തൂങ്ങിക്കിടക്കുന്ന കുലകള്‍ ഉല്‍പാദിപ്പിച്ചു. മുന്തിരിത്തോട്ടങ്ങളും ഒലീവും റുമ്മാനും ഉണ്ടാക്കി. ഒരു പോലെയുള്ളതും എന്നാല്‍ വ്യത്യസ്തങ്ങളുമായവ. അവ കായ്ക്കുമ്പോള്‍ അവയില്‍ കനികളുണ്ടാകുന്നതും അവ പാകമാകുന്നതും നന്നായി നിരീക്ഷിക്കുക” (അല്‍ അന്‍ആം: 99).


തിർത്തികൾ കടന്നെത്തുന്ന വിഷലിപ്തമായ പച്ചക്കറികൾ 'സമ്മാനിക്കുന്നദുരന്തത്തിന്റെ തീവ്രത തിരിച്ചറിഞ്ഞ മലയാളികൾ ഏറെയും സ്വന്തമായ ജൈവ കൃഷി രീതിയിലേക്ക് തിരിച്ചുവരാൻ തുടങ്ങിയത് നമ്മളറിയുന്നുണ്ട്. കടൽ കടന്ന് പ്രവാസഭൂമിയിലേക്ക് വരുന്ന പച്ചക്കറികളും സമാനമായ വിഷവിഭവങ്ങളാണെന്ന് തിരിച്ചറിഞ്ഞ് തുടങ്ങിയപ്പോൾ  പ്രവാസികളും ഇപ്പോൾ സ്വയം വിളയിച്ചെടുക്കുന്ന ശുദ്ധമായ കായ് കറികളാൽ ജീവിതം തിരിച്ചുപിടിക്കാൻ തുടങ്ങിയിരിക്കുന്നു. പ്രവാസി കൂട്ടായ്മകളിലൂടെ പരമ്പരാഗത കാർഷിക സംസ്കാരം വീണ്ടും വേരുപിടിപ്പിക്കാനുള്ള ശ്രമങ്ങൾ തത്വത്തിൽ നമ്മുടെ നാടിന് നവീനമായൊരു ആരോഗ്യ പരിരക്ഷയാണ് പകർന്ന് നൽകുന്നത്.

മരുഭൂമിയിലെ വെല്ലുവിളികൾ അതിജീവിച്ച് വില്ലകളുടെ മുറ്റത്തും അപ്പാര്ടുമെന്റുകളുടെ ബാൽകണിയിലും ടെറസിലും മറ്റുമാണ് പ്രവാസലോകത്ത് കൃഷിയിടം തയ്യാറാക്കുന്നത്. വെള്ളം വാർന്നുപോകാത്ത ഒരുതരം വഴുവഴുപ്പുള്ള മണ്ണാണ് പ്രവാസഭൂമിയിൽ സ്വാഭാവികമായി ലഭ്യമാകുന്നത്. ഇത് കൃഷിയോഗ്യമല്ലാത്തതിനാൽ കൃഷിക്കാവശ്യമായ മണ്ണ് പ്രത്യേകമായി തയ്യാർ ചെയ്യുകയാണ് പതിവ്. നഴ്സറികളിൽ ഒരു ചാക്കിന് പത്ത് റിയാൽ നിരക്കിലാണ് ഇത്തരം മണ്ണ് വില്പന നടത്തുന്നത്. ചൂട് കുറഞ്ഞു തുടങ്ങുന്ന സെപ്തംബർ പകുതിയോടെ മണ്ണ്, ചാണകപ്പൊടി, മണൽ എന്നിവ ചേർത്ത് ഗ്രോബാഗിലും ചട്ടികളിലുമൊക്കെ തയ്യാറാക്കുന്ന പ്രതലങ്ങളിൽ വിത്തിട്ട് തുടങ്ങും.  ഒക്ടോബർ അവസാനത്തോടെ വിളവെടുപ്പ് ആരംഭിക്കും. ഏപ്രിൽ, മെയ് വരെ പച്ചക്കറി നല്ല വിളവ് ലഭിക്കും. ചൂട് കാലങ്ങളിൽ ഇലവർഗ്ഗങ്ങളും ധാരാളമായി വിളവ് ലഭിക്കും. മത്തങ്ങ, കുമ്പളങ്ങ, തക്കാളി, പടവലങ്ങ, കയ്പക്ക, കോവയ്ക്ക, വഴുതന, വെണ്ട, സവോള, ചീര, കോളിഫ്ലവർ, കാബേജ്, ബ്രൊക്കോളി, തുടങ്ങി 30 ലധികം പച്ചക്കറികളും ഔഷധ സസ്യങ്ങളായ തുളസി, പനിക്കൂർക്ക, ബ്രഹ്മി, കറ്റാർ വാഴ തുടങ്ങിയവയും തണ്ണിമത്തൻ, ഷമാം, പപ്പായ, അനാർ എന്നീ ഫലവർഗ്ഗങ്ങളും ഇങ്ങനെ കൃഷി ചെയ്യുന്നു. കീടങ്ങളുടെ ശല്യം തടയാൻ നാടൻ രീതികളായ പുകയില കഷായവും, വേപ്പെണ്ണയും വെളുത്തുള്ളിയും ചേര്ത്ത മിശ്രിതവും സോപ്പ്ലായനിയുമൊക്കെയാണ് ഉപയോഗിക്കുന്നത്. അടുക്കളാവശിഷ്ടങ്ങൾ ഉപയോഗപ്പെടുത്തി ജൈവവളമുണ്ടാക്കുകയും ചെയ്യുന്നു.

പ്രവചനാതീതമായ കാലാവസ്ഥാ വ്യതിയാനമാണ് പ്രവാസലോകത്ത് കൃഷിയിലേർപ്പെടുന്നവർ നേരിടുന്ന പ്രധാന പ്രതിസന്ധി. ശക്തമായ കാറ്റും രൂക്ഷമായ പൊടിപടലങ്ങളും ഇടക്കിടെു ഉണ്ടാകുന്നത് ചെടികളുടെ വളർച്ചയെ ബാധിക്കുന്നു. താങ്ങും തണലുമായി ഒപ്പം നിന്ന് പരിചരിച്ചില്ലെങ്കിൽ പ്രയത്നം വിഫലമാകുമെന്ന് ഖത്തറിൽ കൃഷി ചെയ്യുന്നവർ പറയുന്നു.  മത്ത, വെള്ളരി പോലുള്ള മിക്ക ചെടികളിലും കൃത്രിമ പരാഗണവും നടത്തേണ്ടി വരും. വീട്ടുജോലിയും ഓഫീസ് ജോലിയും കഴിഞ്ഞതിനുശേഷമുള്ള ഒഴിവുസമയത്തിൽ നിന്നും അല്പസമയം കൃഷിയിൽ ആനന്ദം കണ്ടെത്തിയാൽ വിഷമില്ലാത്ത പച്ചക്കറി കഴിക്കാമെന്ന പരമാനന്ദം ആസ്വദിക്കാമെന്നതാണ് പ്രവാസി വീട്ടമ്മമാരെയും ഗൃഹനാഥന്മാരെയും മുഖ്യമായും  അടുക്കളക്കൃഷിയിലേക്ക് ആകർഷിക്കുന്നത്. നാട്ടിലല്ലാത്തതിനാൽ പ്രാവാസികളുടെ മക്കൾക്ക് നഷ്ടപ്പെട്ടുപോകുന്ന കൃഷിയേയും പരിസ്ഥിതിയേയും നേരിട്ടറിയാനും അനുഭവിക്കാനുമുള്ള സാഹചര്യം തിരിച്ചുപിടിക്കാനും സദുദ്യമത്തിലൂടെ ഉപകരിക്കുന്നു.

ഓൺലൈൻ മാധ്യമങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി ധാരാളം കൂട്ടായ്മകൾ കാർഷിക പുരോഗതിക്കായ് ഇന്ന് പ്രവർത്തിക്കുന്നുണ്ട്. ഫെയ്സ്ബുക്കിലെഅടുക്കളത്തോട്ടംഎന്ന കൂട്ടായ്മയിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഖത്തറിൽനമ്മുടെ അടുക്കളത്തോട്ടം ദോഹഎന്ന സംഘടന പിറവിയെടുത്തത്. സമൂഹത്തിന്റെ അടിസ്ഥാനഘടകമായ കുടുംബത്തെ ഭക്ഷ്യസുരക്ഷിതത്വത്തിലേക്കും പോഷക സുരക്ഷിതത്വത്തിലേക്കും നയിക്കുക, മാരക രോഗങ്ങളെ അകറ്റുക, കുടുംബകൃഷിയുടെ പ്രാധാന്യം വീണ്ടെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മ മൂന്നുവർഷത്തോളമായി പ്രവർത്തനം തുടങ്ങിയിട്ട്. കൂട്ടായ്മയിലെ അംഗങ്ങൾ അവരവരുടെ വീടുകളിൽ സാധ്യമായ രീതിയിൽ കൃഷി ചെയ്യുന്നു. വിത്തുകളും വിളവുകളും പരസ്പരം കൈമാറുകയും ചെയ്യുന്നു. ഏറ്റവും നന്നായി കൃഷി ചെയ്യുന്നവരെ അവാർഡ് നൽകി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഇവരുടെ പ്രവർത്തനം ശ്രദ്ധിക്കാനിടയായ ഖത്തറിലെ കൃഷിപ്രേമിയായ മുഹമ്മദ് അൽ ദോസരി എന്ന സ്വദേശി തന്റെ ഒരേക്കർ സ്ഥലം കൃഷി ചെയ്യാനായി ഇവർക്ക് വിട്ടുകൊടുത്തു. മാത്രമല്ല കൃഷിചെയ്യാനാവശ്യമായ  വെള്ളവും വളവും മറ്റു അടിസ്ഥാന സൗകര്യങ്ങളും നൽകിപ്പോരുകയും ചെയ്യുന്നു. കിട്ടിയ സൗകര്യം ഉപയോഗപ്പെടുത്തി മരുഭൂമിയിൽ മലയാളിയുടെ സ്വന്തം നെല്ല് തന്നെ വിളയിച്ച് വിജയഗാഥ തീർത്തു ഈ കൂട്ടായ്മ. കേരളത്തിൽനിന്ന് കൃഷിമന്ത്രിയെ ക്ഷണിച്ച് ആഘോഷപൂർവ്വം വിളവെടുക്കുകയും ചെയ്തു. ഖത്തറിൽ വിളഞ്ഞ ആദ്യത്തെ നെല്ലിൽ നിന്നും ഒരു കറ്റ നെൽക്കതിർ മ്യൂസിയത്തിൽ പ്രദർശനത്തിന് ഏറ്റെടുത്തുകൊണ്ടാണ് ഖത്തർ ഭരണാധികാരികൾ ഈ സദ്പ്രവർത്തിയെ ആദരിച്ചത്. നമ്മുടെ അടുക്കളത്തോട്ടംനേതൃനിരയെ കേരള സർക്കാരും പുരസ്കാരങ്ങൾ നൽകി ആദരിച്ചു.

ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ വനിതാവിഭാഗമായ എം.ജി.എം  ‘ഹരിത ഭവനം’ എന്ന പേരിൽ ഒരു കാർഷിക പദ്ധതി തയ്യാറാക്കിയത് മറ്റൊരു മാതൃകയാണ്. ആയിരത്തോളം അംഗങ്ങളുള്ള എം.ജി.എം തങ്ങളുടെ അംഗങ്ങൾക്കും താല്പര്യമുള്ള മറ്റുള്ളവർക്കും മണ്ണും വളവും വിത്തും ഗ്രോബാഗും സൗജന്യമായി നൽകി. ഫ്ലാറ്റുകളിലായാലും വില്ലകളിലായാലും എങ്ങിനെ കൃഷിചെയ്യണമെന്ന് പരിശീലനവും നൽകി. പ്രചോദനം നൽകുന്ന ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചു. എം.ജി.എമ്മിലെ ഭൂരിഭാഗം അംഗങ്ങളും ഇത്തവണ ഹരിത ഭവനം പദ്ധതിയുടെ ഭാഗമായി അടുക്കളക്കൃഷിയിൽ ഏർപ്പെടുകയാണ്. വിഷലിപ്തമായ അടുക്കളയെ വിഷരഹിതമാക്കാൻ സ്വയം മാറണമെന്ന സന്ദേശം ഈ വനിതാ കൂട്ടായ്മ മുന്നോട്ടുവെക്കുന്നു. ഇവരുടെ ചുവട് പിടിച്ച് യുവജന സംഘടന ഫോക്കസ് ഖത്തറിന്റെ ലേഡീസ് വിഭാഗവും അടുക്കളക്കൃഷിയിൽ ഒരു കൈ നോക്കാനിറങ്ങിയിട്ടുണ്ട്. കൃഷിയിടം ഖത്തർ, വെളിച്ചം വെളിയംകോട്, ദോഹ ഗാർഡൻ ക്ലബ്ബ് തുടങ്ങി നിരവധി സംഘടനകൾ ഖത്തറിൽ  അടുക്കളക്കൃഷിയിൽ സജീവമാണ്. എല്ലാ കൂട്ടായ്മകൾക്കും നാട്ടിലെ കൃഷി ഉദ്യോഗസ്ഥർ ഓൺലൈൻ വഴിയും നേരിട്ട് വന്നും നിർദ്ദേശങ്ങളും പരിശീലനവും സംശയ നിവാരണവും നൽകിവരുന്നു എന്നതും പ്രസ്തുത ഉദ്യോഗസ്ഥരുടെ അർപ്പണമനസ്സും അഭിനന്ദനാർഹമാണ്.

ഓന്നോ രണ്ടോ തലമുറ മുമ്പുവരെ ഓരോ കുടുംബത്തിനും ദൈനംദിന ആവശ്യത്തിനുള്ള ഫലവർഗ്ഗങ്ങൾ വീടിനോടുചേർന്നുള്ള കൃഷിയിടങ്ങളിൽതന്നെ ഉത്പാദിപ്പച്ച്  മിച്ചമുള്ളത് അയൽവാസികൾക്ക് സമ്മാനിച്ച്  ജീവിതത്തിൽ ആനന്ദം കണ്ടെത്തിയിരുന്ന ഒരു സംസ്‌ക്കാരമായിരുന്നു നമ്മുടേത്. അമ്മയും അച്ഛനും മക്കളും ഒത്തൊരുമിച്ച് അവരുടെ അദ്ധ്വാനശേഷിയെ ആഹ്ലാദമാക്കി സ്വാശ്രയത്വത്തോടെ നടത്തിയിരുന്ന ഈ കുടുംബകൃഷി ആധുനികതയുടെ ആഢംബരത്തിൽ അകപ്പെട്ട് നമുക്ക് കൈമോശം വന്നു. കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മകളിലൂടെ മഹത്തായ സംസ്കാരം വീണ്ടെടുക്കുന്ന പ്രക്രിയയാണ് രൂപപ്പെടുന്നത്. അടുക്കളക്കൃഷി എന്ന മഹത്തായ സംസ്‌ക്കാരത്തെ പാരിസ്ഥിതികവും സാമൂഹികവുമായ നിലവിലെ നയപരിപാടികളുടെ കേന്ദ്രസ്ഥാനത്തേക്ക് മടക്കികൊണ്ടുവരിക എന്ന കാലം ആവശ്യപ്പെടുന്ന ദൗത്യമാണ് പ്രവാസി കൂട്ടായ്മകളിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യ മനസുകളിൽ കുടുംബ മൂല്യങ്ങളുടേയും സാമൂഹികമായ പുരോഗതിയുടേയും പച്ചപ്പ് നിറക്കുന്നുണ്ട് ഇത്തരം സൗഹൃദ കൂട്ടായ്മകൾ. 
********************************

Published in  Pudava Manthly 2016 November