അമ്മ മനസ്സാണല്ലോ ഏതാനും ദിവസങ്ങളായി മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത്.
കാണാതായ മകനെ അന്വേഷിച്ച്,
കൊല്ലപ്പെട്ട മകന്റെ നീതിക്കുവേണ്ടി.
ജയിലിലകപ്പെട്ട മക്കൾക്കുവേണ്ടി,
മകൻ പൊരുതിയ അവകാശങ്ങൾക്ക് വേണ്ടി,
മക്കൾക്കുവേണ്ടിയുള്ള അമ്മമാരുടെ സഹനങ്ങളും സമരങ്ങളും വീട്ടകങ്ങളിൽ നിന്നും തെരുവിലേക്ക് കൂടി വ്യാപിപ്പിക്കപ്പെട്ട വേദനാജനകമായ സ്ഥിതിവിശേഷത്തിലാണ് നമ്മുടെ നാട് എത്തി നിൽക്കുന്നത്. അമ്മമാർ മക്കൾക്കുവേണ്ടി സ്വന്തം ആത്മാവിനെ ദാനം ചെയ്യുകയാണ്.
മാക്സിം ഗോർക്കിയുടെ ‘അമ്മ’ എന്ന നോവൽ എപ്പോളാണ് ഈ അമ്മമാരൊക്കെ വായിച്ചത്..? അമ്മയുടെ അനുഭവങ്ങളിലൂടെ ലോകം കണ്ട മകൻ മനുഷ്യ സ്നേഹിയായതും വിപ്ലവകാരിയായതും അറസ്റ്റ് ചെയ്യപ്പെട്ടതും പിന്നീട് മകന്റെ ദൗത്യങ്ങൾ അമ്മ ഏറ്റെടുക്കുന്നതും പോലീസ് മർദ്ദനത്തിൽ മരിച്ചു വീഴുന്നതുമൊക്കെ ഇപ്പോളും യാഥാർത്യത്തോട് നീതിപുലർത്തപ്പെട്ടുകൊണ്ടിരിക്കുന്നു! ഗോർക്കി എഴുതിയത് എല്ലാ അമ്മമാരുടേയും മനസ്സായതുകൊണ്ടാണ് ആ നോവൽ അത്രയേറെ വിഖ്യാതമായതും ചർച്ച ചെയ്യപ്പെട്ടതും.
അമ്മ എന്ന സ്നേഹത്തെക്കുറിച്ചും വാത്സല്യത്തെക്കുറിച്ചും അനുഭവത്തെക്കുറിച്ചും ചിലരൊക്കെ എഴുതിയത് വായിക്കണമെന്ന ആഗ്രഹത്തോടെയാണ് ഗൂഗിളിൽ ‘അമ്മ’ എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ബട്ടൺ അമർത്തിയത്. എന്നാൽ ‘അമ്മ’ എന്ന പദം ടൈപ്പ് ചെയ്യുമ്പോഴേക്കും വാക്കിന്റെ പൂർണ്ണതക്കായി ഗൂഗിൾ സെർച്ച് ഒപ്ഷൻ നൽകിയ വാചകങ്ങൾ നെഞ്ച് തകർക്കുന്ന കാഴ്ചയാണ് സമ്മാനിച്ചത്. കാണാനും വായിക്കാനും കേൾക്കാനുമറയ്ക്കുന്ന വൃത്തികെട്ട വാക്കുകൾ..!! സെർച്ചിൽ തെളിഞ്ഞുവന്ന ചില പേജുകളുടെ വിവരങ്ങൾ അതിനേക്കാൾ ദയനീയവും…!!
മലയാളിയായിപ്പോയതിൽ ലജ്ജ തോന്നിയ നിമിഷങ്ങൾ..!!!
ഇംഗ്ലീഷുകാരെ നാം വലിയ വായിൽ കുറ്റം പറയാറുണ്ട്, അവരുടെ ഏറ്റവും പ്രമാദമായ തെറി ‘ഫക്ക്’ എന്നാണെന്നും അവിടങ്ങളിൽ ലൈംഗിക അരാജകത്വം കൊടി കുത്തി വാഴുന്നു എന്നൊക്കെപ്പറഞ്ഞ്. എന്നാൽ എത്രമാത്രം സംസ്കാരവിരുദ്ധവും തെമ്മാടിത്തരവുമായതുകൊണ്ടാണ് അവർ ആ വാക്ക് തെറിയായി ഉപയോഗിക്കുന്നത് എന്ന് ആലോചിച്ചു നോക്കൂ.
മലയാളത്തിനേക്കാൾ ഭീകരമാകും ഇംഗ്ലീഷിൽ സെർച്ച് ചെയ്താൽ ഉണ്ടാവുക എന്ന മുൻധാരണയിലാണ് Mother എന്ന് തിരഞ്ഞത്. പക്ഷേ, ഇംഗ്ലീഷിലെ അമ്മ ഗൂഗിളിൽ സ്നേഹം മാത്രമാണ്. Mummy യായാലും mom ആയാലും വികലമായതൊന്നും ആദ്യ പേജുകളിൽ കാണാൻ കഴിഞ്ഞിട്ടില്ല. മലയാളത്തിലെ തെറിപ്പാട്ടും അശ്ലീല കഥകളും തന്നെയാണ് 'ഫക്ക് ' എന്ന വാക്കിന്റെ ഉൽഭവത്തിന് നിദാനമെന്ന് മാറ്റിപ്പറയേണ്ടിയിരിക്കുന്നു. മറ്റു ഇന്ത്യൻ ഭാഷകളിലും അമ്മയെ തിരഞ്ഞാൽ ഇങ്ങിനെയൊക്കെത്തന്നെയാകുമോ എന്തോ..!!
ലൈംഗികത എന്നത് മനുഷ്യന്റെ നിലനില്പിന്റെ അടിസ്ഥാനകാര്യങ്ങളിൽപെട്ടതുതന്നെയാണ്. കുട്ടികൾക്ക് സെക്സിനെപറ്റി ചോദിക്കാനോ വായിക്കാനോ അറിയാനോ ഉള്ള സാഹചര്യങ്ങൾ നമ്മുടെ സമൂഹത്തിൽ തുലോം കുറവാണെന്നത് യാഥാർത്ഥ്യമാണ്. അതുകൊണ്ടുകൂടിയാണ് കൗമാരകാലത്ത് കൊച്ചു പുസ്തകങ്ങൾ വായിക്കുന്നത് പ്രായത്തിന്റെ ജിജ്ഞാസയാകുന്നത്. എന്നാൽ അതിനുമപ്പുറം അത് മാനസിക വൈകല്യമായി പരിണമിക്കുന്നത് അങ്ങേയറ്റം ദയനീയമാണ്.
ഞങ്ങളുടെയൊക്കെ കൗമാരകാലത്തും കൊച്ചു പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ഇത് വായിക്കുന്ന നിങ്ങളും വായിച്ചിട്ടുണ്ടാകാം. എന്നാൽ അമ്മയും പെങ്ങളുമൊക്കെ കൊച്ചുപുസ്തകങ്ങളിലെ നായികമാരായി വരുന്നത് അന്നൊന്നും കണ്ടിട്ടില്ല. പുതിയ കാലത്തെ കൗമാര ജിജ്ഞാസകളിൽ അമ്മയും പെങ്ങളുമൊക്കെ വെറും കാമരൂപങ്ങളായി അവതരിപ്പിക്കപ്പെടുന്നത് എത്രമാത്രം ദൗർഭാഗ്യകരവും നിരാശാജനകവുമാണ്. അങ്ങിനെയൊക്കെ എഴുതുന്നവന്റെ മനോനില എത്രമാത്രം അപകടകരമായ സ്ഥിതിയിലായിരിക്കും നിലനിൽക്കുന്നത്.
ഇതൊക്കെ വായിച്ച് നിർവൃതിയടയുന്ന ചെറുപ്പക്കാരൻ പിന്നീട് തന്റെ അമ്മയെയും പെങ്ങളേയും ഏത് കണ്ണുകൊണ്ടാണ് നോക്കുകയും ഇടപെടുകയും ചെയ്യുന്നുണ്ടാവുക? സ്വന്തം അമ്മയെ ഉറക്ക ഗുളിക കൊടുത്ത് ഉറക്കിയതിനുശേഷം ലൈംഗികമായി ഉപയോഗിച്ച മകനെക്കുറിച്ച് വാർത്ത വന്നത് ഈയിടെയാണ്. മലയാളിയുടെ ചീഞ്ഞളിഞ്ഞ സംസ്കാരത്തിന്റെ പൊതുബോധം തന്നെയാണ് ഇന്റർനെറ്റിൽ അടിഞ്ഞുകൂടിയിട്ടുള്ളത്. അങ്ങിനെ വിതച്ചതെല്ലാം കൊയ്തു തുടങ്ങിയതാണ് സമീപകാല ദുരന്തമായി പരിണമിച്ചുകൊണ്ടിരിക്കുന്നത്. മനസ്സിലെ മാലിന്യം ക്ലീൻ ചെയ്യാൻ ഇനിയും ഏത് സോഫ്റ്റ് വെയറാണ് നമുക്ക് നിർമ്മിക്കാനാവുക!!
അസുഖം ബാധിച്ച് പുതപ്പിനടിയിൽ തളർന്നുകിടക്കുമ്പോൾ, കയ്യോ കാലോ ഒന്ന് വേദനിക്കുമ്പോൾ, താൻ ഒറ്റപ്പെട്ടു പോയല്ലോ എന്ന് എപ്പോളെങ്കിലും തോന്നിപ്പോകുമ്പോൾ മനസ്സിൽ വരുന്നത് ‘അമ്മേ’ എന്നൊരു തേങ്ങലാണ്. അമ്മ നമ്മെ തനിച്ചാക്കില്ല എന്ന മനസ്സുറപ്പുള്ള സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ, കാരുണ്യത്തിന്റെ മാനസിക ബോധമാണത്.
അമ്മയുടെ നേരറിവ് മനസ്സിലാവാൻ ഈ ഞരമ്പു രോഗികൾക്ക് എന്ത് മരുന്നാണ് നൽകാൻ കഴിയുക?
*************