Thursday, November 4, 2010

വേട്ടക്കാരൻ















വേട്ടക്കാരനായി
ഞാൻ പതുങ്ങിനിൽക്കുന്നു
കൂർത്ത പല്ലുകൾ
രാകി മിനുക്കി


നിങ്ങളുടെ 
മൂർച്ചയില്ലാത്ത ആയുധങ്ങളും
ഉണ്ണാത്ത വയറും
വീഴാത്ത ഉച്ഛിഷ്ടവും
ഉണരാത്ത കാമവും
മറയാത്ത നഗ്നതയും
ഉയരാത്ത നാവുകളും
ഇല്ലാത്ത മരുന്നും
എന്നെ ഉന്മത്തനാക്കുന്നു.


നിങ്ങൾക്കും
നിങ്ങളുടെ പെണ്ണിനും
മക്കൾക്കും
കാവലായ ഉടയോൻ
ഞങ്ങൾക്കും
ഞങ്ങളുടെ പെണ്ണിനും
മക്കൾക്കും
സമരസപ്പെടുന്ന നാൾവരേക്കും


വേട്ടക്കാരനായി
ഞാൻ പതുങ്ങിനിൽക്കുന്നു
കൂർത്ത പല്ലുകൾ
രാകി മിനുക്കി

Friday, October 29, 2010

കടക്കെണി എന്ന വീണ്ടുവിചാരം














ആധാരം പണയം വെച്ച്
നോട്ടീസ് വന്നപ്പോൾ
അച്ചൻ ചോദിച്ചു
എന്താ നിന്റെ വിചാരം ?

അറിയാതെ എന്റെ ഒച്ച
ഉച്ചത്തിലായപ്പോൾ
അമ്മയും ചോദിച്ചു
എന്താ നിന്റെ വിചാരം ?

കെട്ടുതാലിയിൽ കണ്ണുവെച്ച്
ഓമനിക്കാൻ ചെന്നപ്പോൾ
ഭാര്യ ഏങ്ങലടിച്ചു
എന്താ നിങ്ങടെ വിചാരം ?

അടവുതെറ്റിയ ബ്ലേഡുമായി
അടുക്കളയിൽ പാളിനോക്കി
അണ്ണാച്ചി കോപിച്ചു
നീങ്ക എന്ന നെനക്ക് റേ ?

കൊടുക്കാത്ത കാശിന്റെ
കണക്കുമായി വന്ന്
കൂട്ടുകാരും ഓർമ്മിപ്പിക്കുന്നു
എന്താടാ നിന്റെ വിചാ‍രം ?

*കൂട്ടിവെച്ച അക്കങ്ങൾ
കൂട്ടിനോക്കിയപ്പോൾ
ഞാനും ചോദിക്കുകയാണ്
എന്താണ് എന്റെ വിചാരം??


*കൂട്ടിവെച്ച = സംഭരിച്ചുവെച്ച  

Monday, October 25, 2010

ശവംതീനികൾ.





തെരുവിനെ 
സ്നേഹിച്ച്
ഒരു കവി
പാതയോരത്ത്
ചോരവാർന്ന്
തീർന്നു.

ആഘോഷത്തിനു
സോറി, 
ശവമടക്കിന്
മാറ്റുകൂട്ടാൻ
ആരൊക്കെയോ
വരുന്നുണ്ടത്രെ!
ഓ..
ആചാരവെടികൾ
മുഴക്കണം
ചാനലുകൾക്കുമുന്നിൽ
പൊട്ടിക്കരയണം
തീരാനഷ്ടമെന്ന്
വെറുതെ പുലമ്പണം.
പക്ഷെ,
തിരഞ്ഞെടുപ്പാണ് ഹേ
നാലഞ്ചു ദിനം കൂടി
കഴിഞ്ഞോട്ടെ.

സഹികെട്ട് 
കവിതകൾ
പറവകളായിറങ്ങിവന്ന്
ആത്മാവുമെടുത്ത്
പറന്നുപോയതാവണം

ബാക്കിയായത്
ആർക്കുവേണം ?
വെറും ശവം!
നക്കിത്തിന്നോട്ടെ
ശവംതീനികൾ.

Sunday, October 24, 2010

എ അയ്യപ്പന് ഗുരു വന്ദനം.

കവിതയെ ഞാൻ സ്നേഹിക്കാൻ തുടങ്ങിയത് 
അയ്യപ്പൻ കവിതകൾ വായിച്ചുതുടങ്ങിയപ്പോളാണ്. 
അതുവരെ എനിക്കുപിടുത്തം തരാത്ത 
ഒരു വട്ടത്തിനുള്ളിലായിരുന്നു കവിത !. 
എനിക്ക് നഷ്ടമായത് എന്റെ ഗുരുവിനെയാണ്.



കവിതയിന്ന്‌ വര്‍ത്തമാനത്തിന്റെ വായ്‌ത്താരി
മരണത്തിന്‌ ജീവന്റെ പൊയ്‌മുഖം
വെച്ചിരിക്കുന്നവര്‍ക്കുള്ള വായ്‌ക്കരി
രക്തമുണങ്ങുന്നതിന്‌മുമ്പ്‌ കുരുതിത്തറയില്‍ വിരിയുന്ന പൂവ്‌.
അമ്മയുടെ ആശിസ്സുകള്‍ നേടിയ ശിരസ്സ്‌
മിത്രത്തിന്റെ നെഞ്ചില്‍ നിന്നൂരിയെടുത്ത അമ്പ്‌
മണ്ണൂ മൂടിയ എന്റെ ശരീരത്തിലൂടെ നടന്ന്‌
തിരിഞ്ഞു നിന്ന്‌ ഒരിക്കലെനിക്ക്‌ നീ പറയുന്ന കൃതജ്ഞത
(കരിനാക്കുള്ളവന്റെ പാട്ട്‌)

അതെ, അയ്യപ്പന്റെ കവിതകൾ പ്രതിബന്ധങ്ങൾക്ക് അടുത്തൊന്നുമെത്താൻ കഴിയാത്തവിധം സൂര്യപ്രകാശവേഗത്തിനുമപ്പുറം സഞ്ചരിച്ചുകൊണ്ടേയിരിക്കും.

താഴ്‌വരയുടെ പച്ചയിലൂടെ
സൂര്യപ്രകാശ വേഗത്തിലൂടെ
സമുദ്ര താളത്തിന്റെ മുകളിലൂടെ
അക്ഷര ജ്യോതിസ്‌ തെളിയുന്ന
ബുദ്ധന്റെ നിര്‍വ്വേദ സന്ധ്യയ്‌ക്കരികിലൂടെ
പിന്തുടരുന്ന കൂരമ്പിനേക്കാള്‍
എന്റെ പക്ഷിപറക്കുന്നു.
(ഒരു പ്രതിപക്ഷ ജീവിതത്തിന്‌)

Friday, October 8, 2010

ഏകാന്തതയിലെ പൂച്ച..!!












അന്നാണ് ആ പൂച്ച
എന്റെ മുറിയിലേക്ക്
കടന്നുവന്നത്.
മുറിയിൽ ഞാൻ
ഏകാന്തതയിൽ
ഇരുട്ടിനൊപ്പം.
അഭയം തേടി പൂച്ചക്കണ്ണുകൾ

പുറത്ത്
ഡിസംബറിന്റെ മഞ്ഞ്
അകത്ത്
വിചാരങ്ങളുടെ വെയിൽ

“ങ്യാവൂ…..”?
അതെന്നോടെന്തോ ചോദിച്ചു.
ഞാൻ മൌനം.

പൂച്ചക്കണ്ണുകളുടെ തിളക്കം
പൂച്ചരോമങ്ങളുടെ മ്ര്ദുത്വം !

പിന്നീടൊരു ദിവസം
മാസം തികയാതെ
ഞാൻ പ്രസവിച്ചത്
ഒരു പൂച്ചക്കുഞ്ഞിനെയായിരുന്നു !

Monday, August 23, 2010

ചര്‍ച്ച

നക്ഷത്രങ്ങള്‍ സ്വാര്‍ഥരാണെന്ന് അയാള്‍.
അല്ലെന്ന് മറ്റെയാള്‍ സമര്‍ഥിച്ചു.
നക്ഷത്രങ്ങളുടെ സ്വാര്‍ഥതയ്ക്ക് പല മുഖങ്ങളുണ്ടെന്ന്
വേറൊരാള്‍.
ചര്‍ച്ച പുരോഗമിച്ചുകൊണ്ടിരുന്നു.

നക്ഷത്രങ്ങള്‍ അവരെ നോക്കി
പുഞ്ചിരിക്കുക മാത്രം ചെയ്തു.
ചര്‍ച്ചയ്ക്കൊടുവില്‍ തീരുമാനമൊന്നുമാകാതെ
അവര്‍ മുകളിലേക്ക് നോക്കിയപ്പോള്‍
അവിടെ
നക്ഷത്രങ്ങള്‍ ഉണ്ടായിരുന്നില്ല !!!

Friday, August 6, 2010

പിഞ്ചുകുഞ്ഞിനെ യുവാവ് തലയറുത്തുകൊന്ന് ചോരകുടിച്ചു

കുറച്ചു ദിവസം മുന്പ് വായിച്ച ഒരു വാർത്തയാണ് താഴെ. ഇത്തരം അന്ധവിശ്വാസങ്ങൾ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നു! മൂത്ത ആണ്‍കുഞ്ഞിന്റെ രക്തം കുടിച്ചാല്‍ മന്ത്രശക്തി
വര്‍ധിക്കുമത്രെ!! ഏതു മതമാണ് ഇത് പടിപ്പിക്കുന്നത്? ഭർത്താവ് മരിച്ച ഭാര്യയോട് നാലുമാസക്കാലം ഭർത്താവിന്റെ വീട്ടിൽ ‘ഇദ്ദ’ ആചരിക്കാനാണ് ഇസ്ലാം മതം ആവശ്യപ്പെട്ടിട്ടുള്ളത്. അതിനു പകരം ദർഗ്ഗയിൽ പോയി പ്രാർഥനയിൽ മുഴുകാൻ ഏത് പ്രവാചകനാണ് ഉപദേശിച്ചിട്ടുള്ളത്? ഈ വികലവിശ്വാസങ്ങൾക്കെതിരെ ബോധവൽകരണം നടത്താൻ നമുക്കെന്ത് ചെയ്യാൻ കഴിയും? യഥാർഥത്തിൽ പ്രവാചകന്റെ അധ്യാപനങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതല്ലേ ശരിയായ പ്രവാചക നിന്ദ!. നമ്മുടെ നാട്ടിൽ ഇത്തരം പ്രവാചക നിന്ദകൾ യഥേഷ്ടം നടക്കുന്നു. കൈവെട്ടാൻ ആക്രോശിച്ചവരും വെട്ടിയവരും കൂട്ടുനിൽക്കുന്നവരും ഇത്തരം നിന്ദകൾക്കെതിരെ ഒന്നു പ്രതികരിക്കുന്നു പോലുമില്ല എന്നത് കൂട്ടി വായിക്കേണ്ട വസ്തുതയാണ്.


പിഞ്ചുകുഞ്ഞിനെ യുവാവ് തലയറുത്തുകൊന്ന് ചോരകുടിച്ചു
Saturday, July 24, 2010
ചെന്നൈ: ഒന്നരവയസ്സുള്ള ആണ്‍കുഞ്ഞിനെ തലയറുത്തുകൊന്ന് ചോരകുടിച്ച് തല ഒരിടത്തും
ഉടല്‍ മറ്റൊരിടത്തും കുഴിച്ചുമൂടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ
കായല്‍പട്ടണം സ്വദേശി അബ്ദുല്‍ഗഫൂറാണ് (30) പിടിയിലായത്. ദോഷം നീങ്ങാനാണ്
നരബലി നടത്തിയതെന്നും മൂത്ത ആണ്‍കുഞ്ഞിന്റെ ചോര കുടിച്ചാല്‍ ശക്തി വര്‍ധിക്കുമെന്നും
ഇയാള്‍ പൊലീസിനോട് പറഞ്ഞു. മധുരക്കടുത്ത സൗത്ത് ആലംകുളം സ്വദേശിനി
ഷെറിന്‍ ഫാത്തിമയുടെ മകന്‍ ഖാദര്‍ യൂസഫാണ് (ഒന്നര) ദാരുണമായി കൊല്ലപ്പെട്ടത്. ഷെറിന്‍ ഫാത്തിമയുടെ ഭര്‍ത്താവ് ഒന്നരമാസം മുമ്പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇതിന്റെ
മനോവിഷമത്തില്‍ കുഞ്ഞിനെയും കൊണ്ട് മധുര ഗോറിപാളയത്തെ ഒരു ദര്‍ഗയിലെത്തിയ ഷെറിന്‍ ഫാത്തിമ രാത്രി മുഴുവന്‍ പ്രാര്‍ഥനയുമായി കഴിഞ്ഞു. രാവിലെ ഉണര്‍ന്നുനോക്കിയപ്പോള്‍
കുഞ്ഞിനെ കാണാതെ അമ്പരന്ന അവര്‍ ഗോറിപാളയം പൊലീസില്‍ പരാതി നല്‍കി. രണ്ടാഴ്ചയോളം പൊലീസ് നടത്തിയ അന്വേഷണത്തില്‍ കായല്‍പട്ടണം സ്വദേശി അബ്ദുല്‍ഗഫൂറാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായി. ഇന്നലെ രാവിലെ
കായല്‍പട്ടണത്തെ വീട്ടില്‍നിന്ന് ഗോറിപാളയം സി.ഐ ചിദംബരം മുരുകേശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ
തട്ടിക്കൊണ്ടുപോയ കാര്യം സമ്മതിച്ച ഇയാള്‍ തൂത്തുക്കുടിക്ക് സമീപത്തുവെച്ച് മന്ത്രവാദം
നടത്തി കുഞ്ഞിനെ തലയറുത്തുകൊന്ന് ചോര കുടിച്ചതായും തല തൂത്തുക്കുടിയില്‍തന്നെ
ഒരിടത്ത് കുഴിച്ചിട്ട ശേഷം ഉടല്‍ രാമനാഥപുരം ജില്ലയിലെ ഏര്‍വാടി ദര്‍ഗക്കു സമീപം
കുഴിച്ചിട്ടതായും പൊലീസിനോട് പറഞ്ഞു. ദോഷം നീങ്ങാനാണ് മന്ത്രവാദം നടത്തി
നരബലി നല്‍കിയത്. മൂത്ത ആണ്‍കുഞ്ഞിന്റെ രക്തം കുടിച്ചാല്‍ മന്ത്രശക്തി വര്‍ധിക്കുമെന്നും ഇയാള്‍ അവകാശപ്പെട്ടു. കൊലയാളിയെയും കൂട്ടി ഇന്നലെ വൈകീട്ട്
ഏര്‍വാടിയിലെത്തിയ പൊലീസ്, തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ കുഞ്ഞിന്റെ കുഴിച്ചിട്ട ഉടല്‍ കണ്ടെടുത്തു. തല കണ്ടെടുക്കാനായി പ്രതിയെ തൂത്തുക്കുടിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്

Sunday, May 2, 2010

പ്രണയം ഇന്നൊരു പുരാവസ്തു

പ്രണയം
ഇന്നൊരു പുരാവസ്തു
കറുത്ത പുകമറയ്ക്കുള്ളിലെ
മറഞ്ഞ മേഘക്കൂട്ടം

പ്രണയം
ജനിച്ച കുഞ്ഞിന്റെ
മുറിയാത്ത പൊക്കിൾകൊടി
ചുറ്റിയ മരത്തടികളുടെ
വറ്റാത്ത ഓർമ്മ
തിലകമണിഞ്ഞ കാമുകിയുടെ
ഹ്രുദയത്തിലെ ചീന്ത്
വേദനിച്ച വീട്ടുകാരുടെ
ഇളകാത്ത താക്കീത്
മരിച്ച മനുഷ്യന്റെ
ചൂടുള്ള തലച്ചോർ

പ്രണയം
ഇന്നൊരു പുരാവസ്തു
തുറന്ന വരാന്തകളിലെ
മിണ്ടാപൂച്ച
അടഞ്ഞ മുറിക്കുള്ളിലെ
രാക്ഷസൻ
പതറുന്ന പതിവ്രതകളുടെ
നിർവാണ മുഹൂർത്തങ്ങൾ
ചാഞ്ഞുമറയുന്ന സൂര്യന്റെ
അടഞ്ഞുപോകുന്ന കണ്ണുകൾ

പ്രണയം
ഇന്നൊരു പുരാവസ്തു
മരിച്ച പോൽ ജീവിക്കുന്ന
ശിഖണ്ഡിയുടെ ശരീരം.

Saturday, April 17, 2010

മഴനാരുകളോട്

വൈകുവതെന്തേ ഇനിയുമെൻ
തലനാരിഴകളെ
ചുംബിച്ചുണർത്തുവാൻ?
നിൻ തണുപ്പിൽ ലയിച്ച്
സുഖിച്ചു കിടപ്പാൻ കൊതിച്ചിടും
മനമോന്നു വേറെ

നിന്നെ തഴുകിയ വിരലുകൾക്കു
കുളിരായ്,
മീട്ടിയ തന്ത്രികൾ നേർത്ത
രാഗമായ്,
ചിലംബൂരിപ്പിടിച്ചു വരും
കണ്ണകിയെപ്പോൽ
രൌദ്രയായ്,
ഇടയ്ക്ക് നീയൊരു
സ്നേഹമായ്,
താളമായ്,
ലയമൊരുക്കും മേഘമൽഹാറിൻ
ഈണമായ്,
തഴുകിയുറക്കുന്ന താരാട്ടായ്,
വൈകുവതെന്തേ
എന്നെ വന്നൊന്നു പുൽകുവാൻ?

ഇനിയുമൊരു കനവായ് കാത്തുനിൽക്കാതെ
വർഷമേ……………..
എന്റെ പ്രണയത്തിനുമേൽ നീ പതിക്കുക!
ചാഞ്ഞുപെയ്യുന്ന നിൻ നാരുകളിൽ
തൂങ്ങിമരിക്കാനെങ്കിലുമെന്നെ
അനുവദിക്കുക!!!

Thursday, February 18, 2010

ശ്മശാനം (ഖബർ)

ഇന്നു ഞാൻ ഒരു ശ്മശാനം സന്ദർശിച്ചു.
എന്റെ ഒരു സഹപ്രവർത്തകന്റെ പിതാവ് ഇന്നലെ മരിച്ചു.
മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന്
ആരൊക്കെയോ പറഞ്ഞിട്ടുള്ളത് ഓർമ്മ വരുന്നു.
കുത്തിനിർത്തിയ രണ്ട് പലകക്കഷ്ണങ്ങൾക്കിടയിൽ
നേരിയ കുന്നിൻ ചെരിവുകൾ….!!
നോക്കെത്താ ദൂരത്തോളം അനേകം…..!!!
സ്വസ് ഥമായി ഉറങ്ങുന്നവർ. ‘കിതാബു‘കൾ അനുസരിക്കാത്തവർക്കു അസ്വസ് ഥതകളായിരിക്കാം.

ശ്മശാനം…..!!!
അത് ചില ഓർമ്മപ്പെടുത്തലുകളാണ്.
ഇന്നലെയുടെ അഹന്തയുടെ നേർക്ക് നീട്ടിപ്പിടിച്ച കണ്ണാടി.
ഇന്നിന്റെ സുഖലോലുപതയ്ക്ക് ഒരു മുന്നറിയിപ്പ്.
നാളെയുടെ നിസ്സഹായതയിലേക്കുള്ള ചൂണ്ടുവിരൽ…..

ഇവിടെ മയ്യിത്ത് മറമാടുന്നതിൽ ചില പ്രത്യേകതകളുണ്ട്. അല്ല, നാട്ടിലാണു പ്രത്യേകതകൾ!
കാരണം നാട്ടിൽ കുറെ അനാചാരങ്ങൾ കാണാറുണ്ട്. ഉച്ചത്തിൽ കുറെ പ്രാർഥനകൾ, ‘ദിക്റുകൾ’, മരിച്ച ആൾക്ക് കുഴിയുടെ അടുത്തിരുന്ന് ചോദ്യോത്തരങ്ങൾ പറഞ്ഞുകൊടുക്കുക, ഖബർ ഉയരത്തിൽ കെട്ടിപ്പടുക്കുക, എന്നിങ്ങനെ. ഇവിടെ വളരെ ലളിതം! മൌനമായാണു എല്ലാ കർമ്മങ്ങളും. മയ്യിത്ത് കുഴിയിൽ വെച്ചതിനു ശേഷം മണ്ണിട്ടുമൂടി കാൽ ഭാഗത്തും തല ഭാഗത്തും അടയാള സ്തൂപങ്ങൾ നാട്ടി. ഇവിടുത്തെ ഖബറുകൾക്ക് ഒരു ചാൺ പോലും ഉയരം ഉണ്ടായിരുന്നില്ല!!!. അതിനു ശേഷം ഒരാൾ പറഞ്ഞു, “നിങ്ങൾക്ക് ഈ മരിച്ച വ്യക്തിയ്ക്കൂവേണ്ടി ചെയ്യാൻ കഴിയുന്ന മഹത്തായ കാര്യം അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിനു വേണ്ടി പ്രാർഥിക്കുക എന്നതാണ്. അതിനാൽ നിങ്ങൾ മൌനമായി പ്രാർഥിക്കുക”. എല്ലാവരും അൽപ്പനേരം മൌനമായി പ്രാർഥനയിൽ മുഴുകി. പ്രവാചകന്റെ മാതൃകയും അതാണത്രെ.

ശേഷം എല്ലാവരും എന്റെ സഹപ്രവർത്തകനെ തലോടിയും ചുംബിച്ചും സമാധാനിപ്പിച്ചും യാത്ര പറഞ്ഞു പിരിഞ്ഞുപോയി. തെരഞ്ഞ വാക്കുകൾ പുറത്തേക്കു വരാനാവാതെ കണ്ണുകളിലൊളിപ്പിച്ച് ഞാനും.

എല്ലാവരും പോയിക്കഴിഞ്ഞ്
ഏകാന്തതയുടെ കൂട്ടിൽ അയാളിൽ ഒരുതരം ശ്യൂനത നിറഞ്ഞിട്ടുണ്ടാകണം.
ആ ശ്യൂനതയിൽ വെളിച്ചം നിറക്കാൻ ആർക്കാണു കഴിയുക?
ഏകനായ, കാരുണ്യവാനായ അള്ളാഹുവിനല്ലാതെ.

Tuesday, January 26, 2010

ഞാനും നീയും

ഞാൻ അഗ്നിപർവ്വതം
പതഞ്ഞുയരുന്ന
ലാവയാണു നീ
പക്ഷെ,
നീ എന്നിൽനിന്നും
ഒഴുകിപ്പോകുമല്ലോ !

ഞാൻ അറബിക്കടൽ
വറ്റിവരണ്ട
നിളയാണു നീ
എന്നിൽ വന്നു ലയിക്കാൻ
പക്ഷെ,
നിനക്കാവില്ലല്ലോ !

ഞാൻ പനിനീർചെടി
വിരിയുന്ന
പൂവ് നീ
പക്ഷെ,
എന്നെ വിട്ടു നീ
കൊഴിഞ്ഞു വീഴുമല്ലോ !

ഞാൻ പകൽ
ജ്വലിക്കുന്ന
സൂര്യനാണു നീ
പക്ഷെ,
എന്നിൽ ഇരുൾ വീശി
നീ മറഞ്ഞു പോകുമല്ലോ!

അഗ്നിപർവ്വതം പുകയുന്നത്
പൊട്ടിത്തെറിക്കാനാണ്
പുഴ ഒഴുകുന്നത്
കടലിൽ ലയിക്കാനാണ്
ചെടികൾ വളരുന്നത്
പൂ വിരിയിക്കാനാണ്
പക്ഷെ,
ഞാൻ മാത്രം
അസ്വസ്ഥനാകുന്നത്
നിന്നെ
എന്നിലൊളിപ്പിക്കാനാണ് !!