Tuesday, November 13, 2012

ദുരിത മഴ....!



















മഴ പെയ്യുന്നുണ്ട് !
തുള്ളികളുടെ കുരുതികണ്ട്
തുള്ളിക്കളിച്ച്
തമ്പുരാക്കൾ നീരാടുന്നുണ്ടാവും.

ഇന്ധനത്തുള്ളികളുടെ തിരയുയർത്തുന്നുണ്ട്
ഒരു കണ്ണീർക്കടൽ
ബസ്സിനുള്ളിൽ കസർത്ത് കളിച്ച്
ഒരു പേമാരി
വൈദ്യുതിയുടെ കെട്ട് പൊട്ടിക്കുന്നുണ്ട്
ഒരണക്കെട്ട്
ടാക്സികൾ ചീറ്റിത്തെറിപ്പിക്കുന്നുണ്ട്
ഒരു ചളിവെള്ളക്കെട്ട് 
ചരക്ക്നീക്കത്തിന്റെ ഞരക്കത്തിലലറിവരുന്നുണ്ട്
ഒരു ഉരുൾപൊട്ടൽ
അടുക്കളയിലടുപ്പ് നനച്ച് കുതിർത്തുന്നുണ്ട്
ഒരു കണ്ണീർമഴ.

തോരാത്ത കണ്ണുനീരിൽ
തീരാത്ത കനവ് തുഴയുന്നുണ്ട്
തകർത്തുപെയ്യുന്നൊരു
ദുരിതമഴ.

-----------------------------
Photo Courtesy: Madhyamam Daily

Friday, October 26, 2012

പെരുന്നാൾ


 













കടലിനപ്പുറം
വർണ്ണക്കടലാസ് ചുവപ്പിച്ച
പാനീസ് വിളക്കിന്റെ അരണ്ട വെളിച്ചം
നിലാവിലേക്കൂർന്നിറങ്ങി
തക് ബീർ മുഴക്കിയപ്പോളാണ്
നീരുവന്ന കാലുകൾ
നീട്ടിവെച്ച് ഉമ്മ
നിറമുള്ള പെരുന്നാളിലേക്ക്
നോവോടെ വിളിച്ചത്
ഉപ്പയില്ലാത്ത പെരുന്നാളാ
നീയുണ്ടാവില്ലേ മോനേ?


കടലിനിപ്പുറം
വർണ്ണങ്ങൾ വിരിയിക്കുന്ന
കരിമരുന്നിന്റെ പ്രഭയിൽ
നിലാവൊളിച്ചിരുന്ന്
കനവിന്റെ കനൽ കെടുത്തുമ്പോളാണ്
നിറമുള്ള പെരുന്നാളിലേക്ക്
ഞാനുമൂർന്നിറങ്ങിയത്

പെങ്ങളുടെ
നിറമുള്ള മൈലാഞ്ചിച്ചോപ്പിലും
അനിയന്റെ
റിവിന്റെ അക്ഷരക്കൂട്ടിലും
വീടിന്റെ
ചായംപൂശിത്തീരാത്ത ചുവരിലും
എന്നും കാണുന്നത്
എന്റെ പെരുന്നാളാണുമ്മാ..”

…………………………
ഫോട്ടോ: CM Shakeer (http://grameenam.blogspot.com) 

വർത്തമാനം പെരുന്നാൾ സ്പെഷൽ പതിപ്പിൽ

Friday, September 28, 2012

തിരശ്ശീലയിലെ മഴക്കാറ്...!!















ഖത്തറിൽ
കോൺക്രീറ്റ് കാടുകൾക്ക് മുകളിൽ
ആകാശം
ഒരു മഴയെ ഗർഭം ധരിച്ച്
കനത്ത അടിവയറുമായി
വിതുമ്പി നിൽക്കുന്നുണ്ട് ;
തിരശ്ശീലയിൽ
ദിനങ്ങൾക്കപ്പുറം
ഉമ്മ
ഊതിപ്പിടിപ്പിച്ച കനലിൽ
ചുട്ടെടുക്കുന്ന പൂളക്കിഴങ്ങ്
വെന്തോ വെന്തോയെന്ന്
ഇടക്കിടക്ക് തട്ടിനോക്കിയും,
പെങ്ങൾ
അരിമണിയിട്ട മൺചട്ടിയിൽ
കരിയല്ലേ കരിയല്ലേയെന്ന്
ചട്ടുകമിളക്കിയും,
അനിയൻ
ഊതിയൂതി കട്ടൻചായ
ആറിയോ ആറിയോയെന്ന്
മൊത്തിക്കുടിച്ചും
പച്ചപുതച്ചയെന്റെ
ഗ്രാമത്തിനു മുകളിലെ
ആകാശം
ഒരു മഴയെ ഗർഭം ധരിച്ച്
കനത്ത അടിവയറുമായി
കരുവാളിച്ച്
വിങ്ങിനിൽക്കുന്നുണ്ട്.

 ******

Saturday, September 22, 2012

കുട്ട്യോളെ പിടുത്തക്കാർ












വരണ്ട നിളയാണ്
പുഴയുടെ സൗന്ദര്യമോർത്ത്
വാചാലയായത്.        
ഓരോ വീടും
തന്റെ
കരുണയുടെ
കടലാണെന്ന്
വീമ്പുപറഞ്ഞത്.
അപ്പോളും
മണൽതരികൾ
പേടിച്ചരണ്ട്
പുൽക്കാടുകൾക്കടിയിൽ
മണ്ണിൽ
ഒളിച്ചിരുന്ന് വിതുമ്പുന്നുണ്ട്,
‘സ്നേഹിച്ചും തലോടിയും
കാണാൻ വരുന്നോരൊക്കെ
കുട്ട്യോളെ പിടുത്തക്കാരാ’.!!


ഇ മഷി ഓൺലൈൻ മാഗസിൻ, പുഴ.കോം, പ്രവാസി വർത്തമാനം എന്നിവയിൽ പ്രസിദ്ധീകരിച്ചത്.

Friday, August 10, 2012

മാറ്റമില്ലാത്ത ഏടുകൾ





















അടച്ചുവെച്ച പുസ്തകത്തിലെ

ഓരോ താളുകളും അടുക്കിവെക്കപ്പെട്ടത്

പുറത്ത് പ്രകാശം പരത്താനാണ്.

അകത്തെ ഇരുട്ട്

പുറത്ത് വെളിച്ചമാണെന്ന്

തിരിച്ചറിയാനാവാതെ പോയത്

കറപിടിച്ച കരളുകളിലുമാണ്.



തുറന്നുപിടിച്ച താളുകൾ

പതിയെ ശബ്ദമുണ്ടാക്കിയപ്പോളാണ്

ഊരിപ്പിടിച്ച വാൾ

ഊറിവന്ന കണ്ണീരുനനഞ്ഞ്

ഉറയിലേക്ക് തന്നെ തിരിച്ചുപോയതും

ഉള്ളിലെ ഇരുട്ട്

വെളിച്ചത്തിലേക്ക് അലിഞ്ഞുചേർന്നതും.



അകത്തും പുറത്തും

വെളിച്ചത്തെ പ്രണയിച്ച്

വിപ്ളവം പുലരുന്നതും

മാറ്റമില്ലാത്ത മാറ്റമാണതെന്ന്

മാറ്റിയെഴുതുന്നതും

മാറ്റമില്ലാതെ നിൽക്കുന്ന

ദൈവത്തിന്റെ ഏടുകളിൽ നിന്നാണ്.



Saturday, July 28, 2012

ബാല്യത്തിലെ ബാർട്ടർ...


















ഹായ്… നല്ല ചിനച്ച മാങ്ങ…!!

ഡാ… ഒരു കടി തരോ?”

“ തരാ… ഒരു കടിക്ക് പത്ത്വൈസ..”

“പൈസല്ല്യ… അഞ്ച് കുന്നിക്കുരു തരാ….പറ്റ്വോ…”

“ന്നാ ശരി…. ചെറിയേ കടി കടിക്കണട്ടാ….”

Thursday, July 19, 2012

തണ്ണിമത്തങ്ങ




















മുറിച്ചുവെച്ച തണ്ണിമത്തങ്ങയുടെ
 
ചില കഷ്ണങ്ങൾക്ക് നിറം കൂടുതലെന്നും

ചിലതിന് കുറവെന്നും വിലയിരുത്താൻ

ക്ഷുഭിത യൗവനങ്ങളെ പഠിപ്പിച്ചതാരാണ്?

ചൂട് കൂടിയാലും കുറഞ്ഞാലും

വിപണിയിൽ ഇപ്പോൾ

തണ്ണിമത്തങ്ങ സുലഭമാണ്.



അഴിമതിക്കാരെ തുറുങ്കിലടക്കുക,

കള്ളപ്പണം കണ്ടുകെട്ടുക,

സാമ്രാജ്യത്വം തുലയട്ടെ, .........


സമരയൗവനം ജനമനസ്സുകളില്‍

ഓളമാകുന്നുണ്ട്.



പ്രചാരണ ജാഥ നാടുണർത്തി

കേമമായിട്ടുണ്ട്.

തെക്കന്മേഖലാ ജാഥ കോയോട്ട് നിന്നാരംഭിച്ച്

നുഞ്ഞിങ്കാവിൽ സമാപിച്ചിട്ടുണ്ട്.

കോട്ടക്കില്കടവ്, അടുത്തില എന്നിവിടങ്ങളില്‍

വരവേൽപ്പ് ലഭിച്ചിട്ടുണ്ട്.

ഞായറാഴ്ച

തോട്ടട നിന്നാരംഭിച്ച് ജാഥ

പിണറായിയിൽ സമാപിക്കുന്നുമുണ്ട്.

സമരയൗവനം

തണ്ണിമത്തന്റെ ഓരോ കുരുവിലും

ഓളമാകുന്നുണ്ട്.



അനുയായി ആത്മഹത്യക്ക് ശ്രമിച്ചത്

നാടകീയരംഗങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്

ഒറ്റിയവന്റെ ചുടുചോരയ്ക്ക്

ക്വട്ടേഷൻ കൊടുത്തിട്ടുണ്ട്.

കൊടുംചൂടിലും സമരകാഹളം മുഴക്കി

ശവകുടീരത്തിൽ പുഷ്പാര്ച്ചന നടത്തുന്നുണ്ട്.

സമരയൗവനം

തണ്ണിമത്തന്റെ ഓരോ കുരുവിലും

ഓളമാകുന്നുണ്ട്.


ചൂടിനെ ചുട്ടെടുക്കാൻ

വലിയ സമരപ്പന്തല്തകന്നെ

കെട്ടിയിട്ടുണ്ട്.

പിന്നിലുള്ളവര്ക്ക് നേതാക്കളെ കാണാനും

പ്രഭാഷണം കേൾക്കുന്നതിനും

വലിയ സ്‌ക്രീനുകൾ ഏർപ്പാടാക്കിയിട്ടുണ്ട്.

സമരയൗവനം

തണ്ണിമത്തന്റെ ഓരോ കുരുവിലും

ഓളമാകുന്നുണ്ട്.



മാസപ്പടിയുമായി

വൻകിടക്കാരുടെ ഇടപെടൽ

ദൈവം വരമ്പത്ത് കൂലിയുമായി

നില്ക്കുന്നുവെന്ന് വിളിച്ചറിയിക്കുന്നുണ്ട്

വരമ്പത്ത് കുന്തിച്ചിരുന്ന് കഞ്ചാവ് പുകച്ച്

ചങ്കിൽ കൊണ്ട അസ്ത്രങ്ങൾ

ഒന്നൊന്നായി ഊരിമാറ്റുന്നുണ്ട്.

സമരയൗവനം

തണ്ണിമത്തന്റെ ഓരോ കുരുവിലും

ഓളമാകുന്നുണ്ട്.

 
അടിയിൽ പച്ചയെന്നും
 
മുകളിൽ കുങ്കുമമെന്നും

നടുവിൽ വെളുപ്പെന്നും

അടയാളപ്പെടുത്തി

ആർത്തലച്ചു പെയ്യുന്ന

മഴയുടെ വരവും കാത്ത്

ഉമ്മറപ്പടിയിൽ തന്നെ

പുരികം ചുളിച്ച് കാത്തിരിക്കുന്നുണ്ട്

നടുവിലെ കുറച്ച് കുരുപോലുള്ള കാലുകൾ.

Saturday, February 11, 2012

അക്ഷരങ്ങളുടെ വിപ്ലവകാരികൾ സ്നേഹത്തിന്റെ വിപ്ലവം സൃഷ്ടിച്ചപ്പോൾ.










പഠിച്ചത് പങ്കുവെക്കാനും അറിഞ്ഞത് അറിയിക്കാനും പരസ്പരം സ്നേഹത്തിന്റെ തണൽ വിരിക്കാനും മറ്റുള്ളവർക്ക് മാതൃകയാകാനും കഴിഞ്ഞു എന്നതാണ് ഖത്തർ ബ്ലോഗ് മീറ്റിനെ വ്യത്യസ്തമാക്കിയതും അനുഭവവേദ്യമാക്കിയതും. സംഘടിച്ചവർ സംഘാടകരാകുന്ന, സഘടിപ്പിച്ചവർ സംഘടിച്ചവരെക്കൂടി സംഘാടകരാക്കി മാറ്റുന്ന അപൂർവ്വ കാഴ്ച എല്ലാവരും ഓരോ സംഘാടകരാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നു, ഓർമ്മപ്പെടുത്തുന്നു. സംഘാടകർക്ക് അഭിമാനിയ്ക്കാനും സന്തോഷിക്കാനും  ഇതിൽപരം മറ്റെന്ത് വേണം?

ഖത്തറിന്റെ ഏതോ മുക്കിലും മൂലയിലുമിരുന്ന് പരസ്പരം കാണാതെ അക്ഷരങ്ങൾ കൊണ്ട് അടുത്തവർ ബ്ലോഗ് മീറ്റിൽ ഒന്നിച്ചപ്പോൾ അത് നന്മയുടെ മഹാ വിപ്ലവമായി മാറി. ദേശത്തിലും രാജ്യത്തിലും മതത്തിനും ജാതിക്കും  ഇസത്തിനും ഒന്നിക്കാനാവുന്നത് സ്നേഹത്തിന്റെ പച്ചപ്പുകളിലാണ് എന്ന തിരിച്ചറിവ് ഓരോ നിമിഷങ്ങളും ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.  ജീവ കാരുണ്യത്തിന്റെ മഹനീയ മാതൃക കുടികൊള്ളുന്നത് സഹജീവികളുടെ പരിഗണനയിലാണെന്ന് അത് ചൂണ്ടിക്കാണിച്ചു. സാഹിത്യം മാത്രമല്ല, ചിത്രങ്ങളും, വരകളും, രാഷ്ട്രീയവും, ടെക്നോളജിയും തുടങ്ങി ലോകത്ത് നിലവിലുള്ള ഓരോ മേഖലയും ബ്ലോഗിന്റെ പരിധിയിൽ വരുന്നു എന്ന മഹത് സത്യം ഈ മീറ്റിൽ പങ്കെടുത്തവർ അടിവരയിടുന്നു. അതെ, ബ്ലോഗെഴുത്തിനെ പരിഹസിക്കുന്നവർക്ക് സ്നേഹത്തിൽ പൊതിഞ്ഞ മറുപടി!.

ഒരേ ഒരു കടലിൽ നിന്നും കുറുക്കിയെടുത്ത് പങ്കുവെക്കപ്പെട്ട ഉപ്പിന്റെ സ്വാദ് മനസ്സിലുള്ളവർ എവിടെക്കണ്ടാലും തിരിച്ചറിയുമെന്ന പാഠം അതെനിക്കു സമ്മാനിച്ചു. പരസ്പരം കാണാതെ ബ്ലോഗിലും ഫെയ്സ്ബുക്കിലും വാക്കുകൾകൊണ്ട് മാത്രം അറിഞ്ഞവർക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞത് ആ ഉപ്പ് മനസ്സിലുണ്ടായതുകൊണ്ടാണെന്ന് ഞാൻ അറിയുന്നു. അതെ, അതുകൊണ്ടാണ് ഞാനവിടെ എത്തിയപ്പോഴേക്കും ‘ഷമീർ’ എന്നു വിളിച്ച് രാമചന്ദ്രന്  എന്റെ കൈ കൈവരാനായത്. ‘ഞാൻ വിചാരിച്ചത്ര തടിയില്ല’ എന്ന് ഇസ്മായിൽ ഭായിക്ക് തണലേകാൻ കഴിഞ്ഞത്. ‘ഷമീറല്ലേ ഇത്‘ എന്ന്  തൻസീം ആശ്ചര്യപ്പെട്ടത്. ‘ഷമീർ എപ്പൊ വന്നൂ’ എന്ന് സക്കീർ ഭായിക്ക് ഈറ്റിനിടയിലും ചോദിക്കാനായത്. ‘ശ്രദ്ധേയനാ‘ണ് ഷഫീക്കെന്ന് കൈ കൊടുത്ത് മനസ്സ് മന്ത്രിച്ചത്. ഇവന്റിന്റെ തിരക്കിനിടയിലും ‘ഷമീറിനെ ഞാനറിഞ്ഞു‘ എന്ന് സുനിൽ എന്റെയടുത്ത് വന്ന്  കുശലം പറഞ്ഞത്. എങ്ങോട്ടോ ധൃതിയിൽ പോകുന്ന നാമൂസിന് എന്നെ ഹാളിലേക്ക് വഴികാ‍ണിക്കാനായത്. ഞാൻ നേരത്തേ അറിയുന്ന ഹക്കീമിനും കലാമിനും മജീദിനുമൊപ്പം ജിപ്പൂസിനും മനോഹർജിക്കും പ്രദോഷിനും കനകാംബരനും നവാസിനും ഷാനവാസിനും മറ്റു പലർക്കും എന്നെ പരിചിതമായത്.  കാത് പൊള്ളുന്ന വാക്ശരങ്ങളിലും വിമർശനങ്ങളിലും ആ ഉപ്പിന്റെ രുചി പങ്കുവെക്കപ്പെടുന്നത് കൊണ്ടാണ് ഒരിക്കല്പോലും കണാതിരുന്നിട്ടും  ആൾക്കൂട്ടത്തിനിടയിൽ നിന്നും പ്രിയ സഖാവ് രാജൻ ജോസഫിന് എന്നെ തിരിച്ചറിഞ്ഞ് ആലിംഗനം ചെയ്യാനായതും ഫിറോസിനും മറ്റു പലർക്കും എന്നെ വിളിച്ച് പരിചയപ്പെടുത്താനായതും.

അതെ, നന്മയുടെ ഉപ്പ്.., സ്നേഹത്തിന്റെ ഉപ്പ്.., ഒരുമയുടെ ഉപ്പ്……. നമ്മുടെ ഓരോ വാക്കുകളിലും മൌനത്തിലും പങ്കുവെക്കപ്പെട്ടിട്ടുണ്ട് എന്ന് ബ്ലോഗ് മീറ്റ് വീണ്ടും വീണ്ടും സാക്ഷ്യപ്പെടുത്തുന്നു. 

Tuesday, January 24, 2012

കരുണ കാത്ത്...!


















വിതച്ചതൊന്നാന്തരം
വിത്തായിരുന്നു
വളമിട്ട് ഉഴുതിരുന്നു
വെള്ളം നനച്ചിരുന്നു
കളകൾ പിഴുതിരുന്നു
കീടനാശിനി പാറ്റിയിരുന്നു

എന്നിട്ടും..!
എന്നിട്ടുമെന്തേ
കൊയ്തതൊക്കെ
പതിരായിപ്പോയത് ?


Picture Courtesy: qfchk.com

Sunday, January 1, 2012

ഉപ്പയില്ലാത്ത ആദ്യത്തെ പുതുവർഷം

ഉപ്പയില്ലാത്ത ആദ്യത്തെ പുതുവർഷം.

ഏതാനും ദിവസങ്ങൾക്ക് മുൻപ് അതായത് ഡിസംബർ 17, 2011. അന്നാണ് ഞാൻ കൊടുത്ത വെള്ളം ഒരിറക്ക് കുടിച്ച് ഉപ്പ എന്നെന്നേക്കുമായി ഈ ലോകത്തോട് വിട പറഞ്ഞത്.

നീണ്ട എൺപത്തിരണ്ടു വർഷങ്ങൾ…..!

ഞാൻ ഉപ്പയെ അറിഞ്ഞ മുപ്പത്തിയഞ്ച് വർഷങ്ങൾ….!

ഒരിക്കല്പോലും എന്നെ വേദനിപ്പിയ്ക്കാത്ത വാത്സല്യനിധിയായ എന്റെ പ്രിയപ്പെട്ട ഉപ്പ ചെറുപ്പത്തിൽ എന്റെ വിക്രിതികളെ പുഞ്ചിരിയോടെയായിരുന്നു എതിരേറ്റത്. ഒരുപക്ഷെ ഉപ്പമാരുടെ തല്ലുകൊള്ളാത്ത മക്കൾ അപൂർവ്വമായിരിയ്ക്കും. പക്ഷെ എന്റെ ഉപ്പ തമാശയ്ക്കുപോലും എന്നെ തല്ലിയിട്ടില്ല !.

എന്നെ എന്നല്ല എന്റെ ജ്യേഷ്ടന്മാരെയും തല്ലിയിട്ടുണ്ടാവില്ല. ആരെയും ബുദ്ധിമുട്ടിയ്ക്കുന്നതോ വേദനിപ്പിയ്ക്കുന്നതോ ഉപ്പാക്ക് സഹിയ്ക്കാനാവുമായിരുന്നില്ല. ആവശ്യങ്ങൾ ആരോടും, മക്കളോട്പോലും, അറിയിയ്ക്കാതെ സ്വയം ചെയ്യുവാനാണ് ഉപ്പ ഇഷടപ്പെട്ടത്. “മോനേ, അതിങ്ങെടുത്തുകൊണ്ടുവാ…” എന്ന് ഉപ്പ ആജ്ഞാപിയ്ക്കുകയോ പറയുകയോ ചെയ്തില്ല. എന്റെ മുന്നിലൂടെ വന്നാൽ ഞാൻ നീട്ടിവെച്ച കാൽ എടുക്കേണ്ടിവരുമല്ലോ എന്ന് ഭയന്ന് ഒന്നും മിണ്ടാതെ കുറച്ചപ്പുറത്തുകൂടെ അല്പംകൂടി നടന്ന് ഉപ്പ തന്നെ അതെടുത്ത് കൊണ്ടുവരും. ഞാനതു കണ്ടാൽ, ഉപ്പാക്ക് എന്നോട് പറഞ്ഞാൽ ഞാനെടുത്ത് കൊണ്ടുവരുമായിരുന്നില്ലേ എന്ന് ചോദിച്ച് വഴക്കിട്ടാൽ ഒന്നും മിണ്ടാതെ പുഞ്ചിരിയ്ക്കും.

തൊടിയിലെ ഏതാനും മരങ്ങളിൽ ഇടവിളയായി വിളഞ്ഞ കുരുമുളക് പറിച്ച് കൊണ്ടുവന്ന പണിക്കാരൻ വേലായുധനോട് “അത് മുഴുവൻ നീ എടുത്തോ, ഇനി നിനയ്ക്ക് കൂലി എന്താ വേണ്ടത്?” എന്ന് ചോദിയ്ക്കാൻ ഒരു പക്ഷെ എന്റെ ഉപ്പയ്ക്ക് മാത്രമേ കഴിഞ്ഞിട്ടുണ്ടാവൂ.



എന്റെ ചെറുപ്പത്തിൽ ഉപ്പ എളവാതുക്കലും ചമ്മിണിക്കാ‍വിലും മുല്ലയമ്പറമ്പത്തുമൊക്കെ വെടിക്കെട്ട് കാണാൻ പോകുമ്പോൾ എന്നെയും ഒപ്പം കൂട്ടുമായിരുന്നു. ഒരിയ്ക്കൽ എളുവാതുക്കൽ അമ്പലത്തിൽ പുലർച്ചയ്ക്കുള്ള വെടിക്കെട്ടിന് എന്നെയും വിളിച്ചുണർത്തി കൊണ്ടുപോയി. അന്ന് രണ്ട് ടീമുകളുടെ മരുന്ന് പണി (വെടിക്കെട്ട്) ഉണ്ടായിരുന്നു. ദേവസ്വം കമ്മിറ്റിയുടെ കഴിഞ്ഞിട്ടായിരുന്നു മൈനർ കമ്മിറ്റിയുടേത്. അന്ന് ദേവസ്വം കമ്മിറ്റിയുടെ മരുന്ന് കത്തിക്കൊണ്ടിരിയ്ക്കുമ്പോൾ ഒരു ഗുണ്ട് ചെരിഞ്ഞ് മൈനർ കമ്മിറ്റിയുടെ കലാശത്തിൽ പോയി വീണു. അതിനടുത്തായിട്ടായിരുന്നു ഞങ്ങൾ നിന്നിരുന്നത്. ഉഗ്ര ശബ്ദത്തോടെ കലാശം ആദ്യം തന്നെ പൊട്ടിത്തെറിച്ചു. എല്ലാവരും ചിതറിയോടി. ഞങ്ങളും. അതിനിടയിൽ ഉപ്പ വീണ് ഉപ്പയുടെ കണ്ണടയൊക്കെ പൊട്ടി. ആളുകളുടെ ചവിട്ട്കൊണ്ട് ശരീരത്തിൽ മുറിവും ചതവും ഒക്കെയുണ്ടായി. ഞാൻ ഉപ്പയെക്കാണാതെ തിരഞ്ഞു പരവശനായി നടക്കുമ്പോൾ ഉപ്പ എന്റെയടുത്തേയ്ക്ക് ഓടിവന്ന് നിനക്കെന്തെങ്കിലും പറ്റിയോടാ എന്നുപറഞ്ഞ് എന്നെ വാരിപ്പുണർന്നു.



ഉപ്പയോടൊത്തുള്ള ഓർമ്മകൾ ഇനി പെയ്തുകൊണ്ടേയിരിയ്ക്കും. അതിനുമാത്രമേ ഇനി കഴിയുകയുള്ളൂ. അതിനപ്പുറം ഉപ്പാക്ക് വേണ്ടി ഇനി ചെയ്യാനാവുന്നത് പ്രാർഥനയാണ്.

പ്രിയ സുഹ്രുത്തെ, എന്റെ ഉപ്പായ്ക്കുവേണ്ടി പ്രർഥിക്കണം എന്ന അഭ്യർഥനയോടെ,

നാഥാ…. നിന്റെ ജന്നാത്തുൽ ഫിർദൌസിൽ എന്റെ ഉപ്പയെയും ഞങ്ങളെയും പ്രവേശിപ്പിയ്ക്കേണമേ…..ആമീൻ.