വേനൽ കത്തി നിൽക്കുന്നുണ്ട്.
ഒരു ചുടുകാറ്റ് വന്ന് മേശയെ വട്ടംചുറ്റി വിറപ്പിച്ചു.
മഷിപ്പാത്രം വീണുടഞ്ഞ്
മഷി പരന്ന് നിലം നീലച്ചു.
ഒരു മഹാപ്രളയം വരാനിരിക്കുന്നുവെന്നും
ഓരോ മരവും ഇതുപോലെ കടപുഴകി വീഴുമെന്നും
ആരോ മന്ത്രിച്ച് കടന്നുപോയി.
പൊടിപടലം പോലെയെന്തോ വന്ന്
അന്തരീക്ഷമാകെ മൂടി.
തെരുവിൽ പശു മുക്രയിട്ടു
അമ്മമാർ കരഞ്ഞു
ചേരിയിൽ കുഞ്ഞുങ്ങളുടെ
ചോറുരുളകളിൽ ചേറുപുരണ്ടു.
ആൾദൈവങ്ങൾ ഏമ്പക്കമിട്ടു
ചില മുറുമുറുപ്പുകൾ അലയടിച്ചുയർന്നു.
വിദ്യാലയത്തിലെ ക്ലാസ് ലീഡറെപ്പോലെ ശബ്ദമുണ്ടാക്കിയവരുടെ പേരുകൾ
അടിമകൾ എഴുതിയെടുത്തു.
ഭയന്ന ചിലർ വായകൾ
സ്വയം സീൽ ചെയ്തു വെച്ചു. പേനകൾ മഷി മരവിച്ച്
ബാഗുകളിൽ ഉറങ്ങാൻ തുടങ്ങി.
ഞാൻ പിൻബെഞ്ചിലിരുന്ന് ശ്രദ്ധിച്ചു.
സിരകളിൽ ചുവന്ന നീർചാലുകൾമഷി ചുരത്തിക്കൊണ്ടിരിക്കുന്നു.
മനുഷ്യനെന്ന് ഹൃദയം
തുടികൊട്ടിക്കൊണ്ടിരിക്കുന്നു.
നോക്കൂ...
ഞാനെന്റെ പേന മൂടി വെച്ചിട്ടില്ല. !
**************
Published in "Varthamanam" Weekend Edition 24/03/2016Picture courtesy: boingboing.com
No comments:
Post a Comment